25 October, 2019 08:12:29 PM


കാത്തിരിപ്പിന് വിരാമം; വിമുക്ത ഭടന് ഓയില്‍ പാം ഇന്ത്യയില്‍ സ്ഥിരനിയമനത്തിന് വഴിതുറന്നു



കോട്ടയം: ഓയില്‍ പാം ഇന്ത്യയില്‍ രണ്ടു പതിറ്റാണ്ടു കാലം കരാര്‍ ജോലി ചെയ്ത വിമുക്തഭടന്‍റെ സ്ഥിര നിയമനത്തിനായുള്ള കാത്തിരിപ്പിന് വിരാമം. കൂടെ ജോലി ചെയ്ത കരാര്‍ ജീവനക്കാരെയെല്ലാം സ്ഥിരപ്പെടുത്തിയിട്ടും വിരമിക്കാറായ തനിക്ക് ഈ ആനുകൂല്യം നിഷേധിക്കുന്നതിനെതിരെ ഇദ്ദേഹം സമര്‍പ്പിച്ച പരാതിയില്‍ ഹര്‍ജികള്‍ സംബന്ധിച്ച നിയമസഭാ സമിതി തീര്‍പ്പു കല്‍പ്പിച്ചു. സ്ഥിര നിയമനം സംബന്ധിച്ച ഉത്തരവ് ഉടന്‍ ലഭിക്കുമെന്ന് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സമിതി തെളിവെടുപ്പില്‍ ചെയര്‍മാന്‍ കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എ പരാതിക്കാരനെ അറിയിച്ചു.


വാഹന പരിശോധനയ്ക്കിടെ അപമര്യാദയായി പെരുമാറിയതിന് മാധ്യമ പ്രവര്‍ത്തകന്‍ സമര്‍പ്പിച്ച പരാതിയില്‍  രണ്ടു പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തു.  പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതായി ജില്ലാ പോലീസ് മേധാവി സമിതിയെ അറിയിച്ചു. പോലീസുമായുണ്ടായ സംഘര്‍ഷത്തില്‍ കാലിന് പരുക്കേറ്റ് തൊഴിലെടുക്കാന്‍ കഴിയുന്നില്ലെന്നു കാണിച്ച് സമിതിയെ സമീപിച്ച വൈക്കം ടി.വി.പുരം സ്വദേശിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും സാമ്പത്തിക സഹായത്തിന്  ശുപാര്‍ശ ചെയ്യും. 1996 ലായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം.


മൂന്ന് വര്‍ഷം മുന്‍പ് കോട്ടയം മെഡിക്കല്‍ കോളേജില്‍ രോഗി മരിക്കാനിടയായതില്‍ ചികിത്സാ പിഴവ് സംഭവിച്ചെന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച പരാതിയില്‍ തെളിവെടുത്തു. ആശുപത്രി അധികൃതര്‍ ചികിത്സാ രേഖകള്‍ ഹാജരാക്കി. തിരുവനന്തപുരം, ആലപ്പുഴ മെഡിക്കല്‍ കോളേജുകളിലെ നാല് വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന സംഘത്തെ നിയോഗിച്ച്  ഇതു സംബന്ധിച്ച് പുനരന്വേഷണം നടത്തി റിപ്പോര്‍ട്ട് ഒരു മാസത്തിനകം നല്‍കണമെന്ന്  നിര്‍ദ്ദേശിച്ചു. 


കടുത്തുരുത്തി റബര്‍ മാര്‍ക്കറ്റിംഗ് ആന്‍റ് പ്രോസസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ അഴിമതി സംബന്ധിച്ച് ലഭിച്ച പരാതി വസ്തുതാപരമാണെന്ന് ബോധ്യപ്പെട്ട സാഹചര്യത്തില്‍  ഇതു സംബന്ധിച്ച് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. കുറ്റക്കാരില്‍നിന്ന് നഷ്ടം ഈടാക്കുന്നതിനുപുറമേ നിയമനടപടി സ്വീകരിക്കണമെന്നും സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 


തൊണ്ണൂറ്റിരണ്ടുകാരനായ മുന്‍ അധ്യാപകന്‍റെ പരാതിയില്‍ അദ്ദേഹത്തെ വീട്ടില്‍ ചെന്നുകണ്ട് വിവരശേഖരണം നടത്തണമെന്നും ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമന്നും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. പ്രീ-ഓഡിറ്റിനായി 52 വര്‍ഷം മുന്‍പ് നല്‍കിയ ഒരു മാസത്തെ ശമ്പളം നിലവിലെ സ്‌കെയിലില്‍ കിട്ടണമെന്നതാണ് പരാതിക്കാരന്‍റെ ആവശ്യം. 


