13 October, 2019 07:58:23 PM


കടുത്തുരുത്തിയില്‍ സ്‌കൂട്ടറിന് മുകളിലേയ്ക്ക് വൈദ്യുതി കമ്പി പൊട്ടിവീണ് യുവതിയ്ക്ക് ദാരുണാന്ത്യം



കടുത്തുരുത്തി: മൂന്നംഗ കുടുംബം സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിന് മുകളിലേയ്ക്ക് പൊട്ടിവീണ വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റ് വീട്ടമ്മ  മരിച്ചു. ആപ്പാഞ്ചിറ പൂഴിക്കോൽ ഉള്ളാടംകുന്നേൽ പ്രശാന്തിന്‍റെ ഭാര്യ രശ്മി (35) യാണ് മരിച്ചത്.  ‍ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.45 ഓടെ കീഴൂർ-ആപ്പാഞ്ചിറ റോഡിൽ കളരിക്കൽതാഴെ ട്രാൻസ്‌ഫോർമറിനടുത്താണ് അപകടം. വാഹനത്തിലുണ്ടായിരുന്ന പ്രശാന്തിനും ഇളയ മകൾ അഭിമന്യക്കും അപകടത്തിൽ പൊള്ളലേറ്റു. 


ഇരുവരേയും മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  തലയോലപ്പറമ്പിൽ പോയി മകൾ അഭിമന്യയ്ക്ക് ചെരുപ്പ് വാങ്ങിയശേഷം തിരികെ പൂഴിക്കോലിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു മൂവരും. പൊട്ടിവീണ വൈദ്യുതി കമ്പി മൂവരുടെയും ദേഹത്ത് ചുറ്റുകയായിരുന്നു. ഇതോടെ നിയന്ത്രണംവിട്ട സ്‌കൂട്ടർ സമീപത്തെ എട്ടടിയോളം താഴ്ച്ചയുള്ള പാടത്തേയ്ക്ക് മറിഞ്ഞു. പ്രശാന്തും മകൾ അഭിമന്യയും പാടത്ത് പച്ചക്കറി കൃഷിക്കായി ഒരുക്കിയിരുന്ന മൺകൂനയിലേക്കും രശ്മി പാടത്തെ വെള്ളക്കെട്ടിലേക്കുമാണ് വീണത്.


രശ്മിയുടെ കയ്യിൽ ചുറ്റി കിടക്കുന്ന നിലയിലായിരുന്നു വൈദ്യുതി കമ്പി. നിലത്തുവീണ മൂവരുടെയും കരച്ചിൽകേട്ട് ഇതുവഴി യാത്രക്കാരുമായിവന്ന ഓട്ടോറിക്ഷാ ഡ്രൈവറായ കാരിക്കോട് ഒറക്കനാംകുഴിയിൽ രതീഷും അപകടസ്ഥലത്തിനടുത്തുള്ള രോഹിണിയിൽ വിനോദും കൂടി ഇവരെ രക്ഷിക്കാൻ പാടത്തേക്കിറങ്ങിയെങ്കിലും ഷോക്കേറ്റു. ഉടൻതന്നെ ഇവർ സമീപത്തെ ട്രാൻസ്‌ഫോർമറിന്‍റെ ഫ്യൂസ് ഊരി മാറ്റിയതോടെയാണ് മൂവരേയും കരയ്ക്ക് കയറ്റാനായത്.


പരിക്കേറ്റവരെ ഓട്ടോറിക്ഷയിൽ ആശുപത്രിയിലെത്തിച്ചെങ്കിലും രശ്മി ആൽപ്പസമയത്തിനകം മരിച്ചു. മൂവരുടെയും ശരീരത്തിൽ പൊള്ളലേറ്റതിന്‍റെ പാടുകൾ ഉണ്ട്. രശ്മിയ്ക്ക് അർദ്ധ സർക്കാർ സ്ഥാപനമായ മൂവാറ്റുപുഴയിലെ ഡന്‍റല്‍ കെയറിൽ മൂന്ന് മാസം മുമ്പാണ് കോർഡിനേറ്ററായി ജോലി ലഭിച്ചത്. രശ്മിയുടെ മൃതദേഹം മുട്ടുചിറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. അഭിരാമി മൂത്തമകളാണ്.


- രാജേഷ് കടുത്തുരുത്തി



Share this News Now:
  • Google+
Like(s): 357