28 October, 2019 08:52:34 PM


കുഞ്ചാക്കോ ബോബനെ കുത്താൻ ശ്രമിച്ചു; സുഹൃത്തിനെ കൊന്നു: അറസ്റ്റിലായ 76കാരന്‍ റിമാന്‍ഡില്‍



കൊച്ചി: നടൻ കുഞ്ചാക്കോ ബോബനെ കുത്താൻ ശ്രമിച്ചതിന് ജയിലിലായ പ്രതി പുറത്തിറങ്ങിയതിനു പിന്നാലെ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തി. സംഭവത്തില്‍ പ്രതി തോപ്പുംപടി സ്വദേശി സ്റ്റാൻലി ജോസഫ് (76) അറസ്റ്റിലായി. എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപമുള്ള ചേമ്പിൻകാട് കോളനി നിവാസിയായ ദിലീപ് (65) ആണ് കൊല്ലപ്പെട്ടത്. സൗത്ത് റെയിൽവേ സ്റ്റേഷന്‍ പരിസരത്തുവച്ചായിരുന്നു കൊലപാതകം.


പള്ളികളിൽ നിന്ന് സാമ്പത്തിക സഹായം തേടി അതുകൊണ്ട് ജീവിക്കുകയായിരുന്നു ഇരുവരും. ഇതിനിടെ സംഭാവന കിട്ടിയ പണം വീതം വയ്ക്കുന്നതിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്നാണ് സ്റ്റാൻലി സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തിയത്. എപ്പോഴും കത്തി കൈവശം വയ്ക്കുന്ന സ്വഭാവക്കാരനായ ഇയാള്‍ പല കുത്തുകേസുകളിലും പ്രതിയാണെന്നും പൊലീസ് പറയുന്നു. ആറ് മാസം മുമ്പാണ് കുഞ്ചാക്കോ ബോബനെ കുത്താന്‍ ശ്രമിച്ചതിന് റയില്‍വേ പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്.


സ്ഥിരമായി എവിടെയും താമസിക്കുന്ന സ്വഭാവമില്ലാത്തതിനാലും മൊബൈൽ ഫോൺ ഉപയോഗിക്കാതിരുന്നതിനാലും പ്രതിയെ കണ്ടെത്താൻ പ്രയാസപ്പെട്ടതായി അന്വേഷണ ഉദ്യോഗസ്ഥൻ കടവന്ത്ര സ്റ്റേഷനിലെ ഇൻസ്പെക്ടർ അനീഷ് ജോയ് പറഞ്ഞു. ബന്ധുക്കളും സുഹൃത്തുക്കളും ഇല്ലാത്തതും സാമൂഹിക ജീവിതം ഇല്ലാത്തതും പ്രതിയെ കണ്ടെത്താൻ വെല്ലുവിളിയായതായി പൊലീസ് പറഞ്ഞു. തെളിവെടുപ്പിനു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K