15 November, 2019 08:04:12 AM


യുവതികളെ ഇക്കുറിയും തടയില്ല; പ്രശ്‌നമുണ്ടായാല്‍ തിരിച്ചിറക്കും



തിരുവനന്തപുരം: മണ്ഡലതീര്‍ഥാടനം മറ്റന്നാള്‍ ആരംഭിക്കാനിരിക്കേ, ശബരിമല യുവതീപ്രവേശവിവാദത്തില്‍ സുപ്രീം കോടതി തീര്‍പ്പുകല്‍പ്പിക്കാത്തതു കേരളത്തെ വീണ്ടും മുള്‍മുനയിലാക്കുന്നു. മനീതി സംഘവും ഭിന്നലിംഗവിഭാഗവും ശബരിമലയിലെത്തുമെന്നു പ്രഖ്യാപിച്ചിട്ടുമുണ്ട്‌. 


2018 സെപ്‌റ്റംബര്‍ 28-ലെ വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്യാത്ത പശ്‌ചാത്തലത്തില്‍, യുവതികള്‍ എത്തിയാല്‍ തടയേണ്ടതില്ലെന്ന നിലപാടിലാണു സര്‍ക്കാരെന്നാണു സൂചന. എന്നാല്‍, ക്രമസമാധാനപ്രശ്‌നമുണ്ടായാല്‍ ഇടപെടുകയും യുവതികളെ തിരിച്ചയയ്‌ക്കുകയും ചെയ്യും. പുനഃപരിശോധനാഹര്‍ജികള്‍ വിശാല ഭരണഘടനാ ബെഞ്ചിനു വിട്ടുകൊണ്ടുള്ള സുപ്രീം കോടതി വിധി ഇക്കാര്യത്തില്‍ സര്‍ക്കാരിനു പിന്‍ബലമാകും. യുവതികളെ തടയില്ലെങ്കിലും മുന്‍വര്‍ഷത്തെപ്പോലെ പോലീസ്‌ അകമ്പടി അനുവദിച്ചേക്കില്ല. എന്നാല്‍, സന്നിധാനത്ത്‌ ആരെയും തമ്പടിക്കാന്‍ അനുവദിക്കില്ലെന്നതുള്‍പ്പെടെ മുന്‍നിലപാടുകള്‍ തുടരും. 


ഇന്നു ചേരുന്ന സി.പി.എം. സംസ്‌ഥാന സെക്രട്ടേറിയറ്റിന്റെ നിലപാടും ഇക്കൊല്ലത്തെ യുവതീപ്രവേശനകാര്യത്തില്‍ നിര്‍ണായകമാകും. മണ്ഡലതീര്‍ഥാടനത്തിനു മുന്നോടിയായി നാളെ ശബരിമല നടതുറക്കാനിരിക്കേ, ഇന്നുതന്നെ സര്‍ക്കാരിനു കൃത്യമായ തീരുമാനമെടുക്കേണ്ടിവരും. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കേ, ശ്രദ്ധാപൂര്‍വമുള്ള നീക്കമാകും സര്‍ക്കാരിന്റേത്‌. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കു വന്‍തിരിച്ചടി നേരിട്ട സാഹചര്യവും സര്‍ക്കാരിനു മുന്നിലുണ്ട്‌



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K