03 November, 2019 10:49:20 PM


അയോദ്ധ്യ വിധിയുമായി ബന്ധപ്പെട്ട്‌ മാധ്യമങ്ങൾക്ക് കര്‍ശന നിർദ്ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍



ദില്ലി: അയോദ്ധ്യ വിധിയുമായി ബന്ധപ്പെട്ട്‌ മാധ്യമങ്ങൾക്ക് കര്‍ശന നിർദ്ദേശങ്ങളുമായി കേന്ദ്ര ഉത്തരവ്. തർക്കമന്ദിരം തകർക്കുന്ന ദൃശ്യങ്ങളും അയോദ്ധ്യ വിധിയുമായി ബന്ധപ്പെട്ടു നടക്കുന്ന ആഘോഷങ്ങളുടെയും, പ്രതിഷേധങ്ങളുടെയും ദൃശ്യങ്ങളും കാണിക്കരുതെന്നാണ് കേന്ദ്ര വാർത്താപ്രഷേപണ അതോറിറ്റി (എന്‍ബിഎസ്എ) നിര്‍ദ്ദേശിക്കുന്നത്.


എന്‍ബിഎസ്എയുടെ കർശന മാർഗ്ഗനിർദേശങ്ങൾ ഇങ്ങനെ.


അയോദ്ധ്യ കേസ് എന്നത് ഏറ്റവും സചേദനമായതും, സവിഷമായതുമായ ഒരു വിഷയമായതിനാൽ കേസിൽ അന്തിമ വിധി വരാനിരിക്കെ പ്രക്ഷുബ്ധമായതും, വിദ്വേഷം പ്രചരിപ്പിക്കുന്നതും, തീവ്രവികാരമുണർത്തുന്നതുമായ യാതൊരുവിധ വാർത്തയും സംപ്രേക്ഷണം ചെയ്യരുതെന്നും, രാജ്യത്തിന്‍റെ മതേതരത്വവും , സാമുദായിക ഐക്യവും, പൊതുതാത്പര്യ പ്രകാരവും മാത്രമേ വാർത്തകൾ നൽകാൻ പാടുള്ളൂ എന്നും ഉത്തരവിൽ പറയുന്നു.


1. സുപ്രീംകോടതിയുടെ വിധി വരുന്നതിനു മുൻപ് പ്രസ്തുത വിഷയത്തിലെ കോടതി നടപടികൾ മുൻനിർത്തി ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്. 


2. സുപ്രീംകോടതി രേഖകൾ പരിശോധിച്ച ശേഷം വാർത്തയുടെ ആധികാരികതയും, യാഥാർഥ്യവും, കൃത്യതയും മനസിലാക്കിയ ശേഷമോ അല്ലങ്കിൽ ചുരുങ്ങിയപക്ഷം നേരിട്ട് കോടതിയിൽ നിന്നും അറിഞ്ഞതിനു ശേഷം മാത്രമേ കോടതിയുടെ പരിഗണനയിലിരുക്കുന്ന ഈ വിഷയത്തിൽ റിപ്പോർട്ടർമാരും, എഡിറ്റർമാരും  വാർത്തകൾ നൽകാൻ പാടുള്ളൂ. 


3. അയോദ്ധ്യ വിധിയുമായി ബന്ധപ്പെട്ടതോ, വിധിയുടെ അനന്തരഫലവുമായി  ബന്ധപ്പെട്ടതോ ആയ ഊഹാപോഹങ്ങളോ, ഊഹാപോഹങ്ങൾ മുൻ നിർത്തിയുള്ള  വാർത്തകളോ നൽകാൻ പാടില്ല. 


4. അയോദ്ധ്യ കേസിലെ വിധിയുമായി ബന്ധപ്പെട്ടുള്ള ഒരു വാർത്തകളിലും ബാബറി മസ്ജിദ് തകർക്കുന്ന ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു. 


5. അയോധ്യാ വിഷയവുമായി ബന്ധപ്പെട്ട് ഏതെങ്കിലും കക്ഷികൾ നടത്തുന്ന പ്രതിഷേധങ്ങളുടെയോ, ആഘോഷങ്ങളുടെയോ ദൃശ്യങ്ങൾ സംപ്രേക്ഷണം ചെയ്യാൻ പാടുള്ളതല്ല. 


