23 November, 2019 09:34:29 PM


മീങ്കുന്നത്ത് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ച് വൈദികന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്



മൂവാറ്റുപുഴ: എം.സി.റോഡില്‍  മീങ്കുന്നത്ത് അയ്യപ്പഭക്തർ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വൈദികന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്. കാര്‍ യാത്രികരായ കോലഞ്ചേരി സെന്‍റ് തോമസ് മാർത്തോമ ഇടവക വികാരി കൊട്ടാരക്കര ആവണീശ്വരം കുന്നിക്കോട് അയനവില വീട്ടില്‍  ഫാ.സാബു ഐസക് (38), ഭാര്യ അനിതാ വര്‍ഗീസ് (36), മക്കള്‍ ആദര്‍ശ് ഐസക് സാബു (7), അര്‍പ്പിത് ഐസക് സാബു (2) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോലഞ്ചേരി എം ഓ എസ് സി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



ശനിയാഴ്ച പകല്‍ മൂന്ന് മണിയോടെ കൂത്താട്ടുകുളത്തിനും മൂവാറ്റുപുഴയ്ക്കും ഇടയ്ക്ക്  മീങ്കുന്നത്തായിരുന്നു അപകടം. കോട്ടയം ഭാഗത്തുനിന്നും കോലഞ്ചേരിയിലേക്ക് പോകുകയായിരുന്ന വൈദികനും കുടുംബവും സഞ്ചരിച്ച കാര്‍ മറ്റൊരു കാറിലിടിച്ച ശേഷം നിയന്ത്രണം വിട്ട് ബസില്‍ ഇടിക്കുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. 



ഓടികൂടിയ നാട്ടുകാരാണ് അപകടത്തില്‍പെട്ടവരെ ആശുപത്രിയില്‍ എത്തിച്ചത്. ഫാ.സാബുവിന്‍റെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ കൈരളി വാര്‍ത്തയോട് പറഞ്ഞു. ബസിലുള്ള ഏതാനും പേര്‍ക്കും പരിക്കുണ്ടെങ്കിലും സാരമുള്ളതല്ല. മൂവാറ്റുപുഴ പോലീസും അഗ്നിശമനസേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K