18 October, 2019 02:46:42 PM


ഏറ്റുമാനൂര്‍ ടെമ്പിള്‍ റോഡില്‍ ദേവസ്വത്തിന് അധികാരമില്ലെന്ന് പിഡബ്ല്യുഡി; വെല്ലുവിളിച്ച് ഉപദേശകസമിതി



ഏറ്റുമാനൂര്‍: ഭക്തരുടേതല്ലാത്ത വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്ന് അറിയിച്ചുകൊണ്ട് പൊതുമരാമത്ത് വകുപ്പിന്‍റെ ഉടമസ്ഥതയിലുള്ള റോഡില്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചത് കൂടുതല്‍ വിവാദങ്ങളിലേക്ക്. റോഡിന്‍റെ ഉടമസ്ഥാവകാശം സംബന്ധിച്ച് ഇരുകൂട്ടരും വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകാതെ തര്‍ക്കിക്കുമ്പോള്‍ സര്‍ക്കാര്‍ രേഖകള്‍ സൂചിപ്പിക്കുന്നത് റോഡ് പൊതുമരാമത്ത് വകുപ്പിന്‍റേത് തന്നെയെന്ന്. റവന്യു വകുപ്പ് അളന്നു തിട്ടപ്പെടുത്തിയ റോഡില്‍ ദേവസ്വത്തിന് അധികാരങ്ങളില്ലെന്ന് ചൂണ്ടികാട്ടി പൊതുമരാമത്ത് വകുപ്പ് മഹാദേവക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ക്ക് കത്ത് നല്‍കി ഒരു വര്‍ഷം തികയും മുമ്പാണ് റോഡ് തങ്ങളുടേതാണെന്ന് സ്ഥാപിച്ചെടുക്കാനുള്ള  ദേവസ്വം ബോര്‍ഡിന്‍റെ നീക്കം.


ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലും ദേവസ്വം മന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലും കൈകൊണ്ട തീരുമാനങ്ങള്‍ പ്രകാരം ടെമ്പിള്‍ റോഡിലൂടെ പോലീസ് ഏര്‍പ്പെടുത്തിയ വണ്‍വേ ട്രാഫിക് പരിഷ്കാരം ഹൈക്കോടതി വിധിയുടെ സഹായത്തോടെ ഉപദേശകസമിതി പിന്‍വലിപ്പിച്ചത് ഏരെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഹൈക്കോടതി നിയോഗിച്ച അഡ്വക്കറ്റ് കമ്മീഷണറുടെ പേരില്‍ ഇതേ റോഡില്‍ പാര്‍ക്കിംഗ് നിരോധിച്ച് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. മുന്നറിയിപ്പ് ലംഘിച്ച് പാര്‍ക്ക് ചെയ്യുന്നവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുമെന്നാണ് ഹൈക്കോടതി ഉത്തരവ് ചൂണ്ടികാട്ടി ടെമ്പിള്‍ റോഡില്‍ സ്ഥാപിച്ച ബോര്‍ഡുകളില്‍ വ്യക്തമാക്കുന്നത്. 


റോഡിന്‍റെ ഉടമസ്ഥാവകാശം നിയമപ്രകാരം തങ്ങള്‍ക്കാണെന്നും സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചാണ് കാലാകാലങ്ങളായി മെയിന്‍റനന്‍സ് ജോലികള്‍ നടത്തിവരുന്നതെന്നും പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ വെളിപ്പെടുത്തുന്നു. പൊതുമരാമത്ത് വകുപ്പിന്‍റെ വാദങ്ങള്‍ സാധൂകരിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ കൈരളി വാര്‍ത്തയ്ക്ക് ലഭിച്ചു. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയില്‍ ലഭിച്ച പരാതിയെ തുടര്‍ന്ന് 2012 ജനുവരി 7ന് താലൂക്ക് സര്‍വ്വേയര്‍ നടത്തിയ സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ അഡീഷണല്‍ തഹസില്‍ദാര്‍ പൊതുമരാമത്ത് വകുപ്പിന് നല്‍കിയ കത്താണ് ഇതിലൊന്ന്. 



