26 October, 2019 10:40:04 PM


വായ്പയുടെ പേരില്‍ കബളിപ്പിക്കല്‍: കര്‍ഷകരുടെ പരാതി പ്രധാനമന്ത്രിക്കും; പരിശോധിച്ച് നടപടിയെന്ന് കൃഷിമന്ത്രി



ഏറ്റുമാനൂര്‍: കാര്‍ഷികാവശ്യങ്ങള്‍ക്ക് വായ്പ ലഭ്യമാക്കാമെന്ന് പറഞ്ഞ് ബാങ്ക് നടത്തിയ കാര്‍ഷികമേളയില്‍ തങ്ങളെ വിളിച്ച് വരുത്തി കബളിപ്പിച്ചെന്ന് ആരോപിച്ച് കര്‍ഷകര്‍ പ്രധാനമന്ത്രിക്ക് പരാതി നല്‍കി. ബാങ്ക് ഓഫ് ബറോഡാ ഉദ്യോഗസ്ഥര്‍ക്കും ഏറ്റുമാനൂര്‍ കൃഷിഭവനിലെ ഉദ്യോഗസ്ഥര്‍ക്കുമെതിരെ തെള്ളകം പാടശേഖരസമിതിയാണ് പരാതി നല്‍കിയത്. പരാതി ഗുജറാത്തിലെ ബാങ്ക് ആസ്ഥാനത്തേക്കും അയച്ചിട്ടുണ്ട്. നേരത്തെ ഇതുസംബന്ധിച്ച പരാതി സംസ്ഥാന കൃഷിമന്ത്രി സുനില്‍കുമാറിനും നല്‍കിയിരുന്നു. പരാതി പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുന്നതാണെന്ന് മന്ത്രി പരാതിക്കാരെ അറിയിച്ചു. ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രിക്കും പരാതി അയച്ചത്. 


ബാങ്ക് ഓഫ് ബറോഡയുടെ കര്‍ഷക ദ്വൈവാര ആഘോഷങ്ങളുടെ ഭാഗമായി നടന്ന കോട്ടയം ക്ലസ്റ്റര്‍ കാര്‍ഷികമേളയിലാണ് നാടകീയസംഭവങ്ങള്‍ അരങ്ങേറിയത്. ഏറ്റുമാനൂര്‍ കൃഷി ഓഫീസറുടെ അറിയിപ്പിനെ തുടര്‍ന്നാണ് പേരൂര്‍, തെള്ളകം, ഏറ്റുമാനൂര്‍ ഭാഗങ്ങളില്‍നിന്നും നെല്‍കര്‍ഷകര്‍ ഉള്‍പ്പെടെ കര്‍ഷകര്‍ പരിപാടിയില്‍ സംബന്ധിച്ചത്. കിസാന്‍ ക്രഡിറ്റ് കാര്‍ഡ് ഉള്‍പ്പെടെ കൃഷി ആവശ്യത്തിന് ധനസഹായം ലഭ്യമാക്കുന്നതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്യുമെന്ന് അറിയച്ചതുകൊണ്ടാണ് തങ്ങള്‍ യോഗത്തില്‍ പങ്കെടുത്തതെന്നും എന്നാല്‍ വായ്പ ലഭ്യമാക്കുന്നതിനുള്ള ഒരു നടപടികളും അവിടെ ഉണ്ടായില്ലെന്നുമാണ് കര്‍ഷകരുടെ പരാതി. 


കാര്‍ഷിക വായ്പാ വിതരണം നടന്നുവെങ്കിലും അത് മുന്‍കൂട്ടി കണ്ടെത്തിയ കുടുംബശ്രീ പോലുള്ള യൂണിറ്റുകള്‍ക്കായിരുന്നുവെന്നും തങ്ങള്‍ കബളിപ്പിക്കപ്പെടുകയായിരുന്നുവെന്നും ഇവര്‍ പരാതിയില്‍ കുറ്റപ്പെടുത്തുന്നു. തെള്ളകം പാടശേഖരസമിതി പ്രസിഡന്‍റ് തോമസ് വര്‍ഗീസ് ചിലമ്പട്ടുശ്ശേരില്‍, സെക്രട്ടറി മോന്‍സി പേരുമാലില്‍ എന്നിവര്‍ ചേര്‍ന്നാണ് കൃഷിമന്ത്രിക്കും പിന്നാലെ പ്രധാനമന്ത്രിക്കും പരാതി നല്‍കിയത്. യോഗത്തില്‍ പങ്കെടുക്കാനെത്തിയ തോമസ് ചാഴികാടന്‍ എംപിയെ തങ്ങളുടെ പ്രതിഷേധവും പ്രശ്നങ്ങളും അറിയിച്ചെങ്കിലും അദ്ദേഹം അത് മുഖവിലയ്ക്കെടുക്കാതെ ബാങ്ക് ജീവനക്കാരോടൊപ്പം നിലകൊള്ളുകയായിരുന്നുവെന്നും പ്രധാനമന്ത്രിക്ക് അയച്ച പരാതിയില്‍ പറയുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K