31 October, 2019 09:35:32 PM


കേരളപിറവി ആഘോഷം ഇല്ല; ഏറ്റുമാനൂരില്‍ കര്‍ഷകര്‍ക്കുള്ള പുരസ്കാരവിതരണവും അവതാളത്തില്‍



ഏറ്റുമാനൂര്‍: ഏഴരപൊന്നാനയുടെ നാട്ടില്‍ ഇക്കുറി കേരളപിറവി ആഘോഷമില്ല. ഏറ്റുമാനൂര്‍ കൃഷിഭവന്‍റെ നേതൃത്വത്തില്‍ ചിങ്ങം ഒന്നിന് നടത്താനിരുന്ന 'വിളവ് 2019' കര്‍ഷകദിനാഘോഷപരിപാടികള്‍ മാറ്റിവെച്ചത് കേരളപിറവി ദിനത്തില്‍ നടത്തുമെന്നായിരുന്നു അധികൃതര്‍ അറിയിച്ചിരുന്നത്. എന്നാല്‍ കൃഷിവകുപ്പ് അധികൃതര്‍ താല്‍പര്യം പ്രകടിപ്പിക്കാത്തതിനാല്‍ പരിപാടി നടത്തുന്നില്ലെന്ന് നഗരസഭാ ചെയര്‍മാന്‍ ജോര്‍ജ് പുല്ലാട്ട് പറഞ്ഞു. പ്രതികൂല കാലാവസ്ഥയും മറ്റൊരു പ്രശ്നമായി.


ആഗസ്ത് 17ന് ഏറ്റുമാനൂരില്‍ നടക്കേണ്ടിയിരുന്ന കര്‍ഷകദിനാഘോഷങ്ങള്‍ മുന്‍വര്‍ഷത്തെ പോലെ പ്രളയത്തെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. ഏറ്റുമാനൂര്‍ നഗരസഭാ അതിര്‍ത്തിയില്‍ വ്യത്യസ്ത തലങ്ങളില്‍ മികവ് തെളിയിച്ച 51 കര്‍ഷകരെ ആദരിക്കുന്നതായിരുന്നു പരിപാടിയുടെ പ്രധാന ആകര്‍ഷണം. ഒപ്പം ഓലമെടയല്‍, കറിക്ക് അരിയല്‍, തേങ്ങാ ചിരകല്‍, തീറ്റമത്സരം, കാര്‍ഷിക വേഷ പ്രശ്ചന്നമത്സരം, തിരുവാതിര എന്നിങ്ങനെ വ്യത്യസ്തങ്ങളായ ഒട്ടേറെ മത്സരങ്ങളും.


പരിപാടികളുടെ നടത്തിപ്പിനായി നഗരസഭാ ചെയര്‍മാന്‍ അധ്യക്ഷനായും കൃഷി ഓഫീസര്‍ ജനറല്‍ കണ്‍വീനറുമായി 51 അംഗം സ്വാഗതസംഘവും രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചിരുന്നു. അവാര്‍ഡിന് കര്‍ഷകരെ തെരഞ്ഞെടുക്കുന്നതിന് സമിതി ഓരോ കര്‍ഷകരുടെയും കൃഷിടങ്ങല്‍ കണ്ട് വിലയിരുത്തുകയും ചെയ്തു. പിന്നാലെയാണ് പ്രളയം കാരണം പരിപാടി മാറ്റിവെച്ചത്. നവംബര്‍ 1ന് കേരളപിറവി ദിനത്തില്‍ ഇതേ പരിപാടികള്‍ നടത്തുമെന്ന് ചെയര്‍മാനും ജനറല്‍ കണ്‍വീനറും അറിയിച്ചിരുന്നു.

പക്ഷെ കേരളപിറവി ദിനത്തിന്‍റെ തലേന്ന് പോലും ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടത്താന്‍ അധികൃതര്‍ തയ്യാറായില്ല. നഗരസഭാ കൌണ്‍സിലിലും ചര്‍ച്ചകള്‍ ഉണ്ടായിട്ടില്ലെന്ന് നഗരസഭാ കൌണ്‍സിലര്‍മാര്‍ പറയുന്നു. പുരസ്കാരത്തിന് ആരെയാണ് പരിഗണിച്ചതെന്നറിയാതെ കര്‍ഷകരും. അവാര്‍ഡ് കമ്മറ്റിയ്ക്കും ഇതേ കുറിച്ച് വ്യക്തമായ ഒരു ധാരണയില്ല. മാറ്റിവെച്ച പരിപാടി ഇനി നടത്തുന്നില്ല എന്ന അറിയിപ്പും ഇതേവരെ ഔദ്യോഗികമായി അധികൃതര്‍ അറിയിച്ചിട്ടില്ല. 


കര്‍ഷകരുടെ പൂര്‍ണപിന്തുണയോടെ കര്‍ഷകദിനാഘോഷം ഏറ്റുമാനൂരില്‍ നടക്കാതായിട്ട് മൂന്ന് വര്‍ഷമായി. 2017ല്‍ പരിപാടി നടന്നുവെങ്കിലും കര്‍ഷകരില്‍ നല്ലൊരു ശതമാനവും കറുത്ത തുണികൊണ്ട് വായ് മൂടി കെട്ടികൊണ്ട് ബഹിഷ്കരിച്ചിരുന്നു. 2018ല്‍ പ്രളയം കാരണം ഒരു ആഘോഷവും പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ടായിരുന്നു. പിന്നീട് നഗരസഭാ കൌണ്‍സിലില്‍ കര്‍ഷകര്‍ക്കുള്ള പുരസ്കാരങ്ങള്‍ വിതരണം ചെയ്യുകയായിരുന്നു.


ഈ വര്‍ഷം പ്രളയത്തെ തുടര്‍ന്ന് മാറ്റിവെച്ച ആഘോഷം നവംബര്‍ ഒന്നിന് മുന്‍കൂട്ടി പറഞ്ഞപോലെ നടത്താതിരിക്കാന്‍ തടസങ്ങളൊന്നും ഇല്ലായിരുന്നുവെന്നാണ് കര്‍ഷകര്‍ ചൂണ്ടികാട്ടുന്നത്. അതുകൊണ്ടുതന്നെ കഴിഞ്ഞ വര്‍ഷത്തെ പോലെ കൌണ്‍സില്‍ യോഗത്തില്‍ വിളിച്ച് വരുത്തി ഒതുക്കത്തില്‍ പുരസ്കാരം നല്‍കാനുള്ള പദ്ധതിയാണ് സംഘാടകര്‍ക്കുള്ളതെങ്കില്‍ അതിനോട് യോജിക്കാനാവില്ലെന്ന നിലപാടാണ് ഒരു വിഭാഗം കര്‍ഷകര്‍ക്കുള്ളത്.  




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K