28 November, 2019 12:45:55 AM


ചികിത്സാ പിഴവ്; വിധിക്ക് കാത്തുനിൽക്കാതെ ജോസ് വിടചൊല്ലി



കോട്ടയം: സ്വകാര്യ ആശുപത്രിയുടെ ചികിത്സാപിഴവ് മൂലം അവശനിലയിലായ രോഗി താൻ നൽകിയ കേസിൽ വിധി പറയും മുമ്പേ യാത്രയായി. കരൾ രോഗബാധിതനായി തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ പാറമ്പുഴ താഴത്തുമുണ്ടയ്ക്കല്‍ പരേതനായ ടി.എന്‍.ലൂക്കോസിന്‍റെ മകനും ജോസ് ഫോട്ടോസ് ഉടമയുമായ ജോസ് ലൂക്കോസ് (54) ആണ് കഴിഞ്ഞ ദിവസം മരണമടഞ്ഞത്.


എറമാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ജോസ്. അവിടെ നിന്നും തെള്ളകത്തെ ആശുപത്രിയില്‍ എത്തി ചികിത്സ തുടരുന്നതിനിടെ മരുന്ന് നല്‍കിയതില്‍ സംഭവിച്ച അപാകതയാണ് ജോസിന്‍റെ മരണകാരണമെന്ന് ബന്ധുക്കളും സുഹൃത്തുക്കളും ആരോപിക്കുന്നു. തെള്ളകത്തെ ആശുപത്രിയില്‍ നിന്നും ലഭിച്ച മരുന്ന് കഴിച്ച് തീര്‍ത്തും അവശനായ ജോസിനെ വീണ്ടും പരിശോധിച്ച ഡോക്ടര്‍ ആണത്രേ മരുന്നിന്‍റെ അളവിലെ വ്യത്യാസം ചൂണ്ടികാണിച്ചത്. 


ഇതേ തുടര്‍ന്ന് ജോസിന്‍റെ ബന്ധുക്കള്‍ ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. മാത്രമല്ല ഉപഭോക്തൃതര്‍ക്ക പരിഹാര ഫോറത്തിന് മുന്നിലും പരാതി എത്തി. തുടര്‍നടപടിയെന്നോണം ജോസിന്‍റെ ചികിത്സ സംബന്ധിച്ച ആശുപത്രിയിലെ ഫയല്‍ ഉപഭോക്തൃഫോറം പിടിച്ചെടുത്തു. ഒരു കോപ്പി പോലും എടുക്കാന്‍ സമ്മതിക്കാതെയാണ് ഫയല്‍ പിടിച്ചെടുത്തതെന്നാണ് അറിയുന്നത്.  ഇതിനിടെ പോലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയിൽ കോട്ടയം ഡിവൈഎസ്പി അന്വേഷണം ആരംഭിച്ചിരുന്നു. ഈ രണ്ട് കേസുകളിലും വിധി എന്തെന്നറിയും മുമ്പേയാണ് ജോസ് കഴിഞ്ഞ ദിവസം മരണമടഞ്ഞത്. 


ജോസിന്‍റെ മരണശേഷം സംസ്കാര ശുശ്രൂഷകള്‍ക്കിടയിലും ആശുപത്രിക്കെതിരെ പ്രതിഷേധം അലയടിച്ചു. ശുശ്രൂഷകനായ വൈദികനും തന്‍റെ പ്രസംഗത്തില്‍ ചികിത്സാപിഴവിനെ പറ്റി സൂചിപ്പിച്ചു. പരാതി നിലനില്‍ക്കുന്നതിനാല്‍ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷമാണ് സംസ്കരിച്ചത്. ഭാര്യ: മാഞ്ഞൂര്‍ സൌത്ത് കാക്കശ്ശേരി കുടുംബാംഗം ആന്‍സി, മക്കള്‍: ജോസ്ന, തെരേസ, അന്‍ജന എലിസബത്ത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 8.8K