16 November, 2019 07:25:19 PM


മണ്ഡലകാല തീര്‍ഥാടനത്തിനു തുടക്കം കുറിച്ച് ശബരിമല നട തുറന്നു; ഇനി വ്രതശുദ്ധിയുടെ പുണ്യനാളുകൾ



ശബരിമല: മണ്ഡലകാലത്തിനു തുടക്കം കുറിച്ച് ശബരിമല നട തുറന്നു. സ്ഥാനമൊഴിയുന്ന മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്പൂതിരിയാണ് വൈകിട്ട് അഞ്ചിന് തിരുനടയില്‍ മണിയടിച്ചു നട തുറന്നത്. തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ നേതൃത്വത്തിലാണു ചടങ്ങുകള്‍ നടന്നത്. നെയ്‌വിളക്ക് തെളിച്ച് യോഗനിദ്രയിലുള്ള ഭഗവാനെ ഭക്തജന സാന്നിധ്യം അറിയിച്ചതോടെ മണ്ഡലകാല തീര്‍ഥാടനത്തിനു തുടക്കമായി.


പ്രത്യേക പൂജകളൊന്നും ഇന്നില്ല. എം.കെ. സുധീര്‍ നമ്പൂതിരി സന്നിധാനത്തും എം.എസ്. പരമേശ്വരന്‍ നമ്പൂതിരി മാളികപ്പുറത്തും പുതിയ മേല്‍ശാന്തിമാരായി ചുമതലയേല്‍ക്കുന്നതായിരുന്നു ഇന്നത്തെ പ്രധാന ചടങ്ങ്. ഇന്ന് രാത്രി ഹരിവരാസനം പാടി നട അടച്ചുകഴിഞ്ഞാല്‍ ശ്രീകോവിലിന്‍റെ താക്കോല്‍ പുതിയ മേല്‍ശാന്തിമാര്‍ക്കു കൈമാറി രാത്രിതന്നെ നിലവിലെ മേല്‍ശാന്തിമാര്‍ മലയിറങ്ങും.


നാളെ വൃശ്ചിക പുലരിയില്‍ സന്നിധാനത്തെയും മാളികപ്പുറത്തെയും ശ്രീകോവിലുകള്‍ തുറക്കുന്നതു പുതിയ മേല്‍ശാന്തിമാരാണ്. നെയ്യഭിഷേകം ഉള്‍പ്പെടെയുള്ള പ്രധാന ചടങ്ങുകളെല്ലാം നാളെ പുലര്‍ച്ചെ തുടങ്ങും. ശബരിമല വിധിയുണ്ടാക്കിയ അനിശ്ചിതത്വങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലാണു സന്നിധാനവും പരിസരവും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K