10 December, 2019 05:59:35 PM


ദില്ലി ഒരു ഗ്യാസ് ചേമ്പര്‍; പിന്നെന്തിന് വധശിക്ഷ: വിചിത്ര വാദവുമായി നിര്‍ഭയ പ്രതിയുടെ പുനഃപരിശോധന ഹര്‍ജി



ദില്ലി: നിര്‍ഭയ കേസില്‍ വധശിക്ഷ വിധിച്ചതിനെതിരെ പ്രതികളിലൊരാള്‍ സുപ്രീം കോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കി. അക്ഷയ് സിങ് ഠാക്കൂറാണ് പുനഃപരിശോധന ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. നിര്‍ഭയ കേസില്‍ തനിക്കെതിരെ ശിക്ഷ വിധിച്ചതില്‍ തെറ്റുണ്ടെന്നാണ് അക്ഷയ് സിങ് ഠാക്കൂറിന്‍റെ പ്രധാന ആരോപണം. മാത്രമല്ല, വധശിക്ഷ പല രാജ്യങ്ങളും റദ്ദാക്കിയ ശിക്ഷാരീതിയാണെന്നും ഇയാള്‍ ചൂണ്ടിക്കാണിക്കുന്നു.

ദില്ലിയിലെ വായു മലിനീകരണം അടക്കം പ്രതിപാദിച്ചുള്ളതാണ് പ്രതിയുടെ പുനഃപരിശോധന ഹര്‍ജി. വായു മലിനീകരണം കാരണം ദില്ലി ഒരു ഗ്യാസ് ചേമ്പറായി മാറിയിരിക്കുന്നു. ഇവിടുത്തെ വെള്ളം മുഴുവന്‍ വിഷാംശം നിറഞ്ഞതാണ്. ദില്ലിയില്‍ എന്താണ് സംഭവിക്കുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. ഇതുകാരണം ആയുര്‍ദൈര്‍ഘ്യം കുറഞ്ഞുവരികയാണ്. ഈ ചെറിയ ജീവിതം വീണ്ടും ചെറുതായിക്കൊണ്ടിരിക്കുന്നു. പിന്നെ എന്തിനാണ് വധശിക്ഷയെന്നും ഹര്‍ജിയില്‍ ചോദിക്കുന്നു.

അതേസമയം, പുനഃപരിശോധന ഹര്‍ജി നല്‍കുന്നതിലൂടെ നിര്‍ഭയ കേസില്‍ വധശിക്ഷ നടപ്പാക്കുന്നത് വൈകിപ്പിക്കാനുള്ള നീക്കമാണെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തല്‍. അക്ഷയ് സിങ് ഠാക്കൂര്‍, മുകേഷ് സിങ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ എന്നിവരാണ് നിര്‍ഭയ കേസില്‍ വധശിക്ഷ കാത്ത് കഴിയുന്ന പ്രതികള്‍. ഇവരില്‍ അക്ഷയ് സിങ് ഒഴികെയുള്ള പ്രതികള്‍ നേരത്തെ പുനഃപരിശോധന ഹര്‍ജി നല്‍കിയിരുന്നെങ്കിലും സുപ്രീംകോടതി തള്ളിയിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K