16 November, 2019 09:21:10 AM


മീനച്ചിലാറ്റില്‍ കാണാതായ വിദ്യാര്‍ത്ഥികളില്‍ മൂന്നാമന്‍റെ മൃതദേഹവും കണ്ടെത്തി



കോട്ടയം: പേരൂരിൽ മൈലപ്പിള്ളി കടവ് തൂക്കുപാലത്തിന് താഴെ മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങി കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെടുത്തു. പുതുപ്പള്ളി കൈതേപ്പാലം കാടമുറി കുന്നംപ്പള്ളിയില്‍ കെ.കെ.പ്രസാദിന്‍റെയും പരേതയായ ബിജിയുടെയും മകന്‍ അശ്വിന്‍ കെ പ്രസാദി (18) ന്‍റെ മൃതദേഹമാണ് പാലത്തിന് വളരെയകലെയല്ലാതെ കണ്ടെത്തിയത്. മുങ്ങിതാണ മൂന്ന് വിദ്യാർത്ഥികളില്‍ ചിങ്ങവനം കേളചന്ദ്രപറമ്പില്‍ കെ.സി.ചാക്കോയുടെയും സൂസമ്മയുടെയും മകന്‍ അലൻ കെ.സി.(18), മീനടം വട്ടകുന്ന് കൊടുവള്ളില്‍ കെ.സി.ജോയിയുടെയും ഷീബയുടെയും മകന്‍ ഷിബിൻ ജേക്കബ് (18) എന്നിവരുടെ മൃതദേഹം വെള്ളിയാഴ്ച വൈകിട്ട് ലഭിച്ചിരുന്നു.  മൂവരും പുതുപ്പള്ളി ഐ എച്ച് ആർ ഡി കോളേജില്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാർത്ഥികളാണ്.


വെള്ളിയാഴ്ച ഒന്നര മണിയോടെയാണ് സുഹൃത്തുക്കളായ എട്ട് പേര്‍ ചേര്‍ന്ന് തൂക്കുപാലം കാണാനിറങ്ങിയത്. തൂക്കുപാലത്തിന് കീഴിലൂടെ നടന്നപ്പോള്‍ ശരീരത്ത് പുരണ്ട ചെളി കഴുകി കളയുന്നതിന് ആറ്റില്‍ ഇറങ്ങിയതാണ് മൂവരുമെന്ന് ഒപ്പമുണ്ടായിരുന്ന സൃഹൃത്തുക്കള്‍ പറഞ്ഞു.  ഒരു കുട്ടി കാൽ വഴുതി വീഴുകയായിരുന്നുവെന്നും ഇയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റ് രണ്ട് പേരും വെള്ളത്തിലേക്ക് വീഴുകയായിരുന്നുവെന്നും പറയുന്നു.  അഗ്നി രക്ഷാ സേനയുടെ മുങ്ങല്‍വിദഗ്ധരും പോലീസും നാട്ടുകാരും കൂടി നടത്തിയ തിരച്ചിലിലാണ് വെള്ളിയാഴ്ച നാല് മണിയോടെ കടവില്‍നിന്നും അല്‍പം മാറി ഷിബിന്‍റെ മൃതദേഹം ആദ്യം കണ്ടെത്തിയത്. അര മണിക്കൂറിലകം അലന്‍റെ മൃതദേഹവും കണ്ടുകിട്ടി.


അശ്വിന് വേണ്ടി വെള്ളിയാഴ്ച രാത്രി 9 വരെ തെരച്ചില്‍ നടത്തിയിട്ടും ഫലമുണ്ടായില്ല. തെരച്ചില്‍ ശനിയാഴ്ച രാവിലെ ആരംഭിച്ചു. ഇതിനിടയിലാണ് 8.30 മണിയോടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കോളേജില്‍ നിന്നും സഹപാഠികള്‍ മൈസൂര്‍ക്ക് വിനോദയാത്ര പോയിരിക്കുകയായിരുന്നു. ടൂറിന് പോകാതിരുന്ന 12 പേരില്‍ എട്ടംഗ സംഘം ജില്ലാ സ്കൂള്‍ കലോത്സവത്തിന് പോകുന്നു എന്ന് പറഞ്ഞാണത്രേ വീട്ടില്‍ നിന്നിറങ്ങിയത്. കോട്ടയത്തെത്തിയ  ഇവര്‍ സിനിമയ്ക്ക് പോയെങ്കിലും ടിക്കറ്റ് കിട്ടാതെ മടങ്ങി. പിന്നീട് ആലപ്പുഴയ്ക്കു പോകാന്‍ പദ്ധതിയിട്ടു. എന്നാല്‍ വിധി അവരെ മീനച്ചിലാറിന്‍റെ തീരത്തെത്തിക്കുകയായിരുന്നു. നല്ല അടിയൊഴുക്കുള്ള ഈ ഭാഗത്ത് അപകടം പതിയിരിക്കുന്നത് അറിയാതെയാണ് ഇവര്‍ വെള്ളത്തില്‍ ഇറങ്ങിയത്. 


തിരുവഞ്ചൂര്‍ സ്വദേശി അക്ഷയ് ഷാജിയുടെ വീട്ടിലെത്തിയശേഷമാണ് എട്ടംഗസംഘം തൂക്കുപാലം കാണാന്‍ പോയത്.ജോയല്‍ സി ഉണ്ണി, ടി.എസ്. രഞ്ജിത്, ശിവപ്രസാദ്, ശ്രീദേവ് പ്രസന്നന്‍ എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്ന മറ്റ് വിദ്യാര്‍ത്ഥികള്‍. കടവില്‍ ഇറങ്ങരുതെന്ന് അക്ഷയിന്‍റെ അമ്മ മുന്‍കൂട്ടി പറഞ്ഞിരുന്നുവെങ്കിലും അത് വകവെക്കാതെയാണ് വിദ്യാര്‍ത്ഥികള്‍ വെള്ളത്തില്‍ ഇറങ്ങിയത്. അപകടം നടന്ന പിന്നാലെ കടവിന് കരയിലുള്ള മൈലപ്പള്ളി സജിയുടെ വീട് കരളലിയിക്കുന്ന രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. അവശേഷിച്ച അ‍ഞ്ച് വിദ്യാര്‍ത്ഥികളെയും നാട്ടുകാര്‍ പിടിച്ചിരുത്തിയത് ഈ വീട്ടിലായിരുന്നു. കുട്ടികളുടെ മാതാപിതാക്കളും ബന്ധുക്കളും ഉള്‍പ്പെടെയുള്ളവര്‍ അലമുറയിട്ട് കരഞ്ഞ് ഓടിക്കയറിയെത്തിയത് സജിയുടെ വീട്ടിലേക്ക്.


അഗ്നിരക്ഷാസേന കോട്ടയം സ്റ്റേഷന്‍ ഓഫീസര്‍ കെ.വി.ശിവദാസന്‍റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നത്. മന്ത്രി പി. തിലോത്തമന്‍, തോമസ് ചാഴികാടന്‍ എം.പി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ പി.കെ.സുധീര്‍ബാബു, എഡിഎം അലക്സ് ജോസഫ്, ആര്‍ഡിഓ അനില്‍ ഉമ്മന്‍, വി.എന്‍.വാസവന്‍, ഏറ്റുമാനൂര്‍, പാമ്പാടി പോലീസ് ഇന്‍സ്പെക്ടര്‍മാരായ എ.ജെ.തോമസ്, യു.ശ്രീജിത് എന്നിവരും സ്ഥലത്തെത്തിയിരുന്നു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K