21 November, 2019 05:32:36 PM


ഏറ്റുമാനൂരിലെ തീയേറ്റര്‍ കോംപ്ലക്സ് നിര്‍മ്മാണം: നാടകീയ രംഗങ്ങള്‍ക്ക് ഒടുവില്‍ എഞ്ചിനീയര്‍ സ്റ്റോപ്പ് മെമ്മോ നല്‍കി



ഏറ്റുമാനൂര്‍: നാടകീയരംഗങ്ങള്‍ക്കൊടുവില്‍ ഏറ്റുമാനൂരിലെ വിവാദമായ  വ്യാപാരസമുശ്ചയത്തിന്‍റെയും തീയേറ്റര്‍ കോംപ്ലക്സിന്‍റെയും നിര്‍മ്മാണം നിര്‍ത്തിവെയ്ക്കുന്നതിന് സ്റ്റോപ്പ് മെമ്മോ നല്‍കി. നഗരസഭാ അസിസ്റ്റന്‍റ് എഞ്ചിനീയര്‍ ഷിജു സി.എസ് ആണ് കരാര്‍ ഏറ്റെടുത്ത വാപ്കോസ് ലിമിറ്റഡിന് നിര്‍മ്മാണം നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെട്ട് കത്ത് നല്‍കിയത്.  ക്രമക്കേടുകള്‍ ആരോപിക്കപ്പെട്ടതിനെതുടര്‍ന്ന് നിര്‍മ്മാണം നിര്‍ത്തിവെയ്ക്കാന്‍ ബുധനാഴ്ച ചേര്‍ന്ന നഗരസഭാ കൌണ്‍സിലില്‍ ധാരണയായിട്ടും അതിന് ചെയര്‍മാന്‍ ജോര്‍ജ് പുല്ലാട്ട് തയ്യാറാകാതെ വന്നത് നഗരസഭയില്‍ വ്യാഴാഴ്ച വന്‍പ്രതിഷേധത്തിന് കളമൊരുക്കിയിരുന്നു.


വാപ്കോസ് ലിമിറ്റഡിന് വ്യാഴാഴ്ച തന്നെ സ്റ്റോപ്പ് മെമ്മോ കൊടുക്കുന്നതിന് നഗരസഭാ ചെയര്‍മാനെയും അസിസ്റ്റന്‍റ് എഞ്ചിനീയറെയും കൌണ്‍സില്‍ ചുമതലപ്പെടുത്തിയിരുന്നു. ഇതനുസരിച്ച് അസിസ്റ്റന്‍റ് എഞ്ചിനീയര്‍ സ്റ്റോപ്പ് മെമ്മോ തയ്യാറാക്കുകയും ചെയ്തു. രണ്ട് ദിവസം മുമ്പ് മരാമത്ത് സെക്ഷനില്‍നിന്നും പദ്ധതിയുടെ ഫയല്‍ ചെയര്‍മാന്‍ വാങ്ങിയിരുന്നു. എന്നാല്‍ ഈ ഫയല്‍ തിരിച്ചുനല്‍കാതെ ചെയര്‍മാന്‍ കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. സ്റ്റോപ്പ് മെമ്മോ കൊടുക്കുന്ന വിവരം വ്യാഴാഴ്ച എഞ്ചിനീയര്‍ പലവട്ടം ചെയര്‍മാന്‍റെ ശ്രദ്ധയില്‍പെടുത്തിയിട്ടും അനുകൂലമായ  നടപടിയുണ്ടായില്ല. 



വ്യാഴാഴ്ച രാവിലെ നഗരസഭയിലെത്തിയ ചെയര്‍മാന്‍ പണികള്‍ നിര്‍ത്തിവെപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കാതെ പുറത്തേക്ക് പോയത് ഒരു വിഭാഗം കൌണ്‍സിലര്‍മാരെ ചൊടിപ്പിച്ചു. ചെയര്‍മാന്‍റെ നടപടിയില്‍ പ്രതിഷേധിച്ച് ബിജെപി അംഗങ്ങളുടെ നേതൃത്വത്തില്‍ അദ്ദേഹത്തിന്‍റെ കാബിന് മുന്നില്‍ കുത്തിയിരുപ്പ് സമരം ആരംഭിച്ചു. വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഗണേശ് ഏറ്റുമാനൂര്‍, അംഗങ്ങളായ അനീഷ് വി നാഥ്, പുഷ്പലത എന്നിവരാണ് പ്ലക്കാര്‍ഡുകളുമായി സമരത്തിന് നേതൃത്വം നല്‍കിയത്. രാവിലെ 11 മണിക്ക് ആരംഭിച്ച സമരം 2 മണി വരെ തുടര്‍ന്നു. ബിജെപി സമരം ആരംഭിച്ചത് മുതലെടുപ്പ് നടത്താനാണെന്നും അതുകൊണ്ട് പണികള്‍ നിര്‍ത്തിവെപ്പിക്കില്ലെന്നുമുള്ള നിലപാട് ചെയര്‍മാന്‍ സ്വീകരിച്ചതോടെ പ്രതിഷേധം ശക്തമായി. സ്വതന്ത്ര അംഗം ബീനാ ഷാജിയും ചെയര്‍മാന്‍റെ നിലപാടില്‍ പ്രതിഷേധിച്ച് ഏറെ നേരം ഓഫീസിന് മുന്നില്‍ കുത്തിയിരുന്നു.


ക്രമക്കേടുകള്‍ക്ക് കൂട്ടുനിന്ന് തനിക്കിവിടെ തുടരാനാഗ്രഹമില്ലെന്ന പ്രഖ്യാപനവുമായി രംഗത്തെത്തിയ അസിസ്റ്റന്‍റ് എഞ്ചിനീയര്‍  ദീര്‍ഘകാല അവധിയ്ക്കായി സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ക്ക് അപേക്ഷ നല്‍കിയതോടെ പ്രശ്നം കൂടുതല്‍ സങ്കീര്‍ണ്ണമായി. എഞ്ചിനീയര്‍ അവധിയില്‍ പ്രവേശിച്ചാല്‍ നഗരസഭയുടെ വികസനപ്രവര്‍ത്തനങ്ങളെയാകെ പ്രതികൂലമായി ബാധിക്കുമെന്ന് മനസിലാക്കിയ കൌണ്‍സിലര്‍മാരില്‍ പലരും തീരുമാനത്തില്‍ നിന്നും പിന്തിരിയണമെന്ന അപേക്ഷയുമായി മരാമത്ത് സെക്ഷനില്‍ എത്തി. പിന്തുണയുമായി കൂടിതല്‍ അംഗങ്ങള്‍ രംഗത്തെത്തിയതോടെ ചെയര്‍മാന്‍റെ അംഗീകാരത്തിന് കാത്ത് നില്‍ക്കാതെ എഞ്ചിനീയര്‍ തന്നെ വാപ്കോസ് ലിമിറ്റഡിന് സ്റ്റോപ്പ് മെമ്മോ മെയിലില്‍ അയച്ചുകൊടുത്തു. ഇതോടെ നഗരസഭാ ചെയര്‍മാനെതിരെ വിവിധ കേന്ദ്രങ്ങലില്‍ അതി രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ക്രമക്കേടുകള്‍ക്ക് കൂട്ടുനില്‍ക്കുന്ന ചെയര്‍മാന്‍ രാജിവെക്കണമെന്ന് പോലും സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങള്‍ ആവശ്യപ്പെട്ടുതുടങ്ങി. 


വാപ്കോസുമായി നഗരസഭ വെച്ച കരാര്‍ സര്‍ക്കാര്‍ നടപടികള്‍ക്ക് ക്രമവിരുദ്ധമായിട്ടാണെന്ന് മാസങ്ങള്‍ക്ക് മുമ്പേ അസിസ്റ്റന്‍റ് എഞ്ചിനീയര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ട് ചര്‍ച്ചക്കെടുക്കാതെ ചെയര്‍മാന്‍ മാറ്റിവെച്ചത് സംശയത്തിനിടയാക്കി. അവസാനം ഒരു വിഭാഗം അംഗങ്ങളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി ചെയര്‍മാന്‍ ചീഫ് എഞ്ചിനീയറുടെ ഉപദേശം തേടുകയായിരുന്നു. എന്നാല്‍ അസിസ്റ്റന്‍റ് എഞ്ചിനീയറുടെ റിപ്പോര്‍ട്ട് ശരിവെയ്ക്കുന്നതായിരുന്നു ചീഫ്  എഞ്ചിനീയറുടെ റിപ്പോര്‍ട്ട്. ഇതോടെയാണ് ബുധനാഴ്ച പ്രത്യേക കൌണ്‍സില്‍ വിളിച്ച് വിഷയം ചര്‍ച്ചചെയ്തത്. ഏതാനും ചില യുഡിഎഫ് അംഗങ്ങളും രണ്ട് എല്‍ഡിഎഫ് അംഗങ്ങളും ഒഴികെ കൌണ്‍സിലില്‍ ഹാജരായ എല്ലാ അംഗങ്ങളും നിര്‍മ്മാണം തുടരുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പണികള്‍ തത്ക്കാലം നിര്‍ത്തിവെച്ച് നടപടികള്‍ സുതാര്യമാക്കുവാന്‍ യോഗം തീരുമാനിച്ചത്.


വാപ്‌കോസ് നഗരസഭയുമായി വെച്ച കരാറനുസരിച്ച് സാങ്കേതികവും സാമ്പത്തികവുമായ അനുമതികളില്ലാത്തതും ഗുണനിവാരം രേഖപ്പെടുത്താത്തതുമായ എല്ലാ പ്രവൃത്തികളും അനധികൃതമായി നിലകൊള്ളുന്നുവെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ നല്‍കിയ സ്റ്റോപ്പ് മെമ്മോയില്‍ ചൂണ്ടികാട്ടുന്നു. നിര്‍മ്മാണം തുടങ്ങി മാസങ്ങള്‍ കഴിഞ്ഞിട്ടും പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് നഗരസഭയില്‍ നല്‍കിയിട്ടില്ല. ഇത് സംബന്ധിച്ച 2019 മാര്‍ച്ചില്‍ നല്‍കിയ കത്തിനും വാപ്‌കോസ് മറുപടി നല്‍കിയിട്ടില്ല. ടെന്‍ഡര്‍ നടപടികള്‍ സംബന്ധിച്ച് പത്രപരസ്യം, ലേലത്തിനായി സമര്‍പ്പിച്ച രേഖകള്‍, ഇ-ടെന്‍ഡര്‍ പേജുകള്‍ തുടങ്ങിയവയുടെ അസലോ പകര്‍പ്പോ സഹിതം പ്രി ക്വാളിഫിക്കേഷന്‍ ടെന്‍ഡര്‍ സംബന്ധിച്ച ഫയല്‍ എത്രയും പെട്ടെന്ന് എല്‍എസ്ജിഡി വിഭാഗത്തില്‍ ഹാജരാക്കണമെന്നും എഞ്ചിനീയറുടെ കത്തില്‍ ആവശ്യപ്പെടുന്നു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K