11 December, 2019 07:39:39 PM


അതിരമ്പുഴയില്‍ ബസും ഓട്ടോയും ഉള്‍പ്പെടെ അഞ്ച് വാഹനങ്ങളുടെ കൂട്ടയിടി: ഏഴോളം പേര്‍ക്ക് പരിക്ക്



അതിരമ്പുഴ: കുന്നേൽ ജംഗ്ഷന് സമീപം സ്വകാര്യ ബസും, ഓട്ടോയും, മൂന്ന് ഇരുചക്രവാഹനങ്ങളും കൂട്ടി ഇടിച്ച് ഏഴോളം പേർക്ക് പരിക്ക്. ബസ് യാത്രക്കാരായ കറുകച്ചാൽ ചെമ്പൻപതാലിൽ ജയന്തി (32), പകലോമറ്റം ചാമ്മക്കകോരത്ത് തങ്കമ്മ (62), കടുത്തുരുത്തി വള്ളിയാമ്പറമ്പിൽ അശ്വൻ (20), ഓട്ടോ ഡ്രൈവറായ എസ്‌.എച്ച് മൗണ്ട് കൊട്ടരപ്പറമ്പിൽ ജോസ് (48) എന്നിവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല.


ഇന്ന് വൈകുന്നേരം 4.30 ഓടെയായിരുന്നു അപകടം. കോട്ടയം ഭാഗത്ത്‌നിന്നും വന്ന ബസ്സ്‌ റോഡിൽ പാർക്ക് ചെയ്തിരുന്ന ആക്ടിവയെ മറികടക്കുന്നതിനിടയിൽ എതിരെ വന്ന ഓട്ടോയുടെ മുകളിൽ ഇരുന്ന പ്ലൈവുഡിൽ ഇടിക്കുകയും തുടർന്ന് ഇടിയുടെ അഘാതത്തിൻ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ സമീപത്ത് പാർക്ക് ചെയ്ത മറ്റ് രണ്ട് ഇരുചക്രവാഹനങ്ങളുടെ ഇടയിലേക്ക് പാഞ്ഞ് കയറുകയുമായിരുന്നു.


ഇതിനിടയിൽ വെട്ടിച്ച ബസ് റോഡിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിൽ ഇടിച്ചു. സ്കൂട്ടർ 20 മീറ്ററോളം വലിച്ച് നീക്കിയാണ് ബസ്സ്‌ നിന്നത്. പ്രദേശത്ത് റോഡിന് ആവശ്യമായ വീതി ഇല്ലാത്തതും വീതി കുറഞ്ഞ റോഡിലൂടെ ബസുകളുടെ മരണപാച്ചിലും ഈ റൂട്ടില്‍ അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നത് നിത്യസംഭവമാണ്. ഇടിയുടെ ആഘാതത്തില്‍ ബൈക്കിലിരുന്ന ഹെല്‍മെറ്റ് തെറിച്ച് അടുത്ത തോട്ടില്‍ വീണു. ഏറ്റുമാനൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K