12 December, 2019 06:24:29 PM


ലൈംഗിക പീഡനക്കേസുകളില്‍ ആറ് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണം: ഹൈക്കോടതികള്‍ക്ക് കേന്ദ്രത്തിന്‍റെ കത്ത്



ന്യൂഡല്‍ഹി: പോക്‌സോ കേസുകള്‍ ഉള്‍​പ്പെടെയുള്ള ലൈംഗിക പീഡനക്കേസുകളില്‍ ആറ് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതികളോട് കേന്ദ്ര നിര്‍ദ്ദേശം. ഉന്നാവ്, ഹൈദരാബാദ് പീഡനങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. ലൈംഗിക പീഡനക്കേസുകളില്‍ വിചാരണാ നടപടികള്‍ വേഗത്തിലും കാര്യക്ഷമവുമായി നടത്താന്‍ രാജ്യവ്യാപകമായി 1,023 അതിവേഗ കോടതികള്‍ ആരംഭിക്കുമെന്ന് രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി.

ഇത് സംബന്ധിച്ച്‌ കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ക്ക് കത്തയച്ചു. ഇത്തരം കേസുകളില്‍ രണ്ട് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് നിര്‍ദ്ദേശിച്ച്‌ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കും നിയമമന്ത്രി കത്തയച്ചു. നിലവില്‍ 700 അതിവേഗ കോടതികള്‍ രാജ്യത്ത് സ്ഥാപിച്ചിട്ടുണ്ട്. പുതുതായി പ്രഖ്യാപിച്ചിരിക്കുന്ന കോടതികള്‍ കൂടി വരുന്നതോടെ രാജ്യത്തെ അതിവേഗ കോടതികളുടെ എണ്ണം 1723 ആയി വര്‍ദ്ധിക്കും.

ഹൈദരാബാദില്‍ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന ശേഷം ഇരയെ തീകൊളുത്തിയ സംഭവം കടുത്ത പ്രതിഷേധങ്ങളിലേക്ക് നയിച്ചിരുന്നു. ഉന്നാവിലും സമാനമായ സംഭവമാണ് നടന്നത്. ബലാത്സംഗത്തിന് ശേഷം പ്രതികള്‍ തീകൊളുത്തിയ പെണ്‍കുട്ടി ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. നിര്‍ഭയ കേസിലെ പ്രതികളെ ഇനിയും തൂക്കി കൊന്നിട്ടില്ലാത്തതും വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K