06 December, 2019 04:10:24 PM


നിര്‍ഭയ കേസ്; പ്രതി വിനയ് ശര്‍മയുടെ ദയാഹര്‍ജി തളളണമെന്ന് രാഷ്ട്രപതിയോട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം



ന്യൂഡല്‍ഹി: നിര്‍ഭയക്കേസിലെ പ്രതി വിനയ് ശര്‍മയുടെ ദയാഹര്‍ജി തളളണമെന്ന് കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് പ്രതിയുടെ ഹര്‍ജി തളളണമെന്ന ശുപാര്‍ശ നല്‍കിയിരിക്കുന്നത്. വധശിക്ഷ കാത്ത് കഴിയുന്ന നാലുപ്രതികളില്‍ വിനയ് ശര്‍മ മാത്രമാണ് രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയിരുന്നത്.

പോക്‌സോ കേസുകളില്‍ ദയാഹര്‍ജി ഒഴിവാക്കണമെന്നും ബലാത്സംഗക്കേസിലെ പ്രതികളോട് ദയ പാടില്ലെന്നും രാഷ്ട്രപതി രാം നാഥ് കോവിന്ദ് രാജസ്ഥാനിലെ സിരോഹിയില്‍ നടന്ന പരിപാടിയില്‍ പറഞ്ഞിരുന്നു. സ്ത്രീ സുരക്ഷ ഗൗരവകരമായ വിഷയമാണ്. പോക്സോ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതികള്‍ക്കു ദയാഹര്‍ജി നല്‍കാന്‍ അവകാശമില്ല. ദയാഹര്‍ജികള്‍ വിലയിരുത്താന്‍ പാര്‍ലമെന്‍റ് തയാറാകണം. സ്ത്രീകള്‍ക്കു നേരേയുള്ള ആക്രണങ്ങള്‍ രാജ്യമനഃസാക്ഷിയെ പിടിച്ചുലയ്ക്കുന്നതായും രാഷ്ട്രപതി പരിപാടിയില്‍ പറഞ്ഞു.

2012 ഡിസംബര്‍ 16നാണ് രാജ്യത്തെ നടുക്കിയ നിര്‍ഭയ കൂട്ടബലാത്സംഗം നടക്കുന്നത്. മുനീര്‍ക്കയില്‍ ദ്വാരകയ്ക്ക് അടുത്തുള്ള മഹാവീര്‍ എന്‍ക്ലേവിലേക്കു ബസില്‍ പോയ ഫിസിയോതെറാപ്പി വിദ്യാര്‍ഥിനിയാണ് കൊടുംക്രൂരതയ്ക്ക് ഇരയായത്. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി ഡിസംബര്‍ 29നാണ് മരിച്ചത്. കേസില്‍ രാംസിംഗ്, മുകേഷ് സിംഗ്, വിനയ് ശര്‍മ, പവന്‍ ഗുപ്ത, അക്ഷയ് താക്കൂര്‍, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരായിരുന്നു കേസിലെ പ്രതികള്‍. ഇതില്‍ വിചാരണക്കാലയളവില്‍ രാം സിംഗ് ആത്മഹത്യ ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പ്രതി 2015ല്‍ മോചിതനായി. മറ്റ് നാല് പേര്‍ക്കുമാണ് കോടതി വധശിക്ഷ വിധിച്ചത്


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K