01 April, 2016 02:20:17 PM


വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ ജീവനക്കാരെ തടഞ്ഞു



തൊടുപുഴ: തൊടുപുഴ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിലെ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള നടപടിക്കത്തെിയ ഉദ്യോഗസ്ഥരെയും നഗരസഭാ അധ്യക്ഷയെയും തടഞ്ഞതിനെ തുടര്‍ന്ന് നഗരസഭാ സ്റ്റാന്‍ഡില്‍ വാക്കേറ്റവും സംഘര്‍ഷവും. 

ഇതിനിടെ ഉദ്യോഗസ്ഥരെ കത്തികാട്ടി വ്യാപാരികളില്‍ ചിലര്‍ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. ഒടുവില്‍ തൊടുപുഴ പൊലീസത്തെി രംഗം ശാന്തമാക്കി. 

തൊടുപുഴയിലെ ഗതാഗതക്കുരുക്കിന് കാരണം അനധികൃത വഴിയോര കച്ചവടക്കാരാണെന്നും ഇവരെ ഒഴിപ്പിക്കണമെന്നുമുള്ള കൗണ്‍സില്‍ നിര്‍ദേശത്തെ തുടര്‍ന്ന് മൂന്നു മാസം മുമ്പ് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം നല്‍കിയിരുന്നതായി സഫിയ ജബ്ബാര്‍ പറഞ്ഞു.

എന്നാല്‍ ഇവര്‍ ഒഴിയാതിരുന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച തൊടുപുഴ നഗരസഭാ ബസ് സ്റ്റാന്‍ഡിലെ ഓട ശുചീകരണവുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ ചെയ്യുന്നതിനായി നഗരസഭാ ആരോഗ്യവിഭാഗം മുനിസിപ്പല്‍ സ്റ്റാന്‍ഡിലത്തെി വഴിയോര കച്ചവടക്കാരോട് ഒഴിയണമെന്ന് കര്‍ശനനിര്‍ദേശം നല്‍കി.
ഏഴുപേരാണ് സ്റ്റാന്‍ഡില്‍ വഴിയോര കച്ചവടം നടത്തിയിരുന്നത്. ഇവരില്‍ നാലുപേര്‍ ഒഴിവായി. എന്നാല്‍, മൂന്നുപേര്‍ ഒഴിയാന്‍ തയാറായില്ല.

ഇവര്‍ സ്റ്റാന്‍ഡിനുള്ളിലേക്ക് കട മാറ്റി സ്ഥാപിക്കുകയും നഗരത്തിലെ മുഴുവന്‍ കൈയേറ്റക്കാരെയും ഒഴിപ്പിച്ചാല്‍ തങ്ങളും ഒഴിയാമെന്ന് വ്യക്തമാക്കുകയും ചെയ്തതോടെ പ്രശ്നം തുടങ്ങിയത്. 


ഒഴിപ്പിക്കല്‍ നടപടി തുടരുന്ന സാഹചര്യത്തിലാണ് സോമനടക്കമുള്ളവര്‍ എതിര്‍പ്പുമായി രംഗത്തുവന്നത്.
തുടര്‍ന്ന് വഴിയോരകച്ചവടക്കാരും യൂനിയന്‍ നേതാക്കളുമടക്കമുള്ളവര്‍ പ്രതിഷേധമറിയിച്ച് മുനിസിപ്പല്‍ സ്റ്റാന്‍ഡില്‍നിന്ന് മുനിസിപ്പാലിറ്റിയിലേക്ക് മാര്‍ച്ച് നടത്തി.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K