18 October, 2019 12:28:31 AM


സ്വയം വിരമിക്കാന്‍ രണ്ടാമതും അപേക്ഷ നല്‍കിയിട്ടില്ല; മറുപടി ലഭിച്ചത് ആറ് മാസം കഴിഞ്ഞ് - ജേക്കബ് തോമസ്



തിരുവനന്തപുരം: സര്‍വീസില്‍ നിന്ന് സ്വയം വിരമിക്കാന്‍ രണ്ടാമതും അപേക്ഷ നല്‍കിയിട്ടില്ലെന്നും കഴിഞ്ഞ മാര്‍ച്ചില്‍ നല്‍കിയ അപേക്ഷ നിലനില്‍ക്കുന്നുണ്ടെന്നും ഡി.ജി.പി ഡോ.ജേക്കബ് തോമസ് പറഞ്ഞു. താന്‍ രണ്ടാമതും വി.ആര്‍.എസ് അപേക്ഷ നല്‍കിയെന്ന വാര്‍ത്ത തെറ്റാണ്. കഴിഞ്ഞ മാര്‍ച്ചില്‍ അപേക്ഷ നല്‍കിയപ്പോള്‍ സര്‍ക്കാര്‍ തീരുമാനമെടുത്തില്ല. ഇതിനെതിരെ അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. ട്രൈബ്യൂണല്‍ ഉത്തരവ് പ്രകാരമാണ് സര്‍വീസില്‍ തിരിച്ചെടുത്തത്.


ഐ.പി.എസ് ഉദ്യോഗസ്ഥനായ തന്നെ വ്യവസായ വകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനത്തിലാണ് നിയമിച്ചത്. ചുമതലയേറ്റ വിവരം അറിയിച്ച്‌ സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍, സ്വയം വിരമിക്കല്‍ അപേക്ഷ നിലനില്‍ക്കുന്നതായി സൂചിപ്പിച്ചിരുന്നു. സ്വയം വിരമിക്കല്‍ അപേക്ഷയില്‍ മൂന്ന് മാസത്തെ നോട്ടീസ് കാലാവധി പാലിച്ചിട്ടില്ലെന്ന് കാട്ടി സര്‍ക്കാര്‍ മറുപടി നല്‍കിയിരുന്നു. അപേക്ഷിച്ച്‌ ആറ് മാസത്തിനു ശേഷമാണ് മറുപടി ലഭിച്ചത്. സ്വയം വിരമിക്കല്‍ നേടിയെടുക്കാന്‍ കോടതിയിലെ പോരാട്ടം തുടരുമെന്നും ജേക്കബ് തോമസ് പറഞ്ഞു. അവധിക്കു ശേഷം 28നാണ് കേന്ദ്ര അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. അതിനു ശേഷം ജേക്കബ്തോമസിന്‍റെ ഹര്‍ജി പരിഗണിക്കും



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K