19 October, 2019 02:25:43 PM


പിതാവ് വൃക്ക നല്‍കും; ഇനി ആദ്യയ്ക്ക് വേണ്ടത് സുമനസുകളുടെ കനിവ്



ഇരിങ്ങാലക്കുട: ഇരു വൃക്കകളും തകരാറിലായ ആറുവയസുകാരി ആദ്യ സുമനസുകളുടെ കനിവ് തേടുന്നു. വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രീയയാണ് ആദ്യയുടെ അസുഖത്തിന് ഏക പരിഹാരം. പൊന്നോമനയ്ക്ക് തന്‍റെ വൃക്ക പകുത്തു നല്‍കുവാന്‍ പിതാവ് തയ്യാറാണ്. പക്ഷെ മുന്നോട്ടുള്ള ചികിത്സയ്ക്ക് പണം കണ്ടെത്താൻ ആദ്യയുടെ മാതാപിതാക്കളായ വിനീഷിനും അനുവിനും കഴിയുന്നില്ല. 


ശസ്ത്രക്രീയയ്ക്കും ചികിത്സയ്ക്കും ഇതിനോടകം ലക്ഷങ്ങള്‍ ചെലവഴിച്ചു കാട്ടൂര്‍ രാജീവ്ഗാന്ധി കോളനിയില്‍ പുതിയാടന്‍ വിനീഷ്. മകളുടെ ചികിത്സയുമായി ആശുപത്രികള്‍ കയറിയിറങ്ങി കഴിഞ്ഞ ഒമ്പത് മാസമായി ജോലിയ്ക്കും പോകാനാവുന്നില്ല സ്വര്‍ണ്ണപണിക്കാരനായ വിനീഷിന്. കുടുബത്തിന്‍റെ കഷ്ടപ്പാട് മനസിലാക്കി നാട്ടുകാരും വിവിധ സംഘടനകളും സഹായഹസ്തവുമായി രംഗത്തുവന്നിട്ടുണ്ടെങ്കിലും വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രീയയ്ക്കും തുടര്‍ ചികിത്സയ്ക്കും ആവശ്യമായ പണം ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു.



ഓള്‍ കേരള മാമ്പി ഫാന്‍സ് ആന്‍റ് വെല്‍ഫെയര്‍ അസോസിയേഷന്‍ അംഗങ്ങള്‍ ആദ്യയ്ക്ക് സഹായഹസ്തവുമായി എത്തി. ബാഹുബലി ഫെയിം ചിറക്കൽ കാളിദാസൻ എന്ന  ആനയും അതിന്‍റെ സാരഥി ശരത് വയലാറും (മാമ്പി) എല്ലാവർക്കും പ്രിയങ്കരരാണ്. മാമ്പിയുടെ ആരാധക കൂട്ടായ്മ ആണ് ഈ അസോസിയേഷന്‍. വിവിധ തരത്തിൽ സമൂഹത്തിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാനും സാമൂഹിക നന്മയോടെയും പ്രവർത്തിക്കുന്ന ഈ കൂട്ടായ്മ പത്രത്തിൽ വന്ന വാർത്ത കണ്ടാണ് മാമ്പിയും തൃശൂർ, കോട്ടയം ജില്ലകളിലെ അസോസിയേഷൻ പ്രവർത്തകരും ഈ കുരുന്നിനു സഹായവുമായി എത്തിയത്. കേരളത്തിലെ മറ്റു പ്രദേശങ്ങളില്‍ നിന്നുള്ള അസോസിയേഷൻ പ്രവർത്തകരും സഹായമെത്തിക്കാനുള്ള ശ്രമത്തിലാണ്.


ഇതിനിടെ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി.കെ.രമേശ് ചെയര്‍മാനും വാര്‍ഡ് അംഗം ജയശ്രീ സുബ്രഹ്മണ്യവും കണ്‍വീനറുമായി ചികിത്സാസഹായ നിധി രൂപീകരിച്ചു. സൌത്ത് ഇന്ത്യന്‍ ബാങ്ക് കാട്ടൂര്‍ ശാഖയില്‍ അക്കൌണ്ടും (അക്കൌണ്ട് നമ്പര്‍ - 0033053000107213, IFSC കോഡ് -SIBL0000033) ആരംഭിച്ചിട്ടുണ്ട്. വിലാസം: ആദ്യ വിനീഷ്, പുതിയാടന്‍ വീട്, പൊഞ്ഞനം പി.ഓ, കാട്ടൂര്‍, തൃശൂര്‍ - 680702, ഫോണ്‍ - 7356596654.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.2K