13 December, 2019 09:30:46 PM


ജോസ് കെ മാണിക്ക് വീണ്ടും തിരിച്ചടി; 29 നേതാക്കളെ സസ്പെന്‍ഡ് ചെയ്തതിനെതിരെ നല്‍കിയ ഹര്‍ജിയും കോടതി തള്ളി



കോട്ടയം: തിരിച്ചടികള്‍ക്ക് പിന്നാലെ തിരിച്ചടികളിലേക്ക് ജോസ് കെ മാണി വിഭാഗം. പാര്‍ട്ടി അച്ചടക്കം ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടി 29 നേതാക്കളെ പി ജെ ജോസഫ് സസ്പെന്‍ഡ് ചെയ്തിരുന്നു. ഈ സസ്പെന്‍ഷന്‍ നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ജോസ് വിഭാഗം നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. കോട്ടയം മുന്‍സിഫ് കോടതിയാണ് ജോസ് വിഭാഗം എറണാകുളം ജില്ലാ പ്രസിഡന്‍റ് നല്‍കിയ ഹര്‍ജി തള്ളിയത്.


നേതാക്കളെ സസ്പെന്‍ഡ് ചെയ്യാന്‍ ജോസഫിന് അംഗീകാരമില്ല എന്നതായിരുന്നു ജോസ് വിഭാഗത്തിന്‍റെ വാദം. ചെലവ് സഹിതമാണ് കോടതി ഹര്‍ജി തള്ളിയത്. ജോസഫ് വിഭാഗം സ്റ്റിയറിങ് കമ്മിറ്റി യോഗം വിളിച്ചതിനെതിരെ നല്‍കിയ ഹര്‍ജിയും കോടതി തള്ളി. നാളെ സംസ്ഥാന കമ്മിറ്റി ചേരാനിരിക്കെയാണ് ജോസ് കെ മാണി വിഭാഗത്തിന് കോടതിയില്‍ നിന്ന് വീണ്ടും തിരിച്ചടിയുണ്ടായത്. 


സ്റ്റീഫന്‍ ജോര്‍ജ്, ജോബ് മൈക്കിള്‍, കെ.ഐ ആന്‍റണി തുടങ്ങി 29 നേതാക്കളെ പുറത്താക്കിയതിനെതിരെ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. നേരത്തെ ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്ത സംസ്ഥാന കമ്മിറ്റി കമ്മിറ്റി തീരുമാനം ഇടുക്കി സബ് കോടതി തള്ളിയിരുന്നു. തദ്ദേശ സ്വയം ഭരണ വാര്‍ഡുകളിലെ ഉപതിരഞ്ഞെടുപ്പുകളില്‍ ചിഹ്നത്തിനുവേണ്ടി ജോസഫും ജോസും നേരിട്ട് ഏറ്റുമുട്ടിയപ്പോഴും വിജയം ജോസഫിനൊപ്പം ആയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K