27 September, 2019 09:49:45 PM


കിഫ്ബി ഉള്‍പ്പെടെ അഭിമാന പദ്ധതികള്‍ക്കെതിരെയുള്ള ദുരാരോപണങ്ങള്‍ ജനം തള്ളി - ധനമന്ത്രി തോമസ് ഐസക്ക്


uploads/news/2019/09/339550/issac.jpg


തിരുവനന്തപുരം: മാണി സി. കാപ്പന്റെ വിജയത്തോടെ കിഫ്ബി ഉള്‍പ്പെടെയുള്ള അഭിമാന പദ്ധതികള്‍ക്കെതിരെ മെനഞ്ഞ ദുരാരോപണങ്ങള്‍ ജനങ്ങള്‍ മുഖവിലയ്ക്ക് എടുത്തിട്ടില്ലെന്ന് വ്യക്തമായിരിക്കുകയാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്. തിരഞ്ഞെടുപ്പ് ചര്‍ച്ചയില്‍ നിന്ന് പാലാരിവട്ടം അഴിമതി മറയ്ക്കാന്‍ യു.ഡി.എഫിന്റെ ബുദ്ധിശാലകള്‍ തട്ടിക്കൂട്ടിയ ആരോപണങ്ങളെല്ലാം ജനം തള്ളിക്കളഞ്ഞിരിക്കുകയാണെന്നും മന്ത്രി ഐസക് പറഞ്ഞു.

ആരോപണങ്ങള്‍ അസംബന്ധമാണെന്ന എല്‍.ഡി.എഫിന്റെ വിശദീകരണമാണ് ജനങ്ങള്‍ സ്വീകരിച്ചത്. വികസന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജസ്വലമായി മുന്നോട്ട് കൊണ്ടുപോകാന്‍ സംസ്ഥാന സര്‍ക്കാരിന് ജനങ്ങള്‍ നല്‍കിയ ലൈസന്‍സാണ് പാലായിലെ അഭിമാനകരമായ വിജയം. പാലായിലെ 54 വര്‍ഷത്തെ യു.ഡി.എഫ് കുത്തകയാണ് അവസാനിച്ചതെന്നും തോമസ് ഐസക്ക് പറഞ്ഞു.

സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ സദ്ഭരണം, അഴിമതി വിരുദ്ധത പുത്തന്‍ മാതൃകകള്‍, ക്ഷേമപ്രവര്‍ത്തനത്തിലും ആശുപത്രികളിലും പള്ളിക്കൂടങ്ങളിലും വിരിഞ്ഞ സര്‍ക്കാരിന്റെ കരുതല്‍ എല്ലാം എണ്ണിപ്പറഞ്ഞ് നേരിട്ട തിരഞ്ഞെടുപ്പിലാണ് യു.ഡി.എഫിന്റെ കുത്തക അവസാനിപ്പിച്ചത്. തിരഞ്ഞെടുപ്പ് പ്രചരണത്തിന് എല്‍.ഡി.എഫ് വസ്തുതകളെയും യു.ഡി.എഫ് അപവാദങ്ങളെയുമാണ് ആശ്രയിച്ചതെന്നും ഐസക്ക് കൂട്ടിച്ചേര്‍ത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K