13 December, 2019 04:08:44 PM


മറ്റൊരു കലാപം ആഗ്രഹിക്കുന്നില്ല: ശബരിമല വിഷയത്തില്‍ തത്കാലം ഇടപെടില്ലെന്ന് സുപ്രീംകോടതി



ദില്ലി: ശബരിമല വിഷയത്തില്‍ തത്കാലം ഇടപെടില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ. ശബരിമലയില്‍ പോകാന്‍ പോലീസ് സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് രഹ്മ ഫാത്തിമയും ശബരിമലയില്‍ യുവതി പ്രവേശനം സാധ്യമാക്കി ഉത്തരവിടണമെന്ന് ബിന്ദു അമ്മിണിയും നല്‍കിയ ഹര്‍ജിയില്‍ ഇന്നു സുപ്രീം കോടതി നടത്തിയത് വിശ്വാസികള്‍ക്ക് ആശ്വാസമായുള്ള കൃത്യതയോടെയുള്ള ഇടപെടല്‍.എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ ശബരിമല ക്ഷേത്രത്തിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കുന്ന വിധി സ്റ്റേ ചെയ്തിട്ടില്ലെന്ന് സമ്മതിക്കുമ്പോഴും ശബരിമല സന്നിധാനം സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കാനുള്ള ഉത്തരവ് നല്‍കേണ്ടെന്ന് സുപ്രീം കോടതി തീരുമാനിച്ചു.


വളരെ വൈകാരികമായ ഒരു അന്തരീക്ഷമാണ് ശബരിമലയിലുള്ളത്. സംഘര്‍ഷാവസ്ഥ ആഗ്രഹിക്കുന്നില്ല. ആത്യന്തികമായി നിങ്ങള്‍ക്കനുകൂലമായ സാഹചര്യം ഉണ്ടായാലേ സംരക്ഷണം നല്‍കാനാകൂവെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. രഹ്ന ഫാത്തിമയ്ക്കു വേണ്ടി അഡ്വ. കോളിന്‍ ഗോണ്‍സാല്‍വസും ബിന്ദു അമ്മിണിക്ക് വേണ്ടി ഇന്ദിര ജയ്‌സിങ്ങുമാണ് സുപ്രീം കോടതിയില്‍ ഹാജരായത്. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ, ജസ്റ്റിസ്മാരായ ബി.ആര്‍. ഗവായ്, സൂര്യ കാന്ത് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K