05 October, 2019 01:21:16 PM


ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവും പിതാവും കസ്റ്റഡിയില്‍: കൂട്ടകൊലപാതകത്തിലേക്ക് നയിച്ചത് 2002ല്‍ തുടങ്ങിയ പ്രണയം




കോഴിക്കോട്: കൂടത്തായിയിലെ അടുത്ത ബന്ധുക്കളായ ആറു പേരുടെ മരണത്തില്‍ കസ്റ്റഡിയിലെടുത്തവരുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നു. വര്‍ഷങ്ങളുടെ ഇടവേളയില്‍ മരിച്ചവരുടെ ബന്ധുവായ ജോളിയെയും ഇവര്‍ക്ക് സയനൈഡ് എത്തിച്ചുനല്‍കിയെന്ന് കരുതുന്ന ജ്വല്ലറി ജീവനക്കാരനെയുമാണ് വടകര റൂറല്‍ എസ്പി ഓഫീസില്‍ ചോദ്യം ചെയ്യുന്നത്. ഇതിനിടെ, സംഭവത്തില്‍ പങ്കുണ്ടെന്ന സംശയത്തില്‍ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെയും, ഇയാളുടെ പിതാവിനെയും ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തു. നേരത്തെ ചോദ്യം ചെയ്തിരുന്നെങ്കിലും സംഭവത്തില്‍ പങ്കില്ലെന്ന ഷാജുവിന്‍റെ മൊഴി അന്വേഷണ സംഘം മുഖവിലയ്‌ക്കെടുത്തിട്ടില്ല.


കേസില്‍ നിലവില്‍ കസ്റ്റഡിയിലുള്ള ജോളിയുടേയും ഇവര്‍ക്ക് സയനൈഡ് എത്തിച്ച്‌ നല്‍കിയ ജ്വല്ലറി ജീവനക്കാരന്റേയും അറസ്റ്റ് വൈകുന്നേരത്തോടെ രേഖപ്പെടുത്തിയേക്കും. ഇരുവരും കുറ്റസമ്മതം നടത്തിയതായും വിവരമുണ്ട്. ഭര്‍ത്താവ് റോയി തോമസിന്‍റെ സഹോദരിയേയും വകവരുത്താന്‍ ശ്രമിച്ചിരുന്നെന്ന് ജോളി മൊഴി നല്‍കിയതായും വിവരമുണ്ട്.

മരിച്ചവരുടെ മൃതദേഹം കല്ലറകളില്‍നിന്ന് പുറത്തെടുത്ത് കഴിഞ്ഞ ദിവസം പരിശോധന നടത്തുകയും സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തതോടെയാണ് കൂട്ടകൊലപാതകത്തിന്‍റെ സൂചനകള്‍ ലഭിച്ചത്. മരിച്ച ആറുപേരുടേയും മൃതദേഹങ്ങളില്‍ നിന്ന് സയനൈഡിന്‍റെ അംശം ലഭിച്ചതായാണ് സൂചന.


ഇതിന്‍റെ കൃത്യമായ റിപ്പോര്‍ട്ട് ഫോറന്‍സിക് ലാബില്‍നിന്ന് ലഭിച്ചതിനുശേഷം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്താനാണ് ക്രൈംബ്രാഞ്ച് നേരത്തെ തീരുമാനിച്ചതെങ്കിലും ഇവര്‍ കുറ്റം സമ്മതിച്ച സാഹചര്യത്തില്‍ ശനിയാഴ്ച തന്നെ അറസ്റ്റ് രേഖപ്പെടുത്തും. 2002 മുതല്‍ 2016 വരെയുള്ള കാലയളവിലാണ് ഒരു കുടുംബത്തിലെ ആറുപേര്‍ ഒരേ സാഹചര്യത്തില്‍ മരിച്ചത്. കൂടത്തായിയിലെ റിട്ട.അധ്യാപികയായ അന്നമ്മ തോമസാണ് 2002 ഓഗസ്റ്റ് 22-ന് ആദ്യം മരിച്ചത്. ആട്ടിന്‍സൂപ്പ് കഴിച്ച ഇവര്‍ തൊട്ടുപിന്നാലെ കുഴഞ്ഞു വീഴുകയായിരുന്നു. ആറു വര്‍ഷത്തിനു ശേഷം അന്നമ്മയുടെ ഭര്‍ത്താവ് ടോം തോമസും ഇതിനു മൂന്നു വര്‍ഷത്തിന് ശേഷം ഇവരുടെ മകന്‍ റോയ് തോമസും മരിച്ചു. 


2014 ഏപ്രില്‍ 24-ന് അന്നമ്മയുടെ സഹോദരനും അയല്‍വാസിയുമായ എംഎം മാത്യുവും സമാന സാഹചര്യത്തില്‍ മരിച്ചു. ഇതേവര്‍ഷം മെയ് ഒന്നിന് ടോം തോമസിന്‍റെ സഹോദരന്‍റെ മകന്‍ ഷാജുവിന്‍റെ ഒരു വയസ്സുള്ള മകള്‍ അല്‍ഫൈനയും ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. 2016 ജനുവരി 11-നാണ് അവസാനമരണം സംഭവിക്കുന്നത്. ഷാജുവിന്‍റെ ഭാര്യ ഫിലിയും ജോളിയുടെ മടിയിലേക്ക് കുഴഞ്ഞു വീണ് മരിച്ചു. ഇതിനു പിന്നാലെയാണ് ഭാര്യ ജോളിയും ഷാജുവും വിവാഹിതരായത്. 2002 മുതല്‍ അടുപ്പത്തിലായിരുന്ന ഇരുവരും കുടുംബത്തില്‍ എതിര് നില്‍ക്കുന്നവരെയും ബാധ്യതയായേക്കാവുന്ന പങ്കാളികളെയും ഇല്ലാതാക്കി സ്വസ്ഥമായി ഒന്നിച്ചു താമസിക്കാനുള്ള ആഗ്രഹപ്രകാരമായിരുന്നു കൊലപാതകങ്ങള്‍ നടത്തിയത് എന്ന നിഗമനത്തിലാണ് പോലീസ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K