09 December, 2019 08:46:53 AM


ഏഴാം വയസില്‍ പൊലിഞ്ഞ മകന് 'പിറന്നാള്‍ സമ്മാനം'; 7 നിര്‍ധന യുവതികള്‍ക്ക് മംഗല്യഭാഗ്യം



കൊച്ചി: അകാലത്തില്‍ പൊലിഞ്ഞ മകന്‍റെ ഓര്‍മക്കായി ഏഴ് നിര്‍ധന യുവതികള്‍ക്ക് മാംഗല്യഭാഗ്യമൊരുക്കി ഒരു കുടുംബം. കൊച്ചി വൈപ്പിന്‍ സ്വദേശി ആന്‍റണിയും കുടുംബവുമാണ് മകന്‍റെ ഇരുപതാം പിറന്നാളിന് സമൂഹവിവാഹമൊരുക്കിയത്.  വൈപ്പിന്‍ ഓച്ചന്തുരുത്തുവളപ്പ് നിത്യസഹായമാതാ പള്ളിയില്‍ ഏഴു വധൂവരന്‍മാര്‍ക്കായി മുവങ്ങിയ ഈ മംഗല്യമേളത്തിന് പ്രത്യേകതകള്‍ ഏറെ.


ഏഴുവര്‍ഷം കാത്തിരുന്ന് കിട്ടിയ മകനെ ഏഴാം  വയസില്‍ മരണം തട്ടിയെടുത്തപ്പോള്‍, അവന്‍റെ പിറന്നാള്‍ ജീവകാരുണ്യം കൊണ്ട്  ആഘോഷിക്കാനായിരുന്നു ആന്‍റണിയുടെയും കുടുംബത്തിന്‍റെയും തീരുമാനം. ഓര്‍മ്മകളില്‍ നിറഞ്ഞുനില്‍ക്കുന്ന മകന്‍ അമിത്തിന്‍റെ മുടക്കമില്ലാതെ തുടരുന്ന പിറന്നാള്‍ ആഘോഷത്തില്‍ ഇത്തവണ ഏഴ് നിര്‍ധന യുവതികളുടെ  വിവാഹം നടത്തിയാണ് ഈ ദമ്പതികള്‍ മാതൃകയായത്.


ദേവാലയത്തില്‍നിന്ന് തിരഞ്ഞെടുത്ത ഏഴു പേര്‍ക്കും ഏഴു പവന്‍ സ്വര്‍ണവും, മന്ത്രകോടിയും നല്‍കി. കൊച്ചി മെത്രാന്‍ ഡോ. ജോസഫ് കരിയിലില്‍ വിവാഹങ്ങള്‍ക്ക് കാര്‍മികത്വം വഹിച്ചു.  വിവാഹത്തിന്‍റെ ഭാഗമായി രണ്ടായിരം പേര്‍ക്കുള്ള സദ്യയും ഒരുക്കിയിരുന്നു. വേദിയില്‍വച്ച് മകന്‍  അമിത്തിന്‍റെ പിറന്നാള്‍ കേക്കും മുറിച്ചു. ഇതിലും നല്ല സമ്മാനം ആ മകന് കിട്ടാനില്ലെന്നായിരുന്നു ഏവരും അഭിപ്രായപ്പെട്ടത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K