13 December, 2019 12:08:01 PM


'കഞ്ചാവ് സേട്ട്' പിടിയില്‍: സംസ്ഥാനത്തെ കഞ്ചാവ് മൊത്തവ്യാപാരികളില്‍ പ്രമുഖന്‍ തൃപ്പൂണിത്തുറയില്‍ പിടിയില്‍




തൃപ്പൂണിത്തുറ: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഞ്ചാവ് മൊത്തമായി വിതരണം ചെയ്തുവന്നിരുന്ന യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ബിജുമോന്‍ (36) ആണ് തൃപ്പൂണിത്തുറ ഉദയംപേരൂര്‍ നടക്കാവ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നില്‍ നിന്നും എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. പിടിക്കപ്പെടുമ്പോള്‍ ഇയാളുടെ പക്കല്‍ ഒന്നര കിലോ കഞ്ചാവുണ്ടായിരുന്നു.

വിവിധ ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യുന്ന ഇയാള്‍ ആന്ധ്രാ, തമിഴ്‌നാട്, ഒറീസ തുടങ്ങിയ അന്യസംസ്ഥാനകഞ്ചാവ് ലോബിയുമായി കേരളത്തിലെ വിതരണക്കാരെ പരിചയപ്പെടുത്തുന്ന പ്രധാന കണ്ണിയാണിയാള്‍. പ്രധാനമായും കോളേജ്, സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയും ഹോസ്റ്റലുകളെയും ലക്ഷ്യം വെച്ചാണ് കേരളത്തിലെ ഇയാളുടെ കച്ചവടം. വയറ്റിലും കാലിലും കെട്ടിവെച്ചാണ് ഇയാള്‍ കഞ്ചാവ് കടത്തുന്നത്. ആന്ധ്രയില്‍ നിന്നും മറ്റും എത്തിക്കുന്ന കഞ്ചാവ് അഞ്ചിരട്ടി വിലയ്ക്കാണ് ഇയാള്‍ കേരളത്തില്‍ വില്‍ക്കുന്നത്.

ആന്ധ്രയില്‍നിന്നും ലോറിയില്‍ കഞ്ചാവ് കടത്തിയതിന് ഇയാളുടെ പേരില്‍ കേസുള്ളതാണ്. കഞ്ചാവ് കച്ചവടക്കാര്‍ക്കിടയില്‍ സേട്ട് എന്നറിയപ്പെടുന്ന ഇയാളെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബിജു വര്‍ഗീസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രിവന്‍റീവ് ഓഫീസര്‍മാരായ ഡെന്നി റാഫേല്‍, സതീശന്‍, രതീഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശ്യാംകുമാര്‍, ബിജോ പി ജോര്‍ജ്, ജോമോന്‍, ധനേഷ്, വനിതാ സിവില്‍ ഓഫീസര്‍ റസീന എന്നിവരും സംഘത്തിലുണ്ടായിരുന്നു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K