11 December, 2019 04:11:03 PM


ബംഗാളിയുടെ പേരിലെത്തുന്നത് ബംഗ്ലാദേശികളും ക്രിമിനലുകളും: പോലീസ് കണ്ണടയ്ക്കുന്നു; കേരളം വന്‍ ഭീഷണിയില്‍




കോട്ടയം: പൊലീസിനെയും സര്‍ക്കാരിനെയും വെല്ലുവിളിച്ച്‌ ബംഗ്ലാദേശികളും ക്രിമിനലുകളായ അന്യസംസ്ഥാനക്കാരും കേരളത്തില്‍ തമ്പടിക്കുന്നു. കേരളത്തില്‍ എവിടെയെത്തിയാലും ഐ.ഡി കാര്‍ഡോ ആധാര്‍ കാ‌ര്‍ഡോ ഹാജരാക്കി പേരും വിലാസവും സ്വമേധയാ പൊലീസ് സ്റ്റേഷനുകളിലെത്തി രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിയമം. ജോലിക്കായി കൊണ്ടുവരുന്ന കോണ്‍ട്രാക്ടര്‍മാര്‍ക്കും ഇതിന് ഉത്തരവാദിത്വമുണ്ട്. എന്നാല്‍ ജോലിക്കായി എത്തിയിരിക്കുന്നവരോ കോണ്‍ട്രാക്ടര്‍മാരോ ഇതിന് മെനക്കെടാറില്ല. ഫലമോ, അന്യസംസ്ഥാന തൊഴിലാളികളുടെ മറവില്‍ കേരളത്തിലെത്തുന്ന ബംഗ്ലാദേശികളും മറ്റും മലയാളികളുടെ ജീവനുതന്നെ വെല്ലുവിളി ഉയര്‍ത്തുകയാണ്.


ക്രമാതീതമായി അന്യസംസ്ഥാന തൊഴിലാളികള്‍ തമ്പടിക്കുന്നതോടെ ഒരു പ്രദേശമാകെ ദുരിതപൂരിതമാകുന്നു എന്നതാണ് നിലവിലെ അവസ്ഥ. നൂറ് സ്ക്വയര്‍ ഫീറ്റുള്ള ഒരു മുറിയില്‍ കഴിയുന്നത് പത്തു പേര്‍. അഞ്ഞൂറും അറുന്നൂറും പേര്‍ താമസിക്കുന്ന ലയങ്ങള്‍ കോട്ടയം ജില്ലയിലുണ്ട്. ഭക്ഷണം പാകം ചെയ്യുന്നത് അന്തിയുറങ്ങുന്ന മുറിയില്‍തന്നെ. മലമൂത്ര വിസര്‍ജ്ജനത്തിനായി ഇവര്‍ ഉപയോഗിക്കുന്നത് ഒറ്റക്കുഴി കക്കൂസും. ചങ്ങനാശേരിക്ക് സമീപം പായിപ്പാട്ട് മാത്രം ഇത്തരത്തില്‍ കാല്‍ലക്ഷത്തിലധികം പേരാണ് കഴിയുന്നത്. ഇതോടെ മാലിന്യം പരിസരമാകെ പടരുകയാണ്. സമീപത്തുള്ള വീടുകളിലെ കിണറുകളും കുളങ്ങളും തോടുകളും ബാക്ടീരിയ കൊണ്ട് നിറയുകയാണ്. ഇതിനെതിരെ പഞ്ചായത്ത് അധികൃതരോ രാഷ്ട്രീയക്കാരോ ചെറുവിരല്‍പോലും അനക്കുന്നില്ല.

