15 December, 2019 02:41:24 PM


പൗരത്വ ബില്‍: 17ലെ ഹര്‍ത്താല്‍ പിന്‍വലിച്ചിട്ടില്ലെന്ന് സമരസമിതി നേതാക്കള്‍



കോട്ടയം: പൗരത്വ ഭേദഗതി ബിൽ പിൻവലിക്കണമെന്നും എൻ.ആർ.സി ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഡിസംബർ 17 ചൊവ്വാഴ്ച രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സംസ്ഥാനത്ത് നടത്താൻ നിശ്ചയിച്ചിരുന്ന ഹർത്താല്‍ പിന്‍വലിച്ചിട്ടില്ലെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഫായിസ് അഹമ്മദ്. ഹര്‍ത്താല്‍ പിന്‍വലിച്ചു എന്ന പ്രസ്താവനകള്‍ വ്യാജമാണെന്നും ഇത് ഹര്‍ത്താലില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സംഘടനകളുടെ സൃഷ്ടിയാണെന്നും അദ്ദേഹം 'കൈരളി വാര്‍ത്ത'യോട് പറഞ്ഞു.


മുസ്ലിം ലീഗ്, പിഡിപി, സമസ്ത തുടങ്ങിയ സംഘടനകള്‍ ഹര്‍ത്താലിന് പിന്തുണ നല്‍കുന്നില്ല. മുപ്പതില്‍പരം സംഘടനകളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഇതിനിടെയാണ് ഇവരില്‍ ഏതാനും സംഘടനകള്‍ ഹര്‍ത്താലില്‍ നിന്നും പിന്‍വലിഞ്ഞത്. ഇവരുടെ പ്രതിനിധികള്‍ ഹര്‍ത്താല്‍ പിന്‍വലിച്ചതായ പ്രസ്താവനയുമായി രംഗത്തെത്തി. ഇതോടെ ഹര്‍ത്താല്‍ പിന്‍വലിച്ചു എന്ന് വിവിധ മാധ്യമങ്ങളില്‍ വാര്‍ത്തയും വന്നു.  


രാഷ്ട്രീയ സാമൂഹ്യ സംഘടനകളുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും സംയുക്ത യോഗം ചേര്‍ന്ന് ഹര്‍ത്താല്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതായായിരുന്നു അറിയിപ്പ്.  ഹർത്താൽ നടത്തുന്നതിന് 7 ദിവസം മുമ്പ് കോടതിയിൽ അപേക്ഷ നൽകി അതിനുള്ള അനുമതി ഹൈക്കോടതിയിൽ നിന്ന് ലഭിക്കണമെന്ന നിയമം നിലനിൽക്കുന്നതിനാലാണ് ഹർത്താൽ ഉപേക്ഷിച്ചതെന്നാണ് ഇവര്‍ അറിയിച്ചത്. പൗരത്വത്തിന്‍റെ പേരിൽ നടത്തുന ഹർത്താലിനെതിരെ പല മുസ്ലിം സംഘടനകളും എതിർപ്പ് പ്രകടിപ്പിച്ചിരുന്നുവെന്നും ജനകീയ പിന്തുണ നഷ്ടപ്പെടുമെന്നും യോഗത്തിൽ വിലയിരുത്തിയതിനെ തുടർന്നാണ് ഹർത്താൽ പിൻവലിക്കാൻ തീരുമാനിച്ചതെന്നും പ്രസ്താവനയില്‍ പറയുന്നുണ്ടായിരുന്നു.


വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ, ബി.എസ്.പി, നാഷണൽ ഫിഷ് വർക്കേഴ്സ് ഫോറം, ഡി.എച്ച്.ആര്‍.എം പാര്‍ട്ടി, കേരള മുസ്‍ലിം ജമാഅത്ത് കൗൺസിൽ, സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍, സി.എസ്.ഡി.എസ്, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം, ആദിവാസി വനിതാ പ്രസ്ഥാനം, പോരാട്ടം, കെ.ഡി.പി, ദലിത് എംപവർ മൂവ്മെന്‍റ്, എസ്.ഐ.ഒ, മൈനോറിറ്റി റൈറ്റ്സ് വാച്ച്, ആള്‍ ഇന്ത്യ മില്ലി കൗണ്‍സില്‍, മുസ്‍ലിം കോർഡിനേഷൻ കമ്മിറ്റി, എന്‍ഡിഎല്‍എഫ് തുടങ്ങിയ സംഘടനകളാണ് ഇപ്പോള്‍ ഹര്‍ത്താലിന് പിന്നിലുള്ളത്.


എന്‍.ആർ.സി - പൗരത്വ ഭേദഗതി ബിൽ എന്നിവയ്ക്കെതിരെ കേരളത്തിലെ വിവിധ രാഷ്ട്രീയ പാർട്ടികളുടേയും നവസാമൂഹ്യ പ്രസ്ഥാനങ്ങളുടെയും സംയുക്തയോഗം ആഹ്വാനം ചെയ്ത ഡിസംബർ 17ലെ ഹർത്താലിന് എല്ലാ ജനാധിപത്യ വിശ്വാസികളുടെയും പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് സമരസമിതി നേതാക്കള്‍ അഭ്യര്‍ഥിച്ചു. അതേസമയം, ശബരിമല തീർത്ഥാടകർക്ക് യാതൊരു വിധ അസൗകര്യങ്ങളും ഉണ്ടാകില്ലെന്നും അന്ന് നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിനോ മറ്റ് അടിയന്തിര ആവശ്യങ്ങൾക്കോ ഒരു തടസ്സവുമുണ്ടാകില്ലെന്നും ഭരാവാഹികള്‍ പറഞ്ഞു. 






Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 14.6K