10 October, 2019 04:56:10 PM


വൈറ്റില മേല്‍പ്പാലം നിര്‍മ്മാണം ആര്‍.ബി.ഡി.സി.കെ അല്ല: വ്യാജവാര്‍ത്തകള്‍ പ്രരിപ്പിച്ചാല്‍ നിയമനടപടി - മന്ത്രി ജി.സുധാകരന്‍



കൊച്ചി: വൈറ്റില മേല്‍പാലത്തിലൂടെ വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ മെട്രോ ഗര്‍ഡറില്‍ തട്ടുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് മന്ത്രി ജി.സുധാകരന്‍. നിര്‍മ്മാണം സുഗമമായി മുന്നോട്ട് പോകുകയാണ്. മേല്‍പാലത്തിന്‍റെ നിര്‍മാണം നിര്‍ത്തിവച്ചിരിക്കുകയാണെന്നും പാലത്തിനും മെട്രോ വയഡക്ടിനും തമ്മില്‍ ആവശ്യത്തിന് അകലമില്ലെന്നും സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണം  വ്യാജമാണെന്നും അദ്ദേഹം തന്‍റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.


ദേശീയപാത അതോറിറ്റിയുടെ മാനദണ്ഡമനുസരിച്ചു 5.5 മീറ്റര്‍ ക്ലിയറന്‍സാണു വേണ്ടത്. ഇതുള്‍പ്പെടെ മോര്‍ത്ത് (മിനിസ്ട്രി ഓഫ് റോഡ് ട്രാന്‍സ്പോര്‍ട് ആന്‍ഡ് ഹൈവേ) നിഷ്കര്‍ഷിച്ച എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് പാലത്തിന്‍റെ നിര്‍മാണം. ഈ മേല്‍പ്പാലത്തിന്‍റെ നിര്‍മ്മാണം നടത്തുന്നത് എസ്.പി.വിയായ കെ.ആര്‍.എഫ്.ബി (കേരള റോഡ് ഫണ്ട് ബോര്‍ഡ്) മുഖേന പൊതുമരാമത്ത് ദേശീയപാത വിഭാഗമാണ്. അല്ലാതെ വ്യാജ പ്രചാരകര്‍ പറയുന്നതുപോലെ ആര്‍.ബി.ഡി.സി.കെ അല്ല. മേല്‍പ്പാലത്തിന്‍റെ നിര്‍മ്മാണം തടയാനും അതിനെതിരെ വ്യാപകമായി തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവന നടത്താനും ഒരു ലോബി തന്നെ എറണാകുളത്ത് പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണ്. ആ ലോബിയില്‍ പലരും പാലാരിവട്ടം പാലത്തിലെ കുഴപ്പകാരുടെ ആളുകളാണ്. ഇതൊന്നും പൊതുജനങ്ങളെ ബാധിക്കുന്ന കാര്യമല്ല. ഇത്തരം കള്ളവാര്‍ത്തകള്‍ നല്‍കുന്നത് അവസാനിപ്പിച്ച് നേരെ വാ, നേരെ പോ എന്ന മാതൃക സ്വീകരിക്കുകയാണ് എല്ലാവരും ചെയ്യേണ്ടത്. മന്ത്രി സൂചിപ്പിക്കുന്നു.


വൈറ്റില മേല്‍പ്പാലം നിര്‍മ്മാണം 68%, കുണ്ടന്നൂര്‍ 75% പൂര്‍ത്തിയായിട്ടുണ്ട്. 2020 മാര്‍ച്ചില്‍ മേല്‍പ്പാലം രണ്ടും പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആവര്‍ത്തിച്ചുള്ള പരിശോധനകള്‍ ഈ രണ്ട് പാലങ്ങളിലും നടത്തിക്കൊണ്ടിരിക്കുകയാണ്. പാലം നിര്‍മ്മാണങ്ങള്‍ നല്ല നിലയിലാണ് മുന്നോട്ട് പോകുന്നത്. രണ്ട് പാലങ്ങളുടെയും അപ്രോച്ച് റോഡുകളില്‍ ഗതാഗതം സുഗമമാക്കുന്നതിന് വേണ്ടി 750 മീറ്റര്‍ വീതം ഇന്‍റര്‍ലോക്ക് ചെയ്ത് പൂര്‍ത്തീകരിച്ചിട്ടുണ്ട്. കുണ്ടന്നൂര്‍ മുതല്‍ പാലാരിവട്ടം പാലത്തിന്‍റെ സമീപം വരെ അവശേഷിക്കുന്ന ഭാഗത്തും ഇന്‍റര്‍ലോക്ക് ചെയ്തും ഓവര്‍ലെ ചെയ്തും ആധൂനിക വത്കരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


കേന്ദ്ര സര്‍ക്കാര്‍ നിര്‍മ്മിക്കേണ്ട പാലങ്ങളാണിത്. എന്നാല്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ സംസ്ഥാനം പണിഞ്ഞ് കൊള്ളാമെന്ന് എന്‍.എച്ച്.എ.ഐക്ക് സമ്മതപത്രം നല്‍കിയതിന്‍റെ അടിസ്ഥാനത്തിലാണ് ഇത് സംസ്ഥാന സര്‍ക്കാര്‍ പണിയാന്‍ നിര്‍ബന്ധിതമായത്. പിണറായി സര്‍ക്കാര്‍ വന്നതിന് ശേഷം ഇത് കേന്ദ്രം പണിയണം എന്ന് പറഞ്ഞ് പൊതുമരാമത്ത് മന്ത്രിയെന്ന നിലയില്‍ താനും, മുഖ്യമന്ത്രിയും കത്ത് അയച്ചിരുന്നതാണ്. എന്നാല്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അയച്ച കത്ത് തിരികെ അയച്ച് ഇത് കഴിഞ്ഞ സര്‍ക്കാര്‍ അംഗീകരിച്ചതാണെന്നും സംസ്ഥാനം തന്നെ പണിയണം എന്നും പറഞ്ഞു. അങ്ങനെയാണ് 200 കോടി രൂപ അടങ്കലില്‍ ഈ രണ്ട് മേല്‍പ്പാലങ്ങളുടെ പ്രവൃത്തി ഏറ്റെടുത്തിട്ടുള്ളത്. ഏതായാലും സംസ്ഥാനം പ്രസ്തുത ആറുവരിപാലം നിര്‍മ്മിച്ച് പൂര്‍ത്തിയാക്കുമെന്നും സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K