01 October, 2019 04:45:32 PM


പ്രവൃത്തിസമയം നീട്ടിയതറിഞ്ഞ് പ്രൈവറ്റ് സെക്ടര്‍ ബാങ്കുകളില്‍ എത്തിയ ഇടപാടുകാര്‍ക്ക് കിട്ടിയത് എട്ടിന്‍റെ പണി




തിരുവനന്തപുരം: കേരളത്തിലെ പൊതുമേഖലാ ബാങ്കുകളുടെ പ്രവൃത്തിസമയം നാല് മണി വരെ നീട്ടിയത് അറിഞ്ഞ് പണമിടപാടുകള്‍ക്ക് പ്രൈവറ്റ് സെക്ടര്‍ ബാങ്കുകളില്‍ എത്തിയ ഇടപാടുകാര്‍ക്ക് കിട്ടിയത് എട്ടിന്‍റെ പണി. കേരളത്തിലങ്ങോളമിങ്ങോളം ശാഖകളുള്ള ഫെഡറല്‍ ബാങ്ക്, കാത്തലിക് സിറിയന്‍ ബാങ്ക്, ധനലക്ഷ്മി ബാങ്ക്, സൌത്ത് ഇന്ത്യന്‍ ബാങ്ക് എന്നീ ബാങ്കുകളില്‍ എത്തിയ ഇടപാടുകാര്‍ക്ക് പണമടയ്ക്കാനോ എടുക്കാനോ കഴിയാതെ മടങ്ങേണ്ടിവന്നു. 


ഇടപാടുകാരില്‍ പലരും ഈ ബാങ്കുകള്‍ പ്രൈവറ്റ് സെക്ടറില്‍ വരുന്നതാണെന്ന അറിവില്ലാതെ പോയതും ഇവയും നാഷണലൈസ്ഡ് ബാങ്കുകളില്‍ ഉള്‍പ്പെടുമെന്ന് ധരിച്ചവരും ആയിരുന്നു. പതിവ് പോലെ മൂന്നരയ്ക്ക് കൌണ്ടര്‍ ക്ലോസ് ചെയ്ത് പണമിടപാടുകള്‍ അവസാനിപ്പിച്ചശേഷവും ഒട്ടേറെ ആളുകളാണ് ഈ ബാങ്കുകളിലേക്ക് ഒഴുകിയെത്തിയത്. ബുധനാഴ്ച ഗാന്ധിജയന്തി പ്രമാണിച്ച് അവധിയായതും ഇടപാടുകാരെ ഏറെ വിഷമിപ്പിച്ചിരിക്കുകയാണ്.


ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍റെ നിര്‍ദേശപ്രകാരം സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയാണ് ചൊവ്വാഴ്ച മുതല്‍ എല്ലാ ബാങ്കുകളും പ്രവ്ര‍ത്തനസമയം രാവിലെ 10 മുതല്‍ വൈകീട്ട് നാലുവരെയാക്കി പുതുക്കി നിശ്ചയിച്ചത്. എന്നാലിത് സ്വകാര്യ ബാങ്കുകള്‍ക്ക് ബാധകമല്ലെന്നും അറിയിപ്പുണ്ടായിരുന്നു. എന്നാല്‍ സാധാരണക്കാരായ ഇടപാടുകാരില്‍ നല്ലൊരു ശതമാനവും സ്വകാര്യബാങ്കുകള്‍ എന്ന് ഉദ്ദേശിച്ചത് മുത്തൂറ്റ്, കൊശമറ്റം പോലുള്ള ധനകാര്യസ്ഥാപനങ്ങളെയാണ്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K