15 November, 2019 12:01:32 PM


വയസ്സ് ഒമ്പത് ; ഡിസംബറില്‍ ലോറന്‍റ് സൈമന്‍സ് എന്‍ജിനീയറിംഗ് ബിരുദപഠനം പൂര്‍ത്തിയാക്കും




ബ്രസല്‍സ്: ഒമ്പതാം വയസില്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം കരസ്ഥമാക്കാനൊരുങ്ങി ബെല്‍ജിയംകാരൻ ലോറന്‍റ് സൈമന്‍സ്. ലോകത്തിലെ മികച്ച സര്‍വകലാശാലകളില്‍ നിന്ന് ഉന്നത ബിരുദപഠനത്തിനുള്ള വാഗ്ദാനവും ലോറന്റിന് ലഭിച്ചു കഴിഞ്ഞു. നെതര്‍ലന്‍ഡ്‌സിലെ ഐന്ധോവന്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ് ലോറന്റ്. ഡിസംബറില്‍ കോഴ്‌സ് പൂര്‍ത്തിയാക്കുന്നതോടെ പത്താം വയസില്‍ അലബാമ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടിയ മൈക്കല്‍ കിയേരര്‍ണിയില്‍ നിന്ന് ഏറ്റവും കുറഞ്ഞ പ്രായത്തില്‍ ബിരുദം നേടുന്ന വ്യക്തി എന്ന നേട്ടം ലോറന്റ് സ്വന്തമാക്കും.


വെറും ഒമ്പത് മാസത്തിനുള്ളിലാണ് ഈ കുഞ്ഞു മിടുക്കന്‍ ബിരുദം നേടുന്നത്. എട്ടാം വയസില്‍ സെക്കന്‍ഡറി സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ ലോറന്റിന് ബഹിരാകാശ യാത്രികനോ ഹൃദയശസ്ത്രക്രിയാ വിദഗ്ധനോ ആകാനാണ് ആഗ്രഹം. കാലിഫോര്‍ണയയില്‍ പഠനം തുടരാനാണ് ലോറന്റിന് താല്‍പര്യം. ഒക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലോ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലോ ലോറന്റിന് പഠനസൗകര്യമൊരുക്കാനാണ് ലോറന്റിന്റെ പിതാവ് അലക്‌സാന്‍ഡറിന്റെ തീരുമാനം.


കൃത്രിമാവയവങ്ങളെ കുറിച്ചും റോബോട്ടിക്‌സിനെ കുറിച്ചുമുള്ള ഉന്നതപഠനത്തിനാണ് ലോറന്റ് ഇപ്പോള്‍ തയ്യാറെടുക്കുന്നതെന്ന് ഡെന്റിസ്റ്റ് കൂടിയായ അലക്‌സാന്‍ഡര്‍ പറഞ്ഞു. നാലാം വയസില്‍ സ്‌കൂള്‍ വിദ്യാഭ്യാസം ആരംഭിച്ച ലോറന്റ് 12 മാസത്തിനുള്ളില്‍ അഞ്ച് കൊല്ലത്തെ പഠനം പൂര്‍ത്തിയാക്കിയ ലോറന്റിനെ ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈനോടും സ്റ്റീഫന്‍ ഹോക്കിങ്ങിനോടുമാണ് താരതമ്യപ്പെടുത്തിയിട്ടുള്ളത്. ഈ മിടുക്കന് നാല്  ഭാഷകള്‍ കൈകാര്യം ചെയ്യാനാവും.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K