12 October, 2019 01:28:59 PM


വടക്കഞ്ചേരി പന്തലാംപാടത്ത് കണ്ടെത്തിയ അസ്ഥികൂടം മൂന്ന് മാസം മുമ്പ് കാണാതായ വടക്കഞ്ചേരി സ്വദേശിനിയുടേത്



ആലത്തൂർ: വടക്കഞ്ചേരി പന്തലാംപാടം ശങ്കരൻ കണ്ണൻതോടിന് സമീപം അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ മരിച്ച സ്ത്രീ വടക്കഞ്ചേരി സ്വദേശിനിയെന്ന് തിരിച്ചറിഞ്ഞു. വടക്കഞ്ചേരി ചന്തപ്പുരയിൽ വാടകക്ക് താമസിക്കുന്ന വെട്ടിപുരക്കൽ വീട്ടിൽ സെയ്താലിയുടെ ഭാര്യ സൈനബ (60) യെയാണ് ബന്ധുക്കൾ തിരിച്ചറിഞ്ഞത്. അസ്ഥികൂടത്തിന്റെ സമീപത്ത് നിന്ന് ഇവർ ധരിച്ചിരുന്ന സാരി, ലേഡീസ് ബാഗ്, പേഴ്സ്, മൊബൈൽ ഫോൺ, മൊബൈൽ ചാർജർ, ചെരുപ്പ് എന്നിവയിൽ നിന്നാണ് ബന്ധുക്കൾ മരിച്ചത് സൈനബയെന്ന് ഉറപ്പിച്ചത്.



കഴിഞ്ഞ ജൂൺ 28 മുതൽ ഇവരെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പീച്ചി പോലീസിൽ പരാതി നൽകിയിരുന്നു. ഇത് സംബന്ധിച്ച് പത്രത്തിൽ പരസ്യവും നൽകിയിരുന്നു. ജൂൺ 28ന് പീച്ചി കണ്ണാറയിൽ പോയി മടങ്ങും വഴിയാണ് ഇവരെ കാണാതായതായതെന്ന് പരാതിയിൽ പറയുന്നു.അതേ സമയം അസ്ഥി കൂടത്തിന്റെ സമീപത്ത് നിന്ന് വിഷമെന്ന് സംശയിക്കുന്ന ദ്രവരൂപത്തിലുള്ള വസ്തു കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളുവെന്ന് പോലീസ് പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K