05 October, 2019 12:33:30 PM


പിടിച്ചു നില്‍ക്കാനാകാതെ ജോളി ആത്മഹത്യയ്ക്ക് ശ്രമിച്ചു; കൂടത്തായി കൂട്ടമരണത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍




കോഴിക്കോട് : കൂടത്തായി കൂട്ട ദുരൂഹമരണത്തിന് കാരണമായത് കൊല്ലപ്പെട്ട റോയിയുടെ ബന്ധുവിനു റോയിയുടെ ഭാര്യ ജോളിയുമായുള്ള അവിഹിതമെന്ന് കണ്ടെത്തല്‍. ഇയാളുടെ ഭാര്യയും കുഞ്ഞും കൊലപാതകത്തിന്‍റെ ഇരകളായി. പിന്നീട് ജോളിയെ ഇയാള്‍ വിവാഹം കഴിക്കുകയും ചെയ്തു. പൊലീസ് കസ്റ്റഡിയിലുള്ള ജോളി ദിവസങ്ങള്‍ക്ക് മുമ്പ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍. കൂടത്തായി ദുരൂഹമരണങ്ങള്‍ മാധ്യമങ്ങളില്‍ വാര്‍ത്തയാകുകയും, കൂട്ട മരണത്തിലെ ദുരൂഹത നീക്കാന്‍ ക്രൈംബാഞ്ച് സംഘം കല്ലറകള്‍ തുറന്ന് ശാസ്ത്രീയ പരിശോധനകള്‍ നടത്താന്‍ തീരുമാനിക്കുയും ചെയ്തതോടെയാണത്രേ ജോളി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 


സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ജോളി ആത്മഹത്യയ്ക്ക് കാരണമെന്തെന്ന ചോദ്യത്തിന് തനിക്ക് കൈപ്പിഴവ് സംഭവിച്ചതായി അടുത്ത ബന്ധുക്കളോട് കുറ്റസമ്മതം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വിവരം പിന്നീട് പൊലീസിന് ലഭിച്ചു. ഇന്നലെ കല്ലറകള്‍ തുറന്നുള്ള ശാസ്ത്രീയ പരിശോധനകള്‍ പൊലീസ് നടത്തിയിരുന്നു. ഇതിന്‍റെ ശാസ്ത്രീയ റിപ്പോര്‍ട്ട് ലഭിച്ചശേഷം ജോളിയെ കസ്റ്റഡിയില്‍ എടുക്കാനായിരുന്നു പൊലീസ് സംഘം നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ സാഹചര്യത്തെളിവുകളും, നേരത്തെ കസ്റ്റഡിയിലെടുത്ത ഷാജു ചില നിര്‍ണായക വിവരങ്ങള്‍ വെളിപ്പെടുത്തിയതും കണക്കിലെടുത്ത്, ജോളിയെ ഉടന്‍ തന്നെ കസ്റ്റഡിയില്‍ എടുക്കാന്‍ പൊലീസ് തീരുമാനിക്കുകയായിരുന്നു.


ജോളി ആത്മഹത്യയ്ക്ക് ശ്രമിച്ച സാഹചര്യത്തില്‍ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുന്നതാകും ഏറെ നല്ലതെന്നുമുള്ള നിഗമനത്തില്‍ ക്രൈംബ്രാഞ്ച് എത്തി. ഇടുക്കി കട്ടപ്പന സ്വദേശിയായ ജോളി എംകോം ബിരുദധാരിണിയാണെന്നാണ് വിവഹസമയത്ത് ബന്ധുക്കളോട് പറഞ്ഞിരുന്നത്. 1998 ലായിരുന്നു ജോളിയും റോയിയും തമ്മില്‍ വിവാഹം നടന്നത്. കോഴിക്കോട് എന്‍ഐടിയില്‍ ഏറെ നാള്‍ അധ്യാപികയായിരുന്നുവെന്നും ജോളി പറഞ്ഞിരുന്നു. എന്നാല്‍ അത് കളവാണെന്ന് പിന്നീട് തെളിഞ്ഞു. എന്‍ഐടിയുടെ വ്യാജ ഐഡന്‍റിറ്റി കാര്‍ഡ് ഉണ്ടാക്കിയത് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജോളി നേരത്തെ ബ്യൂട്ടി പാര്‍ലറും വിദ്യാഭ്യാസ സ്ഥാപനവും നടത്തിയിരുന്നതായി റിപ്പോര്‍ട്ടുണ്ട്.


ജോളിയെ സംബന്ധിച്ച വിശദാംശങ്ങള്‍ പൊലീസ് നേരത്തെ മുതല്‍ രഹസ്യമായി ശേഖരിച്ചുവരികയായിരുന്നു. കട്ടപ്പനയില്‍ അടക്കം എത്തി ക്രൈംബ്രാഞ്ച് സംഘം തെളിവുകള്‍ ശേഖരിച്ചിരുന്നു. രണ്ടരമാസത്തോളം ക്രൈംബ്രാഞ്ച് സംഘം അതീവ രഹസ്യമായി വിവരങ്ങള്‍ ശേഖരിച്ചുവരികയായിരുന്നു. ദുരൂഹമരണത്തിന്‍റെ നിഗൂഡത തേടി പൊലീസ് അന്വേഷണം തുടരുന്നു എന്നു മനസ്സിലാക്കിയ ചിലര്‍ തങ്ങളെ പിന്തുടരുന്നതായി ക്രൈംബ്രാഞ്ചിനും വിവരം ലഭിച്ചിരുന്നു. ഇതോടെ നിരീക്ഷണത്തിലുള്ളവരെ ഒഴിവാക്കുന്ന പ്രതീതി ജനിപ്പിച്ചായിരുന്നു തുടര്‍ അന്വേഷണം നടത്തിയത്.


ജോളിയുടെ ആദ്യഭര്‍ത്താവായ റോയി തോമസ്, ഇദ്ദേഹത്തിന്‍റെ അമ്മ അന്നമ്മ, അച്ഛന്‍ ടോം തോമസ്, അമ്മാവന്‍ മാത്യു മഞ്ചാടിയില്‍, ടോം തോമസിന്‍റെ സഹോദരന്‍ സക്കറിയയുടെ മകന്‍ ഷാജുവിന്‍റെ ഭാര്യ ഫിലി, മകള്‍ അല്‍ഫൈന്‍ എന്നിവരാണ് പലപ്പോഴായി ഒരേ രീതിയില്‍ ഛര്‍ദിച്ച്‌ കുഴഞ്ഞുവീണ് മരിച്ചത്. ഇതിന് പുറമെ, റോയിയുടെ സഹോദരിയെയും ജോളി കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നു. ഇതിനായി ശ്രമിച്ചിരുന്നതായും ജോളി പൊലീസിനോട് വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ട്. ടോം തോമസിന്‍റെ മകനായ അമേരിക്കയിലുള്ള റോജോ നല്‍കിയ പരാതിയിലാണ് കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടായത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K