14 December, 2019 02:16:09 AM


കോട്ടയം ജില്ലയിൽ എല്ലാ ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകയും ഐഎസ് ഓ നിലവാരത്തിൽ; രാജ്യത്തിന് മാതൃകയെന്ന് മന്ത്രി എ.സി. മൊയ്തീന്‍


കോട്ടയം: എല്ലാ ബ്ലോക്ക് പഞ്ചായത്തുകളും ഗ്രാമപഞ്ചായത്തുകളും  ഐ.എസ്.ഒ നിലവാരം കൈവരിച്ച കോട്ടയം ജില്ല  രാജ്യത്തിനാകെ മാതൃകയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായത്തുകളും ഐ.എസ്.ഒ. നിലവാരം കൈവരിച്ചതു സംബന്ധിച്ച  പ്രഖ്യാപനം  വാഴൂരില്‍ നിര്‍വഹിക്കുകയായിരുന്നു  അദ്ദേഹം.
സംസ്ഥാനത്തെ എല്ലാ ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളും സമയബന്ധിതമായി ഐ.എസ്.ഒ നിലവാരത്തില്‍ എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.  116 ബ്ലോക്ക് പഞ്ചായത്തുകളും 800 ഗ്രാമപഞ്ചായത്തുകളും ഇതിനോടകം ഈ നേട്ടം കൈവരിച്ചിട്ടുണ്ട്.
പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം വേഗത്തില്‍ ലഭ്യമാക്കാനും ജീവനക്കാരുടെ അധ്വാനഭാരം കുറയ്ക്കാനും ലക്ഷ്യമിട്ടാണ് തദ്ദേശഭരണ സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കുന്നത്. പഞ്ചായത്തുകളുടെ പ്രവര്‍ത്തനത്തില്‍ സമീപ കാലത്തുണ്ടായ പുരോഗമനപരമായ മാറ്റത്തില്‍ ജനപ്രതിനിധികള്‍ക്കും ജീവനക്കാര്‍ക്കും നിര്‍ണായക പങ്കുണ്ട്-അദ്ദേഹം പറഞ്ഞു. 
വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്തുകള്‍ക്കുള്ള അനുമോദന പത്രം ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ കൈമാറി. ഡോ.എന്‍. ജയരാജ് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പൗരാവകാശ രേഖ പ്രകാശനം ചെയ്തു. 150 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ തൊഴിലുറപ്പ് തൊഴിലാളികളെ സംസ്ഥാന ഗ്രാമവികസന കമ്മീഷണര്‍ എന്‍. പത്മകുമാര്‍ ആദരിച്ചു.
ജില്ലാ ആസൂത്രണ സമിതിയിലെ സര്‍ക്കാര്‍ നോമിനി വി.പി. റെജി, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ പി.എസ്. ഷിനോ, എ.ഡി.സി(ജനറല്‍) ജി. അനീസ് തുടങ്ങിയവര്‍ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K