27 November, 2019 12:12:48 PM


കനകമല: ഒന്നാം പ്രതിക്ക് 14 വര്‍ഷം തടവ്; രണ്ടും മൂന്നും പ്രതികള്‍ക്ക് ശിക്ഷ 10ഉം 7ഉം വര്‍ഷം വീതം തടവ്




കണ്ണൂര്‍: കനകമല ഭീകരവാദ കേസില്‍ ഒന്നാം പ്രതി തലശ്ശേരി സ്വദേശി മന്‍സീദ് 14 വര്‍ഷം തടവ്. രണ്ടാം പ്രതി തൃശൂര്‍ സ്വദേശി സ്വാലിഹ് മുഹമ്മദിന് 10 വര്‍ഷം തടവും ലഭിച്ചു. മൂന്നാം പ്രതിക്ക് 7 വര്‍ഷമാണ് തടവ് ശിക്ഷ. കൊച്ചിയിലെ എന്‍.ഐ.എ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. 9 പ്രതികളുള്ള കേസില്‍ ഏഴ് പ്രതികളാണ് വിചാരണ നേരിട്ടത്. 2016 ഒക്ടോബറില്‍ കണ്ണൂര്‍ കനകമലയില്‍ ഐ.എസ് അനുകൂല രഹസ്യയോഗം ചേര്‍ന്ന് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തെന്നായിരുന്നു പ്രതികള്‍ക്കെതിരെയുള്ള കേസ്.


9 പ്രതികളുള്ള കേസില്‍ വിചാരണ നേരിട്ടത് ഏഴു പേരാണ്. ഒന്നാം പ്രതി തലശേരി സ്വദേശി മന്‍സീദ്, രണ്ടാം പ്രതി തൃശൂര്‍ സ്വദേശി സ്വാലിഹ് മുഹമ്മദ്, മൂന്നാം പ്രതി കോയമ്പത്തൂര്‍ സ്വദേശി റാഷിദ് അലി, നാലാം പ്രതി കോഴിക്കോട് കുറ്റാടി സ്വദേശി എന്‍.കെ റംഷാദ് അഞ്ചാം പ്രതി തിരൂര്‍ സ്വദേശി സഫ്വാന്‍, എട്ടാം പ്രതി കാസര്‍ഗോഡ് കാഞ്ഞങ്ങാട് സ്വദേശി മെയ്‌നുദീന്‍ പാറക്കടവത്ത് എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയിട്ടുള്ളത്. ആറാം പ്രതി കോഴിക്കോട് കുറ്റ്യാടി നങ്ങീലാങ്കണ്ടി വീട്ടില്‍ ജാസിം എന്‍ കെയെ കുറ്റവിമുക്തനാക്കി. ഏഴാം പ്രതി സജീര്‍ ഭീകര പ്രവര്‍ത്തനത്തിനിടെ അഫ്ഘാനിസ്ഥാനില്‍ കൊല്ലപ്പെട്ടു. ഒന്‍പതാം പ്രതി സുബ്ഹാനി ഹാജ മൊയ്തീന്‍റെ വിചാരണ പൂര്‍ത്തിയായിട്ടില്ല. കേസിലെ എല്ലാ പ്രതികള്‍ക്കുമെതിരെ ഗൂഡാലോചന കുറ്റവും നിരോധിത സംഘടനയെ അനുകൂലിച്ചുവെന്ന കുറ്റവും കണ്ടെത്തി.


കേസിലെ ഒന്നും രണ്ടും മൂന്നും പ്രതികള്‍ക്കെതിരെ ഭീകര പ്രവര്‍ത്തനത്തിനു ധനം കണ്ടെത്തിയെന്ന കുറ്റവും ഭീകര സംഘടനയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തുവെന്ന കുറ്റവും ഭീകരസംഘടനയില്‍ അംഗമാണെന്ന കുറ്റവും കണ്ടെത്തിയതായി ഉത്തരവില്‍ പറയുന്നു. എന്നാല്‍ കേസിലെ പ്രതികള്‍ ഐ.എസില്‍ അംഗത്വമുണ്ടായിരുന്നവരാണെന്നു തെളിയിക്കാനായില്ലെന്നു കോടതി വ്യക്തമാക്കി. അതിനാല്‍ ഭീകരസംഘടനയിലോ സംഘത്തിലോ അംഗങ്ങളായി പ്രവര്‍ത്തിക്കുന്നതിന് ശിക്ഷ ലഭിക്കുന്ന യുഎപിഎ 20-ാം വകുപ്പു പ്രകാരമുള്ള കുറ്റം കണ്ടെത്താനായിട്ടില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K