02 October, 2019 09:55:37 PM


സഭാ ആസ്ഥാനത്തേക്ക് യാക്കോബായ വിശ്വാസികളുടെ പ്രതിഷേധമാര്‍ച്ച് കോട്ടയത്ത് പോലീസ് തടഞ്ഞു



കോട്ടയം : ദേവലോകത്തെ ഓര്‍ത്തഡോക്‌സ് സഭാ ആസ്ഥാനത്തേക്ക് യാക്കോബായ സഭാ വിശ്വാസികള്‍ പ്രതിഷേധമാര്‍ച്ച് നടത്തി. കോട്ടയം ഭദ്രാസത്തിന്റെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച് കഞ്ഞിക്കുഴിയില്‍ വെച്ച് പോലീസ് തടഞ്ഞു. പോലീസ് ബാരിക്കേഡുകള്‍ ഭേദിച്ച് മുന്നോട്ട് പോകാന്‍ മാര്‍ച്ചില്‍ പങ്കെടുത്തുവര്‍ ശ്രമിച്ചില്ലെങ്കിലും മെത്രാപ്പോലീത്തന്‍മാരും മുതിര്‍ന്ന വൈദികരും തടഞ്ഞു.


സെന്റ ജോസഫ്‌സ് കത്തീഡ്രലില്‍ നിന്ന് ആരംഭിച്ച മാര്‍ച്ചിന് കോട്ടയം ഭദ്രാസനാധിപന്‍ തോമസ് മാര്‍ തീമോത്തിയോസ്, മെത്രപ്പോലീത്തന്‍ ട്ര്‌സറ്റി ജോസഫ് മാര്‍ ഗ്രീഗോറിയോസ്, ഗീവര്‍ഗീസ് മാര്‍ കൂറിലോസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കട്ടച്ചിറ, പിറവം, കോലഞ്ചേരി പള്ളികളില്‍ നിന്ന് യാക്കോബായസഭാംഗങ്ങളെ പുറത്താക്കിയതായും സെമിത്തേരികളില്‍ ശവസംസ്‌കാരം അനുവദിക്കാത്തതും നീതികേടാണെന്ന് മാര്‍ച്ചില്‍ പങ്കെടുത്തവര്‍ ആരോപിച്ചു.


എന്നാല്‍ പള്ളികളില്‍ വിശ്വാസികള്‍ പ്രവേശിക്കുന്നത് തടയില്ലെന്നും ആരാധനയ്ക്കായി എത്തുന്നവരെ വിലക്കില്ലെന്നും ഓര്‍ത്തഡോക്‌സ് സഭ വ്യക്തമാക്കി. 1934 ലെ ഭരണഘടന അനുസരിച്ച് ഒരുമിച്ച് ആരാധിക്കാനുള്ള സാഹചര്യം ഒരുക്കുവാനാണ് സഭ ആഗ്രഹിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K