18 October, 2019 12:15:53 AM


ശബരിമലയില്‍ 1273 കോടി ചെലവഴിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞത് കള്ളം;​ ചെലവഴിച്ചത് 47.4 കോടി മാത്രം - ഉമ്മന്‍ചാണ്ടി




തിരുവനന്തപുരം: ശബരിമലയുടെ വികസനത്തിനായി ഇടതുസര്‍ക്കാര്‍ മൂന്ന് വര്‍ഷം കൊണ്ട് 1273 കോടി ചെലവഴിച്ചെന്നും യു.ഡി.എഫ് സര്‍ക്കാര്‍ 212 കോടിയേ ചെലവഴിച്ചുള്ളൂ എന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന അവാസ്തവമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശബരിമലയുടെ വികസനത്തിനായി ഇടതുസര്‍ക്കാര്‍ ഇതുവരെ ചെലവഴിച്ചത് 47.4 കോടി മാത്രമാണ്. യു.ഡി.എഫ് സര്‍ക്കാരിന്‍റെ അഞ്ച് വര്‍ഷക്കാലയളവില്‍ 1500 കോടിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തി.


എല്‍.ഡി.എഫ് സര്‍ക്കാര്‍ വന്നശേഷം 2016-17ലും 2017-18ലും 25 കോടി വീതവും 2018-19ല്‍ 28 കോടിയും ബഡ്ജറ്റില്‍ വകയിരുത്തിയതേയുള്ളൂ. കിഫ്ബി വഴി 141.75 കോടി ഉള്‍പ്പെടെ ശബരിമലയുമായി ബന്ധപ്പെട്ട് 739 കോടി ചെലവഴിക്കുമെന്ന് നടപ്പു സാമ്ബത്തികവര്‍ഷത്തെ ബഡ്ജറ്റ് പ്രസംഗത്തില്‍ പറഞ്ഞെങ്കിലും ഒരു രൂപ പോലും ചെലവഴിച്ചില്ല. ശബരിമലയിലെ വരുമാനനഷ്ടം നികത്താന്‍ പ്രഖ്യാപിച്ച 100 കോടിയും നല്‍കിയില്ല. മുഖ്യമന്ത്രിയുടെ പ്രസ്താവന ശരിയെങ്കില്‍ ശബരിമലയില്‍ ഓരോ മേഖലയിലും ബഡ്ജറ്റില്‍ വകയിരുത്തിയതും ചെലവഴിച്ചതും സംബന്ധിച്ച വിശദമായ കണക്കുകള്‍ പുറത്തുവിടണം.


ശബരിമല മാസ്റ്റര്‍പ്ലാന്‍ നടപ്പാക്കാനായി ആദ്യമായി ബഡ്ജറ്റില്‍ തുക വകകൊള്ളിച്ചത് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരാണ്. ഈ ആവശ്യത്തിന് മാത്രം 150 കോടി ചെലവിട്ടു. ശബരിമല റോഡ് വികസനത്തിന് 640 കോടിയും പമ്ബയിലും സന്നിധാനത്തും ആശുപത്രികളും സ്ഥാപിച്ചു. കവനന്റ് അനുസരിച്ച്‌ 1949 മുതല്‍ നല്‍കിവന്ന 40 ലക്ഷം രൂപയുടെ ഗ്രാന്റ് 80 ലക്ഷമായി വര്‍ദ്ധിപ്പിച്ചത് എ.കെ. ആന്റണിയുടെ 2001ലെ സര്‍ക്കാരായിരുന്നെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. മുന്‍ ദേവസ്വംമന്ത്രി വി.എസ്. ശിവകുമാറും പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K