27 September, 2019 10:49:06 AM


മാണി തന്നെ മാണിക്യം: കോട്ടകള്‍ ഇളക്കി കാപ്പന്‍; ജോസ് കെ.മാണിയോടുള്ള വിരോധം തനിക്ക് അനുകൂലമായെന്ന് കാപ്പൻ



പാലാ: പാലാ ഉപതെരഞ്ഞെടുപ്പില്‍ വീണ്ടും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി  മാണി സി കാപ്പന്‍റെ  മുന്നേറ്റം. ലീഡ് 4296 ആയി. ഏഴാം ഘട്ടം വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വ്യക്തമായ ലീഡ് നിലനിര്‍ത്തുകയാണ് എല്‍ഡിഎഫ്. കേരളാ കോണ്‍ഗ്രസിന്‍റെയും കെ.എം.മാണിയുടെയും തട്ടകമായ പാലായില്‍ മുത്തോലി മാത്രമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിനോട് അല്‍പമെങ്കിലും കൂറ് പുലര്‍ത്തുന്നത്.  രാമപുരം, കടനാട്, മേലുകാവ്, മുന്നിലാവ്, തലനാട്, തലപ്പലം,  ഭരണങ്ങാനം പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് വ്യക്തമായ മേല്‍ക്കൈ നേടി. 


തന്റെ ഭൂരിപക്ഷം പതിനായിരം കടക്കുമെന്ന് മാണി സി.കാപ്പന്‍. ലീഡ് അയ്യായിരത്തോട് അടുക്കുകയാണ്. ജോസ്.കെ മാണിയോടുള്ള വിരോധം തനിക്ക് അനുകൂല വോട്ടായി മാറി. രാമപുരത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം തനിക്ക് അനുകൂലമായി. രാമപുരത്ത് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിന് ലഭിക്കേണ്ടതായിരുന്നു. അത് നേടിക്കൊടുക്കാന്‍ യു.ഡി.എഫിന് കഴിഞ്ഞില്ല. തെരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രമാണ് അവരെ ആശ്രയിക്കുന്നത്.


ഈ ട്രെന്‍ഡ് തുടര്‍ന്നാല്‍ ഭൂരിപക്ഷം പതിനായിരം കടക്കും. കൊഴുവനാല്‍, മുത്തോലി പഞ്ചായത്തുകളില്‍ മാത്രമായിരിക്കും തനിക്ക് ലീഡ് കുറയുക എന്നും മാണി സി.കാപ്പന്‍ പറഞ്ഞു. ബി.ജെ.പിയില്‍ നിന്ന് തനിക്ക് വോട്ട് ചോര്‍ന്ന് കിട്ടിയിട്ടില്ല. അതേസമയം, എസ്.എന്‍.ഡി.പിയില്‍ നിന്ന് കുറച്ച് വോട്ടുകള്‍ കിട്ടി. പി.സി ജോര്‍ജ് എന്‍.ഡി.എ പക്ഷത്താണെങ്കിലും അദ്ദേഹത്തിന്റെ ജനപക്ഷം പാര്‍ട്ടിയില്‍ നിന്ന് പ്രവര്‍ത്തകരുടെ വോട്ട് തനിക്ക് ലഭിച്ചുവെന്നും മാണി സി.കാപ്പന്‍ വ്യക്തമാക്കി.


ഇതിനകം രാമപുരംത്ത് 757 കടനാട് 850 എന്നിങ്ങനെയാണ് കാപ്പന്‍ ലീഡ് നേടിയത്. കഴിഞ്ഞ തവണ കെ.എം മാണി ഈ പഞ്ചായത്തുകളില്‍ ലീഡ് നേടിയിരുന്നു. മൂന്നിലവ്, മേലുകാവ്, തലനാട് പഞ്ചായത്തുകളിലും കാപ്പന് തന്നെയാണ് ലീഡ്. തലപ്പുലം പഞ്ചായത്തില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഭൂരിപക്ഷത്തില്‍ നേരിയ കുറവ് അനുഭവപ്പെട്ടുവെങ്കിലും അഞ്ചാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ 3299 വോട്ടുകളുടെ ലീഡ് നേടിക്കഴിഞ്ഞു. കഴിഞ്ഞ തവണ അഞ്ചാം റൗണ്ടില്‍ 911 വോട്ട് ആയിരുന്നു മാണി സി.കാപ്പന്റെ ലീഡ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K