പേരൂര്‍ കവല മുതല്‍ മൈതാനത്തിന്‍റെ കവാടം വരെയുള്ള 86, 96 സര്‍വ്വേ നമ്പരുകളിലുള്ള റോഡ് പൊതുമരാമത്ത് വകുപ്പിന്‍റേതാണെന്ന് ദേവസ്വം ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ നടത്തിയ സ്ഥലപരിശോധനയില്‍  കണ്ടെത്തിയിരുന്നു. ഇവിടെ നിന്നും എം.സി.റോഡ് വരെ സര്‍വ്വേ നമ്പര്‍ 81ല്‍ പെട്ട  90 മീറ്റര്‍ നീളത്തിലുള്ള ഭാഗം മാത്രമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റേതെന്നും വ്യക്തമായിരുന്നു. ഈ വിവരങ്ങള്‍ ചൂണ്ടികാട്ടി അഡീഷണല്‍ തഹസില്‍ദാര്‍ 2012 ജനുവരി 12നാണ് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്‍റ് എഞ്ചിനീയര്‍ക്ക് കത്ത് നല്‍കിയത്.


പൊതുമരാമത്ത് വകുപ്പിന്‍റെ അധീനതയിലുള്ള റോഡില്‍ ഉത്സവത്തിന് കടകള്‍ കെട്ടി കച്ചവടം നടത്തുന്നതിന് അനുമതി നല്‍കാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമില്ലെന്നും അങ്ങിനെ ചെയ്താല്‍ കയ്യേറ്റമായി കണക്കാക്കി നിയമനടപടികള്‍ സ്വീകരിക്കുമെന്നും വ്യക്തമാക്കി  അസിസ്റ്റന്‍റ് എഞ്ചിനീയര്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ക്ക് കത്ത് നല്‍കിയിരുന്നു. ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ വിവരാവകാശനിയമപ്രകാരമുള്ള കത്തിന് 2018 ഫെബ്രുവരി 9ന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ നല്‍കിയ മറുപടിയിലും ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.



എന്നാല്‍ കോവില്‍പാടം റോഡ് എന്ന് വിളിപ്പേരുള്ള റോഡ് തങ്ങളുടേതാണെന്ന വാദഗതിയില്‍ ഉറച്ചുനില്‍ക്കുകയാണ് ഇപ്പോഴും ദേവസ്വം അധികൃതര്‍. ഇവിടെ അനധികൃതപാര്‍ക്കിംഗ് ഒഴിവാക്കുന്നതിന് വേണ്ടിതന്നെയാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചതെന്നാണ് ഇവരുടെ പക്ഷം. എന്നാല്‍ ബോര്‍ഡില്‍ സൂചിപ്പിക്കുന്ന തീയതിയില്‍ ഹൈക്കോടതിയുടെ ഉത്തരവില്ലെന്നും ഡി.ബി.എ.നം.2/2010ല്‍ 2016ല്‍ ഇറങ്ങിയ വേറൊരു ഉത്തരവില്‍ ഭാരവണ്ടികളും ചരക്ക് ലോറികളും പാര്‍ക്ക് ചെയ്യുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ചൂണ്ടികാണിക്കപ്പെടുന്നു. 



തന്‍റെ പേരിൽ ബോർഡിൽ എഴുതി വെച്ചിരിക്കുന്നതിന് ഘടക വിരുദ്ധമായാണ് അഡ്വക്കറ്റ് കമ്മീഷണർ എ എസ് പി കുറുപ്പ്  മാധ്യമങ്ങളോട് പ്രതികരിച്ചത്. ടെമ്പിൾ റോഡിൽ ഭാരവണ്ടികൾ പാർക്ക് ചെയ്യുന്നതിന് മാത്രമേ നിരോധനം ഉള്ളൂ എന്നാണ് അദ്ദേഹം പറയുന്നത്. 2016ലെ ഹൈക്കോടതി ഉത്തരവിലും ഇത് തന്നെയാണ് വ്യക്തമാക്കുന്നത്. എന്നാൽ ബോർഡ് വെച്ച തങ്ങളുടെ പ്രവൃത്തിയെ ന്യായീകരിച്ച് രംഗത്തെത്തിയ ഉപദേശകസമിതി ഭാരവാഹികൾ തെറ്റ് ചൂണ്ടി കാട്ടിയവരെ വെല്ലുവിളിച്ചിരിക്കുകയാണ്. ഭഗവാന്‍റെ മണ്ണില്‍ തൊടാന്‍ ആരെയും അനുവദിക്കില്ലെന്നും തർക്കമുള്ളവർ കോടതിയെ സമീപിക്കട്ടെ എന്നുമാണ് ഇവർ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന കുറിപ്പിൽ വെല്ലുവിളിച്ചിരിക്കുന്നത്. ഇത്  തന്നെയാണ് ഉപദേശകസമിതി സെക്രട്ടറി മാധ്യമങ്ങളോടും പറഞ്ഞത്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K