പെരുമ്പാവൂരില്‍ അരലക്ഷം

കേരളത്തില്‍ അന്യസംസ്ഥാനക്കാരും ബംഗ്ലാദേശികളും കൂടുതല്‍ എത്തിയിട്ടുള്ളത് പെരുമ്പാവൂരിലാണ്. അര ലക്ഷത്തോളം പേരാണ് പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറികളിലും മറ്റുമായി ജോലിചെയ്യുന്നത്. അടുത്തിടെയിടെയാണ് ബംഗ്ലാദേശി ഇവിടെയൊരു സ്ത്രീയെ പീഡിപ്പിച്ചശേഷം തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയത്. ചങ്ങനാശേരി തൃക്കൊടിത്താനത്താവട്ടെ, താമസിച്ചിരുന്ന വീട്ടിലെ ഒരാളെ ക്രൂരമായി കൊലപ്പെടുത്തിയത് ബംഗ്ലാദേശുകാരനാണ്. ഇതോടെയാണ് ബംഗ്ലാദേശികള്‍ കേരളത്തില്‍ കൂടുതലായി എത്തിയിട്ടുണ്ടെന്ന വിവരം പുറത്തായത്. ഇതേതുടര്‍ന്നാണ് അന്യസംസ്ഥാനക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ ഐ.ഡി കാര്‍ഡുകള്‍ കൂടാതെ വിരലടയാളവും രേഖപ്പെടുത്താന്‍ ഡി.ജി.പി ഉത്തരവായത്. പൊലീസ് യജ്ഞം ആരംഭിച്ചെങ്കിലും എല്ലാവരെയും കണ്ടെത്താനോ വിവരങ്ങള്‍ ശേഖരിക്കാനോ അവര്‍ക്കാവുന്നില്ല. വെളുപ്പിന് താമസസ്ഥലത്തുനിന്നും പണിക്ക് പോവും. വരുന്നതോ രാത്രി എപ്പോഴെങ്കിലും. മദ്യപിച്ച്‌ ലക്കുകെട്ടാവും കൂടുതല്‍ ആളുകളും തിരിച്ചെത്തുക.

തലവേദനയായി കൂടുമാറ്റം

ഒരു ദിവസം 75 പേരില്‍നിന്നു മാത്രമേ ഒരു പൊലീസ് സംഘത്തിന് വിവരം ശേഖരിക്കാനാവുകയുള്ളു. വിരലടയാളവും ഫോട്ടോയും എടുത്ത് രജിസ്റ്ററില്‍ രേഖപ്പെടുത്തിയശേഷം പിറ്റേ ദിവസം ക്യാമ്പില്‍ പൊലീസ് എത്തുമ്പോള്‍ കോട്ടയം ജില്ലയില്‍ നിന്നുതന്നെ അവര്‍ മാറിയിരിക്കും. ആലപ്പുഴയിലേക്കോ കോഴിക്കോട്ടേയ്ക്കോ ആയിരിക്കും പോവുക. ആ സ്ഥാനത്ത് പുതിയതായി മറ്റൊരാള്‍ എത്തിയിരിക്കും. അയാളുടെയും വിശദവിവരങ്ങള്‍ രേഖപ്പെടുത്താന്‍ പൊലീസ് നിര്‍ബന്ധിതരായിരിക്കുകയാണ്. ഒരു മാസത്തില്‍ കൂടുതല്‍ ഒരു സ്ഥലത്ത് ഇവര്‍ തങ്ങാറില്ലാത്തതാണ് പൊലീസ് അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം.

ബംഗ്ലാദേശില്‍ നിന്നും എത്തുന്നവരില്‍ മന്തു രോഗികള്‍ ഏറെയാണ്. ഇതും ആരോഗ്യമേഖലയില്‍ വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. കൂടാതെ കേരളീയരായ പെണ്‍കുട്ടികളെ വശത്താക്കി വിവാഹം കഴിച്ചശേഷം ഒന്നോ രണ്ടോ കുട്ടികളാവുമ്പോള്‍ ഉപേക്ഷിച്ച്‌ സ്ഥലം വിടുന്നതും പതിവായിട്ടുണ്ട്.

തൃക്കൊടിത്താനത്ത് റബര്‍തോട്ടത്തിന്‍റെ നടുവിലും മറ്റും ഷീറ്റിട്ട് തകരം കൊണ്ട് മറച്ച്‌ ഇതരസംസ്ഥാനക്കാര്‍ക്ക് വാടകയ്ക്ക് കൊടുക്കുന്ന പ്രവണത വര്‍ദ്ധിച്ചിരിക്കയാണ്. ഒരാളില്‍ നിന്ന് ഒരു മാസം വാങ്ങുന്നത് 1,500 മുതല്‍ 2,000 രൂപവരെയാണ്. 500പേര്‍ താമസിക്കുന്ന ഇത്തരത്തിലുള്ള ലയങ്ങള്‍ പായിപ്പാട്ടുണ്ട്. ഒരു ലക്ഷം രൂപവരെ പ്രതിമാസം കൈപ്പറ്റുന്നവരുണ്ട് ഇവിടെ. നിയമങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് പാര്‍പ്പിടങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഇന്നാട്ടുകാരായ ''കെട്ടിട" ഉടമകള്‍ക്ക് എല്ലാവിധ സഹായങ്ങളും ചെയ്തുകൊടുക്കുന്നതാകട്ടെ രാഷ്ട്രീയക്കാരും പഞ്ചായത്ത് അധികൃതരുമാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K