ചങ്ങനാശേരിയിലെ വലിയകുളത്ത് റവന്യൂ വകുപ്പ് പാട്ടത്തിനു കൊടുത്ത സ്ഥലത്തെ കുളം നികത്തിയത് പൂര്‍വ്വ സ്ഥിതിയിലാക്കണമെന്ന് നിര്‍ദേശിച്ച സമിതി കുളവും വ്യായാമ കേന്ദ്രവും മികച്ച രീതിയില്‍ സജ്ജീകരിക്കുന്നത് സംബന്ധിച്ച് ഗ്രാമപഞ്ചായത്ത് പദ്ധതി നിര്‍ദേശം നല്‍കിയാല്‍ പരിഗണിക്കാമെന്നും അറിയിച്ചു. പരാതികള്‍ താഴേ തലത്തില്‍ പരിഹരിക്കപ്പെടാതെ വരുമ്പോഴാണ് ജനങ്ങള്‍ സമിതിയെ സമീപിക്കുന്നത്. അതുകൊണ്ടുതന്നെ സമിതിയുടെ തെളിവെടുപ്പ് യോഗങ്ങളില്‍ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥര്‍ ഹാജരാകാതിരുന്നാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും സമിതി ചെയര്‍മാന്‍ വ്യക്തമാക്കി. 


എറണാകുളം നഗരത്തില്‍ ഹോട്ടലുകളിലും ആശുപത്രികളിലും ഉള്‍പ്പെടെ മലിന ജലം വിതരണം ചെയ്യുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സമിതി തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.  സമിതി അംഗമായ ആര്‍. രാമചന്ദ്രന്‍ എം.എല്‍.എയാണ് വിഷയം ശ്രദ്ധയില്‍ പെടുത്തിയത്. അടുത്ത നിയമസഭാ സമ്മേളനത്തിനുശേഷം എറണാകുളത്ത് ബന്ധപ്പെട്ട വകുപ്പുകളുടെയും ഏജന്‍സികളുടെയും പ്രതിനിധികളുടെ യോഗം വിളിച്ച് ശുദ്ധജല വിതരണം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കെ.ബി. ഗണേഷ്‌കുമാര്‍ അറിയിച്ചു.


കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന തെളിവെടുപ്പില്‍ 13 പരാതികള്‍ പരിഗണിച്ചു.  പുതിയ പരാതികളും സ്വീകരിച്ചു. പുതിയതായി ലഭിച്ചതില്‍ ഏറെയും റീസര്‍വ്വേ രേഖകളില്‍ വാസസ്ഥലത്തിന് തോട്ടം എന്നു രേഖപ്പെടുത്തിയിരിക്കുന്നതുമായി ബന്ധപ്പെട്ട പരാതികളാണ്.  പ്രാദേശിക അദാലത്തുകള്‍ നടത്തി ഇവയില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിന്  ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. പതിനൊന്നു പരാതികളില്‍ സമിതി ഇന്ന് തീരുമാനമെടുത്തു. അംഗങ്ങളായ ആര്‍. രാമചന്ദ്രന്‍, രാജു ഏബ്രഹാം, പി. ഉബൈദുള്ള എന്നിവരും തെളിവെടുപ്പില്‍ പങ്കെടുത്തു. ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു, ജില്ലാ പോലീസ് മേധാവി പി.എസ്. സാബു, സമിതി ജോയിന്‍റ് സെക്രട്ടറി ജി. മാത്യുക്കുട്ടി എന്നിവരും സന്നിഹിതരായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K