6. ഏറ്റവും പ്രാധാന്യമുള്ള വിഷയമായതിനാൽ തന്നെ അയോദ്ധ്യ വിധിയുമായി ബന്ധപ്പെട്ട വാർത്തകൾ സംപ്രേക്ഷണം ചെയ്യുന്നതിന് മുൻപ്  ഉന്നത എഡിറ്റോറിയൽ അധികാരികളുടെ അനുവാദം മേടിക്കേണ്ടതാണ്. 


7. ഒരു വാർത്തയും, പരിപാടികളും ഏതെങ്കിലും സമുദായത്തിന് അനുകൂലമായോ, മുൻവിധിയോടുകൂടിയോ സംപ്രേക്ഷണം ചെയ്യാൻ പാടുള്ളതല്ല. 


8. കാഴ്ചക്കാരെ സ്വാധീനിക്കുന്ന രീതിയിലുള്ള ഏതെങ്കിലും തീവ്രമായ നിലപാടുകൾ പറയാൻ ചർച്ചകളിൽ ആർക്കും അനുവാദം നൽകരുത്.


9. തീവ്രവികാരങ്ങൾ ഉണർത്തുന്ന ചർച്ചകളും, വാഗ്‌വാദങ്ങളും ഒഴിവാക്കുക. 


മേൽപ്പറഞ്ഞിട്ടുള്ള മാർഗ്ഗ നിർദേശങ്ങൾ പാലിക്കാത്ത ചാനലുകൾക്കെതിരെയും, മാധ്യമങ്ങൾക്കെതിരെയും കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു.

മാധ്യമങ്ങൾക്ക് ഇത്രയും കർശനമായ നടപടികൾ നേരിടേണ്ടി വരുമ്പോൾ സോഷ്യൽ മീഡിയയേയും കാത്തിരിക്കുന്നത് മറ്റൊന്നല്ല. 


വിവിധ സുരക്ഷാ - അന്വേഷണ വിഭാഗങ്ങളുടെ അതീവ ജാഗ്രതയും, നിരീക്ഷണവും സോഷ്യൽ മീഡിയയിൽ ഉണ്ടായിരിക്കും എന്ന് കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകുന്നുണ്ട്. അതായത് സുപ്രീം കോടതി വിധിക്ക് അനുകൂലമായോ, പ്രതികൂലമായോ വിവിധ മത വിഭാഗത്തിൽ പെട്ടവരിൽ പ്രകോപനം ഉളവാക്കുന്ന രീതിയിൽ പ്രതികരിക്കുന്നവർക്കെതിരെയും, സാമൂഹിക അന്തരീക്ഷം തകർക്കുന്ന രീതിയിൽ ഫേക്ക് ഐഡികളുടെ സുരക്ഷിതത്വത്തിലിരുന്ന് പ്രചാരണം നടത്തുന്നവർക്കെതിരെയും, എല്ലാ പേജുകൾ, സീക്രട്ട് ഗ്രൂപ്പുകൾ അടക്കമുള്ള വാട്‌സ്ആപ്പ് - ഫേസ്‌ബുക്ക് കൂട്ടായ്മകൾ തുടങ്ങി എല്ലാ സോഷ്യൽ  മീഡിയ സംവിധാനങ്ങളും കർശന നിരീക്ഷണത്തിൽ ആയിരിക്കും എന്നാണ് കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകുന്നത്. 


ചുരുക്കി പറഞ്ഞാൽ മലയാള പത്ര ദൃശ്യ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കു പുറമെ, നാവിൽ വന്ന എന്തും പറയുവാൻ അവസരം നൽകുന്ന  സോഷ്യല്‍ മീഡിയാ  ഗ്രൂപ്പുകളിൽ ആര് പ്രകോപനപരമായ പോസ്റ്റിട്ടാലും ഉത്തരവാദിത്വം അതിടുന്ന ആളിനൊപ്പം  അഡ്മിൻമാർക്കുമായിരിക്കും. അതിനാൽ ഗ്രൂപ്പുകൾ നിയന്ത്രിക്കുന്നവർ പോസ്റ്റുകൾക്ക് അപ്രൂവൽ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നത് നല്ലതായിരിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K