15 October, 2019 05:30:35 PM


ഏറ്റുമാനൂര്‍ നഗരസഭയിലെ അഴിമതി ആരോപണങ്ങള്‍: സിപിഎമ്മിനു പിന്നാലെ കോണ്‍ഗ്രസിലും ആശയക്കുഴപ്പം

ആരോപണങ്ങള്‍ അന്വേഷിക്കാന്‍ കോണ്‍ഗ്രസ് പ്രത്യേക സമിതിയെ നിയോഗിച്ചു



ഏറ്റുമാനൂര്‍: നഗരസഭ അഴിമതിയില്‍ മുങ്ങികുളിക്കുന്നതായ ആരോപണങ്ങള്‍ സിപിഎമ്മിലേതെന്ന പോലെ തന്നെ കോണ്‍ഗ്രസ് പാളയത്തിലും ആശയകുഴപ്പം സൃഷ്ടിക്കുന്നു. സിപിഎം പ്രതിനിധിയായ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷനെതിരെയും കോണ്‍ഗ്രസ് പ്രതിനിധിയായ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷയ്ക്കെതിരെയും സിപിഎം പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ കൂടിയായ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി.എസ്.വിനോദ് ഉന്നയിച്ച ആരോപണങ്ങളാണ് ഇപ്പോള്‍ പ്രശ്നങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്. 


മാലിന്യനിര്‍മ്മാര്‍ജനപ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള റിംഗ് കമ്പോസ്റ്റ് നിര്‍മ്മാണത്തിന് മുന്‍കൂര്‍ തുക നല്‍കി എന്നായിരുന്നു  സിപിഎം പ്രതിനിധിയായ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷന്‍ ടി.പി.മോഹന്‍ദാസിന്‍റെ പേരിലുള്ള ആരോപണം. ഇതോടെ സിപിഎം അംഗങ്ങള്‍ക്കിടയിലുള്ള പോര് മറനീക്കി പുറത്തു വന്നു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കോണ്‍ഗ്രസ് അംഗങ്ങളോടൊപ്പം ചേര്‍ന്ന് പാര്‍ട്ടിയുടെ പ്രതിശ്ചായ നശിപ്പിക്കാനൊരുങ്ങുന്നു എന്ന് ടി.പി.മോഹന്‍ദാസ് തിരിച്ചടിച്ചത് പാര്‍ട്ടി ഘടകങ്ങളിലും ചര്‍ച്ചയ്ക്ക് വഴിയൊരുക്കി.


ഇനിയും നിര്‍മ്മാണം ആരംഭിച്ചിട്ടില്ലാത്ത വനിതാ വിശ്രമകേന്ദ്രത്തില്‍ ഫര്‍ണീച്ചറുകള്‍ വാങ്ങുന്നതിന് നാല് ലക്ഷം രൂപാ അഡ്വാന്‍സായി നല്‍കിയെന്നായിരുന്നു കോണ്‍ഗ്രസ് പ്രതിനിധി കൂടിയായ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സൂസന്‍ തോമസിനെതിരെ വിനോദ് ഉന്നയിച്ച ആരോപണം. ഇതിന് പിന്നാലെയാണ് മണ്ഡലം പ്രസിഡന്‍റ് കൂടിയായ ടോമി പുളിമാന്‍തുണ്ടം ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് കൌണ്‍സിലര്‍മാരും തന്‍റെ പാര്‍ട്ടിയിലെ ചില അംഗങ്ങളുമാണ് നഗരസഭയിലെ അഴിമതികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് എന്ന് മോഹന്‍ദാസ് ആരോപിച്ചത്. സിപിഎം നേതാവിന്‍റെ ഈ ആരോപണം ഉള്‍പ്പെടെ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ബ്ലോക്ക് കമ്മറ്റിയോഗത്തില്‍ ചര്‍ച്ചയായി എന്നാണ് അറിയുന്നത്.


തങ്ങളുടെ പാര്‍ട്ടി പ്രതിനിധിയായ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണത്തെ കുറിച്ച് വിശദമായി അന്വേഷിക്കുവാന്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റി യോഗം തീരുമാനിക്കുകയായിരുന്നു. ഒപ്പം നഗരസഭ പുതുതായി പണിയുന്ന വ്യാപാരസമുശ്ചയത്തിലെ അഴിമതി ആരോപണവും അന്വേഷണവിധേയമാക്കും. യുഡിഎഫ് ഭരിക്കുന്ന നഗരസഭയില്‍ ഉയര്‍ന്നുവരുന്ന വിവാദങ്ങള്‍ ഭാവിയില്‍ തങ്ങളുടെ പ്രതിശ്ചായയെ പ്രതികൂലമായി ബാധിച്ചേക്കാമെന്ന് കോണ്‍ഗ്രസും ഭയപ്പെടുന്നു. ബ്ലോക്ക് ജനറല്‍ സെക്രട്ടറിയും റിട്ട പോലീസ് ഉദ്യോഗസ്ഥനുമായ  ആർ രവികുമാർ അദ്ധ്യക്ഷനായും സെയില്‍സ് ടാക്സ് റിട്ട ഉദ്യോഗസ്ഥന്‍ കെ.സി ഡൊമിനിക്, മനു ജോൺ, ജോയി പൂവംനിൽക്കുന്നേൽ എന്നിവർ അംഗങ്ങളായുമുള്ള സമിതിയാണ് അന്വേഷണം നടത്തുക.


