10 November, 2019 01:39:22 PM


കാലടി ടൗണില്‍ പലഹാര വിതരണം നടത്തുന്ന വാന്‍ ഓടിക്കൊണ്ടിരിക്കെ കത്തിനശിച്ചു



കാലടി: ഓടിക്കൊണ്ടിരിക്കെ പലഹാര വിതരണം നടത്തുന്ന വാന്‍ കത്തിനശിച്ചു. എംസി റോഡില്‍ സംസ്‌കൃത സര്‍വകലാശാലയ്ക്കും ബസ് സ്റ്റാന്‍ഡിനും മുന്നിലായി ഞായറാഴ്ച രാവിലെ 6.20 മണിയോടെയായിരുന്നു അപകടം. അപകടത്തില്‍ ആളപായമില്ല. എല്‍പിജി ഇന്ധനമായി ഉപയോഗിക്കുന്ന വാനാണ് അപകടത്തില്‍പ്പെട്ടത്. പലഹാര വിതരണം നടത്തുന്ന നിലമ്ബൂര്‍ സ്വദേശി സബീബ് കുണ്ടപ്പാലിയുടെ വാനാണ് അപകടത്തില്‍പെട്ടത്.


നെടുമ്ബാശേരി വിമാനത്താവളത്തിനു സമീപം താമസിക്കുന്ന സബീബ് കാലടിയിലെ കടകളില്‍ പലഹാര വിതരണം നടത്തിയ ശേഷം തിരിച്ചു പോകുമ്ബോഴാണ് അപകടം. വാഹനത്തില്‍ സബീബ് മാത്രമാണുണ്ടായിരുന്നത്. വാനില്‍ നിന്നു പുക ഉയര്‍ന്നപ്പോള്‍ വാഹനം റോഡരികില്‍ ഒതുക്കി നിര്‍ത്തി സബീബ് പുറത്തേക്ക് ഓടി. തൊട്ടടുത്ത് പെട്രോള്‍ പമ്ബുള്ളത് അപകട സാധ്യതയുണ്ടാക്കി. രാവിലെ തിരക്കൊഴിഞ്ഞ സമയമായിരുന്നതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി.


വിവരമറിയിച്ചതിനെ തുടര്‍ന്ന് അങ്കമാലിയില്‍ നിന്നു ഫയര്‍ ഫോഴ്‌സ് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. വാനിന്റെ ബാറ്ററിയില്‍ നിന്നു ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമാണു തീ പിടിച്ചതെന്നു ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തീ ഇന്ധനത്തിലേക്കു പടര്‍ന്ന് ആളിക്കത്തുകയായിരുന്നു. ഗ്യാസ് പൂര്‍ണമായും തീരുന്നതു വരെ ഫയര്‍ഫോഴ്‌സ് സംഘം വെള്ളം പമ്ബ് ചെയ്തു ജാഗരൂകരായി നിന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K