27 October, 2019 11:47:26 AM


'ചെയ്യുന്ന ജോലി ആത്മാര്‍ഥമായി ചെയ്യൂ'; സര്‍ക്കാര്‍ ഓഫീസില്‍ കുറിപ്പെഴുതി വെച്ച് കള്ളന്‍; ഞെട്ടലില്‍ ജീവനക്കാര്‍




ഷൊര്‍ണൂര്‍: 'ഞാന്‍ ഒരു കള്ളനല്ല. നിങ്ങള്‍ ചെയ്യുന്ന ജോലി ആത്മാര്‍ഥമായി ചെയ്യൂ. നാം ഇരിക്കുന്ന സ്ഥലം വൃത്തിയായി സൂക്ഷിക്കുന്നവനാണ് നല്ല മനസുള്ളവര്‍.' ഷൊര്‍ണൂര്‍ റോഡിലെ അസി. ഡയറക്ടറുടെ ഓഫീസില്‍ ബുധനാഴ്ച രാത്രിയില്‍ ഒരു കള്ളന്‍ എഴുതി വെച്ചിട്ട് പോയ ഒരു കുറിപ്പാണ് ഇത്. തലപ്പിള്ളി താലൂക്കില്‍ വനത്തോടു ചേര്‍ന്ന മേഖലകളില്‍ പട്ടയ സര്‍വേ ജോലിയിലാണ് ഒരു മാസമായി ജീവനക്കാര്‍. 460 പട്ടയ അപേക്ഷകളില്‍ ഭൂമി അളന്നു തിട്ടപ്പെടുത്തി തീര്‍പ്പു കല്‍പ്പിക്കുക എന്നത് അധ്വാനമേറിയ ജോലിയാണെന്നും പിന്നെ എന്തിനാണ് ഇത്തരത്തില്‍ ഒരു കുറിപ്പെഴുതി വച്ചതെന്നും ജീവനക്കാര്‍ക്ക് അറിയില്ല.


ആത്മാര്‍ഥതയില്ലെന്ന മട്ടിലൊരു പരാതി ഇതുവരെ ഓഫിസില്‍ ലഭിച്ചിട്ടില്ല. പൂട്ടു പൊളിച്ചു കയറി ഇങ്ങനെയൊരു കുറിപ്പെഴുതാന്‍ മാത്രം പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ജീവനക്കാര്‍ പറയുന്നു. പൂട്ടു പൊളിച്ചു കയറിയ കള്ളന്‍ ഓഫിസ് സാമഗ്രികളടക്കമൊന്നും മോഷ്ടിച്ചിട്ടില്ല എന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍, ഓഫിസ് രേഖകളോടൊപ്പം സൂക്ഷിച്ചിരുന്ന ചെറിയ തുകകള്‍ മോഷണം പോയതായി പൊലീസ് കണ്ടെത്തി. കംപ്യൂട്ടറുകളടക്കം മറ്റൊന്നും മോഷണം പോയിട്ടില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K