15 November, 2019 08:01:18 AM


പരശുരാമന്‍റെ മഴുവുമായി മെറ്റല്‍ ഇന്‍ഡസ്ട്രീസ് എം.ഡി ജേക്കബ് തോമസ്




ഷൊര്‍ണൂര്‍ : പരശുരാമന്റെ മഴുവോ ? കേള്‍ക്കുമ്പോള്‍ തന്നെ നമ്മള്‍ ഒന്ന് ചിന്തിക്കും ഇത് എവിടെയോ കേട്ടിട്ടുണ്ടല്ലോ. കേരളത്തിന്റെ ഐതിഹ്യത്തില്‍ പറയുന്നതനുസരിച്ച് ഈ മഴു എറിഞ്ഞാണ് കേരളം പരശുരാമന്‍ നിര്‍മ്മിച്ചത്. കേരളത്തിന്റെ മുഖച്ഛായ മാറ്റിയ ഈ മഴു ഉപയോഗിച്ച് മെറ്റല്‍ ഇന്‍ഡസ്ട്രീസിന്റെ മുഖച്ഛായയില്‍ മാറ്റം വരുത്താല്‍ ഒരുങ്ങി ഇരിക്കുകയാണ് എം.ഡി ജേക്കബ് തോമസ്.


പരമ്പരാഗത രീതികളില്‍ നിന്ന് മാറ്റം വരുത്തി കാര്‍ഷികോപകരണങ്ങള്‍ നിര്‍മിക്കുന്നതിനോടൊപ്പം പുതിയ ഉത്പന്നങ്ങളും ഇനി നിര്‍മിക്കും. പരശുരാമന്‍ മഴുവെറിഞ്ഞാണ് കേരളമുണ്ടായതെന്ന ഐതിഹ്യത്തിന്റെ ചുവടുപിടിച്ച് ആദ്യപരീക്ഷണമെന്നനിലയില്‍ പരശുരാമന്റെ മഴു നിര്‍മിച്ചു. ടൂറിസം കേന്ദ്രമായതിനാല്‍ വിനോദസഞ്ചാരികള്‍ക്ക് വാങ്ങിക്കൊണ്ടുപോകാവുന്ന പ്രദര്‍ശനോത്പന്നമായാണ് നിര്‍മിച്ചിരിക്കുന്നത്. ആറന്മുള കണ്ണാടിയുടെയും ചുണ്ടന്‍വളളങ്ങളുടെയും മാതൃകപോലെ മഴുവും വിപണിയിലെത്തിക്കാനാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.


മഴുവിന്റെ ഏതാകൃതിയിലും വലിപ്പത്തിലും നിര്‍മിക്കാനാവും. എല്ലാമാസവും ഇത്തരത്തില്‍ പുതിയ ഉത്പന്നങ്ങള്‍ നിര്‍മിച്ച് മെറ്റല്‍ ഇന്‍ഡസ്ട്രീസിന്റെ മുഖച്ഛായ മാറ്റി ലാഭത്തിലാക്കാനാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഷൊര്‍ണൂര്‍ അഗ്രിക്കള്‍ചറല്‍ ഇംപ്ലിമെന്റ്‌സ് കണ്‍സോളിയം സംഘടിപ്പിച്ച പ്രചോദന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇവിടെ വച്ച് പരശുരാമന്റെ മഴു അദ്ദേഹം ഉത്ഘാടനം ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K