05 October, 2019 04:32:19 PM


പേരൂര്‍ പൂവത്തുംമൂട് പാലത്തിന് സമീപവും പെരുവയിലും കാറുകള്‍ മറിഞ്ഞ് അഞ്ച് പേര്‍ക്ക് പരിക്ക്



കോട്ടയം: ഏറ്റുമാനൂര്‍ - മണര്‍കാട് ബൈപാസ് റോഡില്‍ പേരൂര്‍ പൂവത്തുംമൂട് പാലത്തിന് സമീപം കാര്‍ റോഡില്‍നിന്നും എട്ട് അടി താഴ്ചയിലേക്ക് മറിഞ്ഞ് നാല് യാത്രക്കാര്‍ക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല. രാവിലെ ആറര മണിയോടെയായിരുന്നു അപകടം. നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍നിന്നും തിരുവഞ്ചൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് പാലത്തിന് മുമ്പ് ഇടതുവശത്ത് താഴെയുള്ള പുരയിടത്തിലേക്ക് മലക്കം മറിയുകയായിരുന്നു. ഓടികൂടിയ നാട്ടുകാര്‍ പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 


പെരുവയില്‍ റോഡില്‍ കാര്‍ തലകീഴായി മറിഞ്ഞ് കാര്‍ യാത്രികനായ വൈദികന് പരിക്ക്. കാരിക്കോട് സ്വദേശി ഫാ.ജയിംസ് ചാലപ്പുറത്തിനാണ് പരിക്കേറ്റത്. മൂര്‍ക്കാട്ടില്‍പ്പടി പെരുവ റോഡില്‍ പകല്‍ ഒരു മണിയോടെയായിരുന്നു അപകടം. റോഡില്‍ കാര്‍ വട്ടെ തിരിക്കവെ നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിയുകയായിരുന്നു.

 


നാല്‍ക്കവലയായ പൂവത്തുംമൂട് ജംഗ്ഷനില്‍ അപകടങ്ങള്‍ പരമ്പരയായിരിക്കുകയാണ്. സംക്രാന്തി - പേരൂര്‍ റോഡിന് കുറുകെയാണ് പുതിയ ബൈപാസ് റോഡ് കടന്നുപോകുന്നത്. നാല്‍കവല കടന്നാലുടന്‍ പാലത്തിലേക്ക് പ്രവേശിക്കുകയാണ്. പാലത്തിന്‍റെ അപ്രോച്ച് റോഡില്‍നിന്നും വാഹനങ്ങള്‍ താഴേക്ക് പതിക്കുന്നത് തടയാനായി ശക്തമായ ബാരിക്കേഡുകള്‍ ഇല്ലാത്തതും അപകടങ്ങള്‍ക്ക് വഴിവെക്കുന്നു. കിഴക്കന്‍ മേഖലകളില്‍നിന്നും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുള്ള  ആംബുലന്‍സുകള്‍ മുഴുവന്‍ ഈ വഴിയാണ് കടന്നുപോകുന്നത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K