നിലവിലെ നഗരസഭാ കാര്യാലയത്തിന് മുകളില്‍ വനിതകള്‍ക്കായി വിശ്രമകേന്ദ്രം ഒരുക്കുന്നതിന് കരാര്‍ ആയെങ്കിലും പണികള്‍ ഇതുവരെയും ആരംഭിച്ചില്ല. വിശ്രമകേന്ദ്രം നിര്‍മ്മിക്കാനുള്ള സ്ഥലം ഇപ്പോള്‍ ആരോഗ്യ സ്ഥിരം സമിതിയുടെ നേതൃത്വത്തില്‍ പ്ലാസ്റ്റിക് മാലിന്യം വേര്‍തിരിക്കുന്നതിനുള്ള ഇടമായി ഉപയോഗിക്കുകയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അനുവദിച്ച തുക ലാപ്‌സായി പോകാതിരിക്കുന്നതിന് വിശ്രമകേന്ദ്രത്തിലേക്കുള്ള സാധനസാമഗ്രികള്‍ക്കും ക്വട്ടേഷന്‍ ക്ഷണിച്ചിരുന്നു. ആ കാലയളവില്‍ ഇതിനെല്ലാം നേതൃത്വം നല്‍കിയിരുന്നത് പ്ലാനിംഗ് കമ്മറ്റി ഉപാധ്യക്ഷന്‍ ആയിരുന്ന സിപിഎം അംഗം ബോബന്‍ ദേവസ്യ ആയിരുന്നുവെന്ന് സൂസന്‍ തോമസ് പറയുന്നു. ഇദ്ദേഹം തന്നെയാണ് പ്ലാന്‍ ഫണ്ട് നഷ്ടപ്പെടാതിരിക്കാന്‍ വനിതാ വിശ്രമ കേന്ദ്രത്തിന്‍റെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുകയാണെന്ന് സെക്രട്ടറിയെ ധരിപ്പിച്ച് ചെക്ക് ഒപ്പിടുവിച്ചതെന്ന് സൂസന്‍ തോമസ് കുറ്റപ്പെടുത്തിയിരുന്നു. 


എന്നാല്‍ ഈ ആരോപണം ബോബന്‍ ദേവസ്യ നിഷേധിക്കുകയാണുണ്ടായത്. വനിതാ വിശ്രമകേന്ദ്രത്തിന്‍റെ നിര്‍മ്മാണം ഇത് വരെ ആരംഭിച്ചിട്ടില്ലാ എന്നറിയാവുന്ന സെക്രട്ടറി സാധനസാമഗ്രികള്‍ വാങ്ങാന്‍ ചെക്ക് ഒപ്പിട്ടത് തന്നെ  വന്‍ അഴിമതിയാണെന്നും കുറ്റക്കാര്‍ക്കെതിരെ വിജിലന്‍സിന് പരാതി നല്‍കുമെന്നുമാണ് ബോബന്‍ ദേവസ്യ പറഞ്ഞത്. വിശ്രമകേന്ദ്രത്തിലേക്ക് കട്ടിലുകള്‍, സോഫാ, അലമാര, റഫ്രിജറേറ്റര്‍, ടെലിവിഷന്‍, എയര്‍കണ്ടീഷണര്‍ തുടങ്ങിയ  സാധനങ്ങള്‍ക്കാണ് അഡ്വാന്‍സ് നല്‍കിയിട്ടുള്ളത്.


എന്നാല്‍ ഫര്‍ണീച്ചറുകള്‍ വാങ്ങാനും റിംഗ് കമ്പോസ്റ്റിനും തുക മുന്‍കൂറായി നല്‍കി എന്ന് ആരോപിക്കുന്നവര്‍ എന്തുകൊണ്ടാണ് നഗരസഭാ ഷോപ്പിംഗ് കോംപ്ലക്‌സിന്‍റെ കാര്യത്തില്‍ നടന്ന ക്രമക്കേടില്‍ മൌനം പാലിക്കുന്നതെന്ന ചോദ്യവും അംഗങ്ങള്‍ ഉന്നയിക്കുന്നു. ഇവിടെ വാപ്‌കോസിന് 44 ലക്ഷം രൂപാ അഡ്വാന്‍സായി നല്‍കുവാന്‍ നഗരസഭ തീരുമാനിച്ചിരുന്നു. ഈ തീരുമാനം കൈകൊണ്ടത് ഇപ്പോള്‍ ആരോപണങ്ങള്‍ ഉന്നയിച്ച വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഉള്‍പ്പെടെയായിരുന്നു. ക്രമവിരുദ്ധമായാണ് കരാര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതെന്ന കാരണത്താല്‍ അസിസ്റ്റന്‍റ് എഞ്ചിനീയര്‍ തുക നല്‍കാനാവില്ലെന്ന് റിപ്പോര്‍ട്ട് നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും വിഷയം ചര്‍ച്ച ചെയ്യാന്‍ ചെയര്‍മാനോ സമിതി അംഗങ്ങളോ തയ്യാറായിട്ടില്ലെന്നതും ചൂണ്ടികാണിക്കപ്പെടുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K