14 October, 2019 04:26:09 PM


ആനക്കൊമ്പ് കൈവശംവച്ച കേസ്; വനം വകുപ്പിനെതിരെ നടന്‍ മോഹന്‍ലാല്‍ ഹൈക്കോടതിയില്‍



കൊച്ചി: ആനക്കൊമ്പ് കൈവശംവച്ചെന്ന കേസില്‍ വനം വകുപ്പിന്‍റെ കുറ്റപത്രത്തിനെതിരെ നടന്‍ മോഹന്‍ലാല്‍ ഹൈക്കോടതിയില്‍. ആനക്കൊമ്പ് സൂക്ഷിക്കാന്‍ മുന്‍കാല പ്രാബല്യത്തോടെ അനുമതിയുണ്ടെന്നും,​ അതിനാല്‍ തനിക്കെതിരെയുള്ള കേസ് നിലനില്‍ക്കില്ലെന്നും കാണിച്ചാണ് താരം സത്യവാങ്മൂലം സമര്‍പ്പിച്ചത്. ആനക്കൊമ്പ് കൈവശം വയ്ക്കുന്നതിനുള്ള ലൈസന്‍സിന് മുന്‍കാല പ്രാബല്യമുണ്ടെന്നും,​ അതിനാല്‍ നിയമ തടസമില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. കൂടാതെ കേസിലൂടെ ജനമധ്യത്തിലുള്ള തന്‍റെ പ്രതിച്ഛായ മോശമാക്കാന്‍ ശ്രമിക്കുന്നുവെന്നും മോഹന്‍ലാല്‍ ആരോപിക്കുന്നു.


ആനക്കൊമ്പ് കൈവശം വയ്ക്കാന്‍ മുന്‍കാല പ്രാബല്യത്തോടെ മുഖ്യവനപാലകന്‍ അനുമതി നല്‍കിയിരുന്നു. 2015ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ കാലത്താണ് മോഹന്‍ലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കുന്നതിനുള്ള അനുമതി നല്‍കിയത്. ഇത് റദ്ദാക്കണമെന്നും കേസ് നടക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി പെരുമ്പാവൂര്‍ സ്വദേശിയായ പൗലോസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് മോഹന്‍ലാല്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. ആനക്കൊമ്പ് കേസില്‍ മോഹന്‍ലാല്‍ ഒന്നാം പ്രതിയാണെന്ന് കാണിച്ചുള്ള കുറ്റപത്രം സെപ്റ്റംബര്‍ 30 നാണ് കോടതിക്ക് കെെമാറിയത്. ആനക്കൊമ്പ് കൈവശം വച്ചതിന് മോഹന്‍ലാല്‍ അടക്കമുള്ള പ്രതികള്‍ക്കെതിരെ പരമാവധി അഞ്ചു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്.


2012 ജൂണില്‍ മോഹന്‍ലാലിന്‍റെ തേവരയിലുളള വീട്ടില്‍ ആദായികുതി വിഭാഗം നടത്തിയ റെയ്ഡില്‍ നാലു ആനക്കൊമ്പുകള്‍ കണ്ടെത്തിയതായി കുറ്റപത്രത്തില്‍ പറയുന്നു. രണ്ടു ജോഡി ആനക്കൊമ്പുകള്‍ 2011 ഡിസംബര്‍ 21 ന് പിടികൂടിയെങ്കിലും ആറു മാസം കഴിഞ്ഞ് 2012 ജൂണ്‍ 12 നാണ് കേസ് എടുത്തത്.  പ്രതികളുടെ പ്രവൃത്തി കുറ്റകരവും ശിക്ഷാര്‍ഹവുമാണെന്നു കുറ്റപത്രത്തിലുണ്ട്. മോഹന്‍ലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കാന്‍ അനുമതി നല്‍കിയതില്‍ ഹൈക്കോടതി നേരത്തെ അതൃപ്തി അറിയിച്ചിരുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K