17 December, 2019 05:13:13 PM


ശബരിമലയില്‍ വെള്ളം പരിശോധിക്കാന്‍ ആധുനിക സൗകര്യങ്ങളോടെയുള്ള സ്ഥിരം ലാബ്



ശബരിമല : ശബരിമലയില്‍ വെള്ളം പരിശോധിക്കാന്‍ ആധുനിക സൗകര്യങ്ങളോടെയുള്ള സ്ഥിരം ലാബ് സ്ഥാപിച്ചു. മലിനീകരണ നിയന്ത്രണ ബോര്‍ഡാണ് ലാബ് സ്ഥാപിച്ചത്. സ്ഥിരം ലാബിന്റെ ഉദ്ഘാടനം ബോര്‍ഡ് ചെയര്‍മാന്‍ ഡോ. അജിത് ഹരിദാസ് നിര്‍വഹിച്ചു. ബെയ്ലി പാലത്തിന് സമീപമുള്ള മാലിന്യ സംസ്‌കരണ ശാലയിലാണ് പുതിയ ലാബ് സജ്ജീകരിച്ചിട്ടുള്ളത്.


സന്നിധാനത്ത് ആദ്യമായാണ് ജലത്തിന്റെ ശുദ്ധത പരിശോധിക്കുന്നതിന് സ്ഥിരം ലബോറട്ടറി സ്ഥാപിക്കുന്നത്. നേരത്തെ പമ്പയില്‍ മാത്രമാണ് ഇതിനുള്ള സംവിധാനം ഉണ്ടായിരുന്നത്. വിവിധ സ്ഥലങ്ങളില്‍ നിന്ന് ശേഖരിക്കുന്ന ജലത്തിലെ മാലിന്യത്തിന്റെ അളവും വിതരണം ചെയ്യുന്ന ശുദ്ധജലത്തിന്റെ ശുദ്ധിയും പരിശോധിക്കാന്‍ പൂര്‍ണ സംവിധാനമായി.ജില്ലാ പരിസ്ഥിതി എന്‍ജിനീയര്‍ അലക്സാണ്ടര്‍ ജോര്‍ജ്, അസിസ്റ്റന്റ് പരിസ്ഥിതി എന്‍ജിനീയര്‍മാരായ ജെ.ജോസ്മോന്‍, കെ.ആര്‍. അനിഗര്‍, മനോജ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K