14 December, 2019 02:16:28 PM


ജല അതോറിറ്റി കുഴിച്ചു; പണി കിട്ടിയത് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക്



കൊച്ചി: റോഡില്‍ ജല അതോറിറ്റി കുഴിയെടുത്തതിന് പണി കിട്ടിയത് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക്. എറണാകുളം–- ആലുവ റോഡിൽ പാലാരിവട്ടം മെട്രോ സ്റ്റേഷനടുത്ത്‌ ജല അതോറിററി കുഴിച്ച കുഴിയിൽവീണ്‌ യുവാവ്‌ മരിച്ച സംഭവത്തിൽ നാല്‌ പൊതുമരാമത്ത്‌ നിരത്തുവിഭാഗം എൻജിനിയർമാരെയാണ് ഇന്നലെ സസ്‌പെൻഡ് ചെയ്തത്. കുഴിയുടെ സമീപം അപകടമുന്നറിയിപ്പ്‌ ബോർഡ്‌ സ്ഥാപിക്കുകയും ബാരിക്കേഡ്‌ നിർമിക്കുകയും ചെയ്തില്ല എന്ന കാരണത്തിനാണ് എറണാകുളം നിരത്ത് ഉപവിഭാഗം അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എൻജിനിയർമാരായ സൂസൻ സോളമൻ തോമസ്‌,   ഇ പി സൈനബ , അസിസ്റ്റന്‍റ് എൻജിനിയർമാരായ   കെ എൻ സുർജിത്‌, ടി കെ ദീപ എന്നിവരെ സസ്‌പെൻഡ്‌ ചെയ്യാൻ പൊതുമരാമത്ത്മന്ത്രി ജി സുധാകരൻ നിർദേശിച്ചത്‌.   


ജലഅതോറിറ്റിയുടെ പൈപ്പ്‌ ലൈനിൽ ചോർച്ചയെ തുടർന്നാണ്‌ റോഡിൽ കുഴി രൂപപ്പെട്ടത്‌. ഈ കുഴി ജല അതോറിറ്റി മൂടിയില്ല. എന്നാൽ കുഴിയുടെ സമീപം അപകടമുന്നറിയിപ്പ്‌ ബോർഡ്‌ സ്ഥാപിക്കുകയോ ബാരിക്കേഡ്‌ നിർമിക്കുകയോ ചെയ്തില്ല. ഇത് പൊതുമരാമത്ത് നിരത്തുവിഭാഗത്തിന്‍റെ ഉത്തരവാദിത്വമാണെന്നാണ് പറയുന്നത്. സംഭവം വിശദമായി അന്വേഷിക്കുന്നതിന് പൊതുമരാമത്ത്  ഡെപ്യൂട്ടി ചീഫ് എൻജിനിയറെ (വിജിലൻസ്‌) ചുമതലപ്പെടുത്തി. മാത്രമല്ല,  റോഡുകളിൽ അപകടരമായ സാഹചര്യമുണ്ടായാൽ ഉടൻ മുന്നറിയിപ്പ് ബോർഡും ബാരിക്കേഡും സ്ഥാപിച്ച് അപകടം  ഒഴിവാക്കണമെന്ന് സംസ്ഥാനത്തെ  മുഴുവൻ എൻജിനിയർമാർക്കും മന്ത്രി ജി സുധാകരൻ നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K