09 November, 2019 09:14:07 AM


ചിറ്റൂരില്‍ കണ്ടെയ്‌നര്‍ ലോറി മാരുതി വാനിലിടിച്ച് എട്ടു സ്ത്രീകള്‍ ഉള്‍പ്പടെ 12 പേര്‍ മരിച്ചു



തിരുപ്പതി: ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ നിയന്ത്രണംവിട്ട കണ്ടെയ്‌നര്‍ ലോറി മാരുതി വാനിലിടിച്ച് എട്ടുസ്ത്രീകള്‍ ഉള്‍പ്പടെ 12 പേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബംഗളൂരു- ചെന്നൈ ദേശീയ പാതയില്‍ ബംഗരുപാളയം മണ്ഡലത്തിലെ മൊഗിലി ഘട്ട് റോഡിലായിരുന്നു അപകടം. മരിച്ച 12 പേരില്‍ ഒമ്പതുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പളനിയില്‍നിന്ന് വരികയായിരുന്ന ലോറിയുടെ ബ്രേക്ക് നഷ്ടമാവുകയും ഡിവൈഡറില്‍ ഇടിച്ച് തലകീഴായി മറിയുകയുമായിരുന്നു. എതിരേവരികയായിരുന്ന മിനി വാനിലും ഓട്ടോയിലുമിടിച്ചാണ് ലോറി നിന്നത്.


ഗംഗാവരം മണ്ഡലത്തിലെ മാരിമകുല ഗ്രാമവാസികളായ രാമചന്ദ്ര (50), രാമു (38), സാവിത്രമ്മ (40), പ്രമീല (37), ഗുരമ്മ (52), സുബ്രഹ്മണ്യം (49), ശേഖര്‍ (45), പപ്പമ്മ (49), പാലമനീര്‍ മണ്ഡലത്തിലെ ബലിജപ്പള്ളി നിവാസി നരേന്ദ്ര (37) എന്നിവരാണ് തിരിച്ചറിഞ്ഞവര്‍. അപകടത്തില്‍ കൊല്ലപ്പെട്ട ട്രക്കിന്റെ ഡ്രൈവറെയും ക്ലീനറെയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് പോലിസെത്തിയാണ് അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിച്ചത്. പളമാനര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയിലുള്ള ഒരാഴുടെ നില ഗുരുതരമാണെന്ന് പോലിസ് അറിയിച്ചു. ചിറ്റൂര്‍ ജില്ലാ കലക്ടര്‍ നാരായണ ഭാരത് ഗുപ്ത സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K