18 November, 2019 04:34:09 PM


പള്ളികാര്യങ്ങൾ 'ആപ്പി'ൽ; സിറോ മലബാര്‍ സഭയുടെ നടപടിയിൽ നിഗൂഡതയെന്ന് അഭിഭാഷകൻ



കൊച്ചി: വിശ്വാസികളുടെ വിവരങ്ങള്‍ വിരല്‍ത്തുമ്പിലാക്കാന്‍ ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറാനൊരുങ്ങി സിറോ മലബാര്‍ സഭ. സഭയുടെ കീഴിലുള്ള 3500 ഓളം ഇടവകകളെ ഉള്‍പ്പെടുത്തി ഒരു ആപ് സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ്. ഇതിനകം 700ലധികം ഇടവകകളില്‍ ഇത് നിലവില്‍ വന്നുകഴിഞ്ഞു. ഇതിനു പുറമേ വിശ്വാസികള്‍ക്ക് മുഴുവന്‍ 'ആധാര്‍' മാതൃകയില്‍ ഏകീകൃത തിരിച്ചറിയല്‍ നമ്പറും നല്‍കും. ഒരു ദേശീയ ദിനപത്രമാണ് ഈ വിവരം പുറത്തുവിട്ടത്.


ഓരോ ആപ്പിന്റെയും അഡ്മിന്‍ അധികാരം വികാരിമാരുടെ ഓഫീസിനായിരിക്കും. ഇടവകാംഗങ്ങള്‍ക്ക് മതപരവും വിശ്വാസപരവും പള്ളി ഭരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇതിലൂടെ അറിയാന്‍ കഴിയുമെന്നാണ് സഭ അവകാശപ്പെടുന്നത്. ആപ്പ് വഴിയായിരിക്കും തിരിച്ചറിയല്‍ നമ്പര്‍ നല്‍കുന്നത്. വിശ്വാസികള്‍ ഓരോ ദിവസം വായിക്കേണ്ട വചനഭാഗങ്ങളും ആരാധന ക്രമത്തിലെ കലണ്ടറും ആപ്പിലുണ്ടാകും. കര്‍ദിനാളിന്റെയും ബിഷപുമാരുടെയും വചനസന്ദേശങ്ങള്‍ വീട്ടിലിരുന്ന് ആപ്പ് വഴി കാണാന്‍ കഴിയും. വിവാഹ സര്‍ട്ടിഫിക്കറ്റ്, പാരിഷ് ഹാള്‍ ബുക്കിംഗ് തുടങ്ങി ഏതുകാര്യത്തിനും ഇടവകാംഗത്തിന് വികാരി അച്ചനോട് ആപ്പിലൂടെ ആവശ്യപ്പെടാമെന്ന് സിറോ മലബാര്‍ സഭ ഇന്റര്‍നെറ്റ് മിഷന്‍ ഡയറക്ടര്‍ ഫാ.ജോബി മാപ്രക്കാവിലിനെ ഉദ്ധരിച്ച് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.


സഭയ്ക്കു കീഴിലുളള വ്യത്യസ്ത സന്യാസ സഭകള്‍ക്കും രൂപതകള്‍ക്കും അവരുടേതായ ആപ്പുകള്‍ ഉണ്ടായിരിക്കും. ഒടിപി വെരിഫിക്കേഷന്‍ വഴി മാത്രമേ ഇവയില്‍ അംഗമാകാന്‍ കഴിയൂ. ഇടവകയിലെ ഓരോ അംഗത്തിന്റെയും വിവരങ്ങള്‍ ഈ ആപ്പിലുണ്ടായിരിക്കും. വിവിധ അറിയിപ്പുകളും ഇതുവഴി നല്‍കാനാവും. ഏതെങ്കിലും അംഗം മരിച്ചാല്‍ അടിയന്തര സന്ദേശമയക്കാന്‍ ആപ്പിലൂടെ വികാരിക്ക് കഴിയുമെന്നും ഫാ.ജോബി പറയുന്നു.


ശനിയാഴ്ച സഭയുടെ യുട്യൂബ് ചാനല്‍ വഴി ഈ ആപ്പിനെ കുറിച്ച് വികാരിമാര്‍ക്ക് സഭ ട്യൂട്ടോറിയല്‍ വീഡിയോ നല്‍കിയിരുന്നു. ഭാവിയില്‍ ഓരോ കുടുംബത്തിന്റെയും വിവരങ്ങള്‍ ഉള്‍പ്പെടുന്ന 'ആത്മസ്ഥിതി രജിസ്റ്റര്‍' ഡിജിറ്റലാക്കാനും ആലോചനയുണ്ട്. ഓരോ അംഗത്തിനും ഒരു ഏകീകൃത ഐഡി ഉണ്ടാകും. ഇടവക മാറുന്ന സമയത്ത് ഈവ്യക്തിയുടെ എല്ലാ വിവരങ്ങളും ഉള്‍പ്പെടുന്ന ഈ യുസര്‍ ഐഡിയും പുതിയ ഇടവകയിലേക്ക് മാറ്റപ്പെടുമെന്ന് ഫാ.ജോബി പറയുന്നു.


അതേസമയം, സഭ ആധാര്‍ പോലെ ബയോമെട്രിക് കാര്‍ഡ് ഉണ്ടാക്കുന്നുവെന്ന വാര്‍ത്ത അഭിമാനമല്ല കടുത്ത ആശങ്ക ഉണ്ടാക്കുന്നതാണെന്ന് അഡ്വ.പോളച്ചന്‍ പുതുപ്പാറ പ്രതികരിച്ചു. അതുപയോഗിച്ച് ഇവര്‍ വിശ്വാസികളെ പീഡിപ്പിക്കാനും വില്‍ക്കാനും പോലും മടിക്കില്ല. ഓരോ വിശ്വാസിക്കും ആധാര്‍ പോലെ ഒരു യൂണിക് ഐഡന്റിറ്റിഫിക്കേഷന്‍ നമ്പറും കാര്‍ഡും നല്‍കും. ആത്മസ്ഥിതി രജിസ്റ്റര്‍ ഡിജിറ്റല്‍ ആക്കും പോലും. ഇതൊക്കെ ഇപ്പോള്‍ തന്നെ പള്ളികളില്‍ ദോഷമില്ലാതെ നടക്കുന്നുണ്ട്. പിന്നെ എന്താണ് നിഗൂഢ ലക്ഷ്യമെന്ന് അഡ്വ.പോളച്ചന്‍ ചോദിക്കുന്നു. ആധാര്‍ കാര്‍ഡ്, സമാര്‍ട് ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തപ്പെടുന്ന ഇക്കാലത്ത് സഭാ വിശ്വാസികളുടെ വിവരങ്ങള്‍ ഡിജിറ്റലാക്കുന്നത് എത്രമാത്രം സുരക്ഷിതമായിരിക്കുമെന്ന ആശങ്കയാണ് ഇദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവയ്ക്കുന്നത്. സഭയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട നിരവധി പരാതികളില്‍ ഹര്‍ജിക്കാരനാണ് ഇദ്ദേഹം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K