22 November, 2019 09:16:27 PM


മെത്രാന്‍ കായല്‍ പറയുന്നത് നെല്‍കൃഷിയുടെ ലാഭക്കണക്ക്: നാലാം തവണയും വിത്ത് വിതച്ച് മന്ത്രി സുനില്‍ കുമാര്‍



കുമരകം: നെല്‍കൃഷി ലാഭകരമാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ വിജയിച്ചതുകൊണ്ടാണ് മെത്രാന്‍ കായല്‍ പാടശേഖരത്തില്‍ കൃഷി തുടരാനാകുന്നതെന്ന് മന്ത്രി വി.എസ്. സുനില്‍ കുമാര്‍. മെത്രാന്‍ കായല്‍ പാടശേഖരത്തിലെ നാലാം തവണത്തെ വിത്തു വിതയ്ക്കല്‍ ഉദ്ഘാടനം ചെയ്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.  


ഇത്തവണ 90 കര്‍ഷകരാണ് 15000 രൂപ ചിലവിട്ട് ഇവിടെ പാട്ടകൃഷി നടത്തുന്നത്. ലാഭകരമായതുകൊണ്ടാണ് അവര്‍ വീണ്ടും കൃഷിക്ക് തയ്യാറാകുന്നത്. ലാഭകരമായി കൃഷി നടത്തുന്നതിന് കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നിരവധി ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. പലയിനങ്ങളിലായി ഏകദേശം 63000 രൂപ സബ്സിഡിയുണ്ട്. വൈദ്യുതി, വെള്ളം, വിത്ത് തുടങ്ങിയവ സൗജന്യമായി  ലഭ്യമാക്കുന്നു. രാജ്യത്ത് നെല്ലിന് ഏറ്റവും മികച്ച താങ്ങുവില നല്‍കുന്ന സംസ്ഥാനം കേരളമാണ്. ഇവിടെ 26.90 രൂപ നല്‍കുമ്പോള്‍ മറ്റു സംസ്ഥാനങ്ങളില്‍ താങ്ങുവില ശരാശരി 17.30 രൂപ മാത്രമാണ്. മന്ത്രി ചൂണ്ടികാട്ടി.


തരിശായി കിടക്കുന്ന സ്ഥലങ്ങള്‍ പ്രയോജനപ്പെടുത്തി നെല്‍കൃഷി പരമാവധി വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിലവില്‍ നെല്ലുത്പാദനം എട്ടര ലക്ഷം മെട്രിക് ടണ്ണും അരി  ഉത്പാദനം ഏഴു ലക്ഷം മെട്രിക് ടണ്ണുമാണ്. നെല്ലുത്പാദനം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നാല്‍പ്പതു ശതമാനം വര്‍ധിച്ചു. ഈ സര്‍ക്കാരിന്‍റെ കാലത്തുതന്നെ ഉത്പാദനം പത്തു ലക്ഷം മെട്രിക് ടണ്‍ ആക്കുകയാണ് ലക്ഷ്യം. കോട്ടയം ജില്ലയില്‍ മാത്രം അയ്യായിരം ഏക്കറില്‍ തരിശു കൃഷി നടപ്പാക്കിയിട്ടുണ്ട്. ജില്ലയിലെ പതിനൊന്നു പഞ്ചായത്തുകള്‍ തരിശുരഹിതമാവുകയാണ് - മന്ത്രി പറഞ്ഞു.


മെത്രാന്‍ കായലില്‍ 371 ഏക്കറിലാണ്  വിത്തു വിതയ്ക്കുന്നത്. 120 ദിവസം കൊണ്ട്  വിളവെടുക്കാവുന്ന ഉമ നെല്‍വിത്താണ് ഉപയോഗിക്കുന്നത്. കൃഷിയിറക്കുന്നതിന് തയ്യാറായ 90 കര്‍ഷകര്‍ക്കും 50 ശതമാനം സബ്സിഡി നിരക്കില്‍ വിത്ത് ലഭ്യമാക്കിയിട്ടുണ്ട്. സുരേഷ് കുറുപ്പ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബീന ബിനു, കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എ.പി. സലിമോന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ബോസ് ജോസഫ് തുടങ്ങിയവര്‍  പങ്കെടുത്തു.


ലക്ഷ്യം പച്ചക്കറി ഉത്പാദനത്തിലെ സ്വയംപര്യാപ്തത


അടുത്ത വര്‍ഷത്തോടെ പച്ചക്കറി ഉത്പാദനത്തില്‍ സംസ്ഥാനത്തെ സ്വയം പര്യാപ്തമാക്കുന്നതിന് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ ആവിഷ്കരിച്ചിരിക്കുന്നതെന്ന് മന്ത്രി വി.എസ്. സുനില്‍ കുമാര്‍ പറഞ്ഞു. കുമരകത്ത് വിത ഉത്സവത്തിനു ശേഷം കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്‍റെ  പ്രീ-വൈഗ 2010 ജില്ലാതല ശില്‍പ്പശാലയും പ്രദര്‍ശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


വ്യക്തികളുടെയും കുടുംബങ്ങളുടെയും സ്ഥാപനങ്ങളുടെയും സമ്പൂര്‍ണ്ണ പങ്കാളിത്തം ഉറപ്പാക്കി ജൈവകൃഷി വ്യാപകമാക്കും. ഒരോ വീടിനും ആവശ്യമുള്ള പച്ചക്കറിയിനങ്ങളുടെ പട്ടിക തയ്യാറാക്കി അവ വീട്ടു വളപ്പില്‍തന്നെ ഉത്പാദിപ്പിക്കാനുള്ള പദ്ധതിയാണ് പരിഗണനയില്‍. നിലവില്‍ സംസ്ഥാനത്തെ പച്ചക്കറി ഉത്പാദനം ഏകദേശം 12 ലക്ഷം മെട്രിക് ടണ്ണിലേക്ക് എത്തുകയാണ്. ഇത് 16 ലക്ഷം മെട്രിക് ടണ്‍ ആയി ഉയര്‍ത്താനായാല്‍ നമുക്ക് വേണ്ടത്ര ജൈവ പച്ചക്കറികള്‍ ലഭ്യമാകും.


പ്രളയക്കെടുതികള്‍ രണ്ടു വട്ടം നേരിട്ടിട്ടും നെല്‍ വയലുകള്‍ നികത്തുന്ന പ്രവണത സംസ്ഥാനത്ത് തുടരുകയാണ്. ഇനിയെങ്കിലും ഇത് നിര്‍ത്താന്‍ ജനങ്ങള്‍ തയ്യാറാകണം. പ്രാദേശിക ജല സ്രോതസുകള്‍ സംരക്ഷിക്കാന്‍ ജനപ്രതിനിധികളും ജനങ്ങളും കൂട്ടായി പരിശ്രമിക്കണം.  രാജ്യത്ത് ആദ്യമായി കര്‍ഷക ക്ഷേമബോര്‍ഡ് രൂപീകരിക്കുന്നതിനുള്ള  ബില്‍ നിയമസഭ അംഗീകാരം നല്‍കിക്കഴിഞ്ഞു. രാജ്യത്തിനു തന്നെ മാതൃകയായ ബില്ലാണിത്. ഇതോടെ കര്‍ഷകര്‍ക്കുവേണ്ടി ക്ഷേമനിധി ബോര്‍ഡും യാഥാര്‍ഥ്യമാവുകയാണ്. കര്‍ഷകരും കര്‍ഷക സംഘടനകളുടെയും ആഗ്രഹങ്ങള്‍ സഫലീകരിക്കുന്ന നടപടിയാണിത്.-മന്ത്രി പറഞ്ഞു.


കര്‍ഷകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുമായി നടത്തിയ മത്സരങ്ങളിലെ വിജയികള്‍ക്കും ചടങ്ങില്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എ.പി. സലിമോന്‍, ബ്ലോക്ക് പഞ്ചായത്തംഗം കെ.എം. ബാബു,  പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ബോസ് ജോസഫ്, ആത്മ ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടര്‍ ഡോ. എന്‍.എസ്. ബിന്ദു തുടങ്ങിയവര്‍ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K