09 December, 2019 02:10:19 PM


കാട്ടുതേനും കദളിക്കുലകളുമായി അഗസ്ത്യാര്‍ കൂടത്തില്‍നിന്നെത്തിയ കാടിന്‍റെ മക്കള്‍ അയ്യപ്പ സന്നിധിയില്‍



ശബരിമല: കാട്ടുതേനും കദളിക്കുലകളുമായി അഗസ്ത്യാര്‍ കൂടത്തില്‍നിന്നെത്തിയ കാടിന്‍റെ മക്കള്‍ കാനനവാസനെ ദര്‍ശിച്ച്‌ സായൂജ്യം നേടി. തിരുവനന്തപുരം ജില്ലയിലെ അഗസ്ത്യാര്‍കൂട പര്‍വത പ്രദേശങ്ങളിലെ ഉള്‍ക്കാടുകളില്‍ വസിക്കുന്ന ഗോത്രവിഭാഗമായ കാണിക്കാരുടെ 101 പേരടങ്ങുന്ന സംഘമാണ് അയ്യപ്പസ്വാമി ദര്‍ശനത്തിനായി ശനിയാഴ്ച രാത്രി 10.30ഓടെ എത്തിയത്. കന്നി സ്വാമിയായി ഊരു മൂപ്പന്‍ മാതേയന്‍ കാണിയും സംഘവും പതിനെട്ടാംപടി കയറിയെത്തി കാഴ്ച വസ്തുക്കള്‍ അയ്യപ്പന് സമര്‍പ്പിച്ചു.

പൂര്‍വാചാര പ്രകാരം മുളംകുറ്റിയില്‍ നിറച്ച കാട്ടുചെറുതേന്‍, കാട്ടില്‍ വിളഞ്ഞ കദളിക്കുല, കരിമ്പ്, കാട്ടുകുന്തിരിക്കം, മുളയിലും ചൂരലിലും ഈറ്റയിലും വ്രതശുദ്ധിയോടെ നെയ്‌തെടുത്ത പൂക്കൂടകള്‍, പെട്ടികള്‍ തുടങ്ങിയ വനവിഭവങ്ങളുമായാണ് സംഘം എത്തിയത്. സ്ത്രീകളും പുരുഷന്‍മാരും അടങ്ങുന്ന സംഘത്തില്‍ ഏഴ് വയസ്സുള്ള ബാലിക മുതല്‍ 70 വയസ്സ് വരെയുള്ളവരുണ്ട്. കോട്ടൂര്‍ മുണ്ടണി മാടന്‍ തമ്പുരാന്‍ ക്ഷേത്ര ട്രസ്റ്റി ആര്‍. വിനോദ്കുമാറാണ് സംഘത്തെ